മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ കള്‍ട്ടാണ് സി.ബി.ഐ സീരീസിലുള്ള ചിത്രങ്ങൾ. സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല.
പക്ഷെ ആ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടാണ് അഞ്ചാമത്തെ ഭാഗമായ ബ്രെയ്ന്‍ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. എസ്.എൻ സ്വാമി തിരക്കഥ ഒരുക്കി കെ.മധു സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.
ചിത്രത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് പറയുകയാണ് എസ്.എൻ. സ്വാമി. ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് പറയാൻ ശ്രമിച്ചതാണ് സിനിമക്ക് പറ്റിയ തെറ്റെന്നും സ്പൂൺ സ്പീഡിങ് പുതിയ പ്രേക്ഷകർക്ക് ആവശ്യമില്ലെന്ന് ചിത്രത്തിലൂടെ മനസിലായെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പരാജയത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് തന്റെ പുതിയ സിനിമ സീക്രട്ട് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു എസ്.എൻ സ്വാമി.
‘ഒരുപാട് കാര്യങ്ങൾ ഒരു സിനിമയിൽ പറയാൻ ശ്രമിച്ചതാണ് ഏറ്റവും വലിയ പിശക്. അതിന്റെ പ്രധാന ഉത്തരവാദി ഞാൻ തന്നെയാണ്. പുതിയ ചില ചിന്തകൾ ആ കഥയിൽ ഉണ്ടായിരുന്നു. എന്നാൽ, അത് പ്രേക്ഷകർക്ക് മനസ്സിലാകുമോ എന്നൊരു സംശയമുണ്ടായി.
അതുകൊണ്ട് കാര്യങ്ങൾ കൂടുതൽ വിശദീകരിക്കാൻ ശ്രമിച്ചു. എന്നാൽ, അത്തരം ‘സ്‌പൂൺ ഫീഡിങ്’ പരിപാടികൾ പുതിയ പ്രേക്ഷകർക്കാവശ്യമില്ല. അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ടാണ് സീക്രട്ട് ഒരുക്കിയിരിക്കുന്നത്,’എസ്.എൻ. സ്വാമി പറഞ്ഞു.
തന്റെ പുതിയ സിനിമയിലെ നായകനാവാൻ ഇപ്പോഴത്തെ മമ്മൂട്ടിക്കും മോഹൻലാലിനും കഴിയില്ലെന്നും ഇതിന് ഏറ്റവും യോജിച്ച താരം ധ്യാൻ ശ്രീനിവാസൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കഥയിലെ നായകനെ അവതരിപ്പിക്കാൻ മമ്മൂട്ടിക്കോ മോഹൻലാലിനോ ഇപ്പോഴത്തെ പ്രായത്തിൽ കഴിയില്ല. ചേരാത്ത കഥയുമായി അവരുടെ അടുത്തേക്ക് പോകുന്നയാളല്ല ഞാൻ. ഈ കഥയ്ക്ക് ഏറ്റവും യോജിച്ച നടൻ ധ്യാൻ ശ്രീനിവാസനാണെന്ന് തോന്നി,’ എസ്. എൻ സ്വാമി പറയുന്നു.
Content Highlight: S.N.Swami About The Failure Of CBI The Brain Movie