| Thursday, 24th October 2024, 8:55 am

ആ മോഹൻലാൽ ചിത്രത്തിന്റെ ഒറിജിനൽ ക്ലൈമാക്സ്‌ കാണിച്ചിരുന്നുവെങ്കിൽ വലിയ പ്രശ്നമായേനെ: എസ്.എൻ.സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു മൂന്നാംമുറ.

കെ.മധു സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന് പുറമേ സുകുമാരൻ, രേവതി, സുരേഷ് ഗോപി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. എസ്. എൻ. സ്വാമി രചന നിർവഹിച്ച ചിത്രം ആ വർഷം ഏറ്റവും കളക്ഷൻ നേടിയ സിനിമയായിരുന്നു. മോഹൻലാലിന്റെ ആക്ഷൻ വേഷങ്ങളിൽ ഇന്നും ആരാധകരുള്ള കഥാപാത്രമാണ് അലി ഇമ്രാൻ.

ചിത്രത്തിന്റെ ഒറിജിനൽ ക്ലൈമാക്സ്‌ കാണിക്കാൻ സെൻസർ ബോർഡ് സമ്മതിച്ചില്ലായിരുന്നുവെന്ന് പറയുകയാണ് എസ്.എൻ.സ്വാമി. അതുണ്ടായിരുന്നെങ്കിൽ തിയേറ്ററിലൊക്കെ ചിലപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായേനെയെന്നും അലി ഇമ്രാൻ എന്ന കഥാപാത്രത്തിന് ഒരു ക്രെഡിറ്റും ഇല്ലാത്തതായിരുന്നു ആ ക്ലൈമാക്സെന്നും എസ്.എൻ സ്വാമി പറഞ്ഞു. മോഹൻലാലിന്റെ അമ്മ സിനിമയുടെ പ്രിവ്യൂ ഷോ കണ്ടിരുന്നുവെന്നും അദ്ദേഹം ഓൺലുക്കേർസ് മീഡിയയോട് പറഞ്ഞു.

‘മൂന്നാംമുറ ഒരു ചിന്തയിൽ നിന്നുണ്ടായ സിനിമയാണ്. അതിന്റെ ഒറിജിനൽ ക്ലൈമാക്സൊന്നും കിട്ടിയില്ല. സെൻസർ ബോർഡ് ആ ക്ലൈമാക്സിന് സമ്മതിച്ചില്ല. ആ ക്ലൈമാക്സ്‌ ഉണ്ടായിരുന്നെങ്കിൽ തിയേറ്ററിലൊക്കെ പ്രശ്നം വേറെയായേനെ.

ശരിക്കും മൂന്നാംമുറയുടെ ക്ലൈമാക്സ്‌, അവസാനം സുകുമാരന്റെ പൊലീസ് കഥാപാത്രം ക്രെഡിറ്റ്‌ എടുക്കുന്നതാണ്. അലി ഇമ്രാൻ എന്ന കഥാപാത്രത്തിന് അവസാനം ഒരു ക്രെഡിറ്റും ഉണ്ടാവില്ല. പത്രങ്ങളിലൊക്കെ സുകുമാരന്റെ ഫോട്ടോ വെക്കും.

ഈ ലോകത്ത് രണ്ടെണ്ണം ഒരിക്കലും നേരെയാവില്ല, ഒന്ന് പട്ടീടെ വാലും പിന്നെ പൊലീസുമെന്ന് പറഞ്ഞ് അലി ഇമ്രാന്റെ കഥാപാത്രം ഇറങ്ങി പോവുന്നതാണ് ശരിക്കുമുള്ള ക്ലൈമാക്സ്‌.

സാധാരണ ലാൽ സാറിന്റെ അമ്മ ഒരു സിനിമയും കാണാറില്ല. പക്ഷെ ഈ പടത്തിന്റെ പ്രിവ്യൂ കാണാൻ വന്നു. എന്നിട്ട് എന്നോട് പറഞ്ഞത്, ഒരു കാരണവശാലും ആ സീൻ വിട്ടുകൊടുക്കരുതെന്നായിരുന്നു. അവർ അങ്ങനെ പറയേണ്ട ആവശ്യമേ ഇല്ലായിരുന്നു. പക്ഷെ ആ ക്ലൈമാക്സ്‌ ഒഴിവാക്കേണ്ടി വന്നു,’എസ്.എൻ. സ്വാമി പറയുന്നു.

Content Highlight: S.n.swami About Moonnammura movie Climax Issues

We use cookies to give you the best possible experience. Learn more