മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, വിക്രം തുടങ്ങി വമ്പൻ താരനിര അണിനിരന്ന് മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ധ്രുവം. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്.എൻ സ്വാമിയായിരുന്നു.
മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, വിക്രം തുടങ്ങി വമ്പൻ താരനിര അണിനിരന്ന് മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ധ്രുവം. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്.എൻ സ്വാമിയായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് മാസ് കഥാപാത്രങ്ങൾ നൽകിയ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമി. അത്തരത്തിൽ ഒരു കഥാപാത്രം തന്നെയാണ് ധ്രുവത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാഡിയാർ.
എന്നാൽ ചിത്രത്തിന്റെ ആദ്യദിന ഷൂട്ടിൽ മമ്മൂട്ടിയുടെ ഗെറ്റപ്പ് കണ്ടപ്പോൾ മന്നാഡിയാറായി തോന്നിയില്ലെന്നും പിന്നീട് താൻ ലൊക്കേഷനിൽ ചെന്ന് അതിനെ കുറിച്ച് സംസാരിച്ചെന്നും എസ്.എൻ. സ്വാമി പറയുന്നു. അന്ന് മമ്മൂട്ടിയുടെ ഗെറ്റപ്പ് കണ്ടപ്പോൾ തനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ജോഷിക്കും മമ്മൂട്ടിക്കും അത് ശരിയായി തോന്നിയെന്നും എസ്.എൻ. സ്വാമി കൂട്ടിച്ചേർത്തു. ഓൺലൂക്കേർസ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ ചിത്രത്തിൽ മമ്മൂട്ടി ചന്ദനക്കുറിയൊക്കെ തൊട്ട് സാധാരണക്കാരനായാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അന്ന് ധ്രുവത്തിന്റെ ഫസ്റ്റ് ഡേ ലൊക്കേഷനിൽ വെച്ചുള്ള പൂജയ്ക്ക് എന്റെ ഒരു സുഹൃത്ത് പോയിരുന്നു.
അയാൾ മമ്മൂട്ടിയുടെ ഗെറ്റപ്പ് കണ്ടിട്ട് എന്നെ വിളിച്ചു. സ്വാമി ഇത് അപകടമാണല്ലോയെന്ന് അയാൾ പറഞ്ഞു. മമ്മൂട്ടിയെ കണ്ട് കഴിഞ്ഞാൽ മാരാരെ പോലെയാണ്, മന്നാഡിയരായി തോന്നുന്നില്ലെന്ന് അയാൾ പറഞ്ഞു.
തിരക്കഥയിൽ ആ കഥാപാത്രത്തിന് ഞാൻ കുറിയെന്ന് പറഞ്ഞ് എഴുതിവെച്ചിട്ടുണ്ട്. അവർ അതാണ് സിനിമയ്ക്ക് വേണ്ടി ഫോളോ ചെയ്തിട്ടുള്ളത്. എന്ത് കുറിയാണെന്ന് ഞാനും ചിന്തിച്ചില്ല, അവരും ചിന്തിച്ചില്ല.
ഞാൻ വരാം ഷൂട്ടിങ് ഒന്ന് ഹോൾഡ് ചെയ്യൂവെന്ന് ഞാൻ പറഞ്ഞു. ജോഷിയോടും ഞാൻ ഇപ്പോൾ എത്താം എന്നിട്ട് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ എത്തി മമ്മൂട്ടിയെ കണ്ടപ്പോൾ എനിക്ക് സഹിക്കുന്നില്ല. കാരണം ആ കഥാപാത്രം എന്റെ മനസിൽ മുഴുവനായുമുണ്ട്.
ഞാൻ ജോഷിയോട് പറഞ്ഞു, ഇതല്ല എന്റെ കഥാപാത്രമെന്ന്. ഇത് ശരിയാവില്ലെന്ന് എനിക്കും തോന്നിയെന്ന് ജോഷിയും പറഞ്ഞു. മമ്മൂട്ടിയും പറഞ്ഞു, എനിക്ക് അത് തോന്നിയിരുന്നുവെന്ന്. അങ്ങനെ ഏറ്റവും ഒടുവിലാണ് ഇപ്പോഴത്തെ മന്നാഡിയാർ എന്ന കഥാപാത്രം ഉണ്ടാവുന്നത്,’എസ്.എൻ. സ്വാമി പറയുന്നു.
Content Highlight: S.N. Swami About Mammooty’s Getup In Dhruvam Movie