| Saturday, 30th April 2022, 11:56 am

ചില സിനിമകള്‍ തൊടണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, പഴയകാലത്തെ ഇമോഷണല്‍, ഡ്രാമ സിനിമകളൊന്നും ഇപ്പോള്‍ ഓടില്ല: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- കെ. മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സി.ബി.ഐ 5 ദി ബ്രെയ്ന്‍ റിലീസിനൊരുങ്ങുകയാണ്. 1988 ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറികുറിപ്പിലൂടെ തുടങ്ങിയ പരമ്പര പുതിയ കാലത്തില്‍ എന്തൊക്കെ മാറ്റങ്ങളോടെയായിരിക്കും പുറത്തിറങ്ങുക എന്നതാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

എസ്.എന്‍ സ്വാമിയുടെ തിരക്കഥ തന്നെയായിരിക്കും ഇതില്‍ പ്രധാന പങ്കു വഹിക്കുക. കുറ്റാന്വേഷണ ചിത്രങ്ങള്‍ തന്നെയാണ് അദ്ദേഹം കൂടുതല്‍ എഴുതിയിരിക്കുന്നതും. താനെഴുതിയ സിനിമകളില്‍ ചിലത് വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് എസ്. എന്‍ സ്വാമി.

സിനിമയുടെ വിജയം മാത്രമല്ല ക്രിട്ടിസിസവും നെഗറ്റീവ് ഇംപാക്റ്റുകളും ബാധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഒരു സിനിമയുടെ വിജയം മാത്രമല്ല. അതിന് വന്ന ക്രിട്ടിസിസം, അതുണ്ടാക്കിയ നെഗറ്റീവ് ഇംപാക്റ്റ്, ഇതെല്ലാം നമ്മളെ ബാധിക്കും. നമ്മള്‍ അത്ഭുത ജീവികളൊന്നുമല്ലല്ലോ, സാധാരണക്കാരനല്ലേ. ഏത് സിനിമയാണെന്ന് അങ്ങനെ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. പല സിനിമകളും അത്തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അത് തൊടണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്,’ എസ്.എന്‍ സ്വാമി പറഞ്ഞു.

‘സിനിമ പഴയ കാലത്തില്‍ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. ഇമോഷണല്‍ സിനിമകള്‍ക്ക് ഒരു കാലഘട്ടത്തില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. ഇമോഷണല്‍ എന്ന് പറഞ്ഞാല്‍ കുടുംബ, സാമൂഹിക, രാഷ്ട്രീയ സിനിമകളൊക്കെ. വികാരപരമായി അന്നത്തെ സിനിമകള്‍ ജനങ്ങളെ സ്വാധീനിക്കുമായിരുന്നു. ആ കാലഘട്ടം മാറി.

ഇന്ന് ജനങ്ങള്‍ കുറച്ചുകൂടി ചിന്തിക്കുന്നുണ്ട്. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പഴയകാലത്തേത് പോലെ ഇമോഷണല്‍, ഡ്രാമ സിനിമകള്‍ എടുത്താല്‍ ഓടില്ല, ജനങ്ങള്‍ക്ക് അത് താല്‍പര്യമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് ഒന്നിനാണ് സി.ബി.ഐ സീരിസ് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: s.n swami says that he felt that some of the films he had written were not needed

We use cookies to give you the best possible experience. Learn more