| Friday, 22nd November 2024, 8:50 am

ആ മോഹൻലാൽ ചിത്രത്തിന്റേത് കാലത്തിന് മുമ്പ് സഞ്ചരിച്ച് കണ്ടുപിടിച്ച കഥ: എസ്.എൻ. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു മൂന്നാംമുറ. കെ.മധു സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന് പുറമേ സുകുമാരൻ, രേവതി, സുരേഷ് ഗോപി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

എസ്. എൻ. സ്വാമി രചന നിർവഹിച്ച ചിത്രം ആ വർഷം ഏറ്റവും കളക്ഷൻ നേടിയ സിനിമയായിരുന്നു. മോഹൻലാലിന്റെ ആക്ഷൻ വേഷങ്ങളിൽ ഇന്നും ആരാധകരുള്ള കഥാപാത്രമാണ് അലി ഇമ്രാൻ.

മലയാള സിനിമയിലെ തിരക്കഥാകൃത്തുകളിൽ പ്രധാനിയായ എസ്.എൻ. സ്വാമിയാണ് മൂന്നാംമുറയുടെ കഥയെ കുറിച്ച് സംസാരിക്കുകയാണ്. 1988ല്‍ കാലത്തിന് മുമ്പ് സഞ്ചരിച്ച് കണ്ടുപിടിച്ച കഥയായിരുന്നു മൂന്നാംമുറയുടേത് എന്ന് പറയുകയാണ് എസ്.എന്‍. സ്വാമി. ലോകസിനിമയില്‍ തന്നെ അത്തരത്തിലുള്ള കഥ അധികമുണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിന് വേണ്ടി തന്നെ എഴുതിയ പടമായിരുന്നു അതെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു. ഇ.ടി.വി ഭാരത് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘അന്നത്തെ കാലഘട്ടത്തില്‍ കാലത്തിന് മുമ്പ് സഞ്ചരിച്ച് കണ്ടുപിടിച്ച കഥയായിരുന്നു മൂന്നാംമുറയുടേത്. ലോകസിനിമയില്‍ തന്നെ അത്തരത്തിലുള്ള കഥ അധികം ഉണ്ടായിട്ടില്ല. ഒരു വണ്‍മാന്‍ ആര്‍മി പോയി ഇത്രയും ആളുകളെ രക്ഷിക്കുകയെന്ന് പറയുന്നത് എളുപ്പമല്ല.

അങ്ങനെ ഒരു കഥ തോന്നാന്‍ പ്രത്യേകം റീസണ്‍ ഒന്നും തന്നെയില്ല. സിനിമ തുടങ്ങി അവസാനം വരെ ഒരു ത്രില്ലിങ് ആയ ഒന്ന് കിട്ടണമെന്നേ ഉണ്ടായിരുന്നുള്ളൂ. ലാലിന് വേണ്ടി തന്നെ എഴുതിയ പടമായിരുന്നു അത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാനിലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുറമെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.

Content Highlight: S.n.swami About Story Of Moonamura movie

We use cookies to give you the best possible experience. Learn more