മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍. സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജിക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.
അന്ന് ജീവിച്ചിരുന്ന രാധ വിനോദ് എന്ന സി.ബി.ഐ ഓഫീസറിൽ പ്രചോദനം ഉൾക്കൊണ്ടാണ് സേതുരാമയ്യർ എന്ന കഥാപാത്രം ചെയ്തതെന്ന ഒരു ധാരണ പണ്ടുണ്ടായിരുന്നുവെന്നും എന്നാൽ മമ്മൂട്ടിയുടെ ഐഡിയയിലാണ് അങ്ങനെയൊരു കഥാപാത്രം ഉണ്ടായതെന്നും എസ്.എൻ.സ്വാമി പറയുന്നു. അലി ഇമ്രാൻ എന്നായിരുന്നു ആദ്യം ആ കഥാപാത്രത്തിന് തീരുമാനിച്ച പേരെന്നും എന്നാൽ അതുവേണ്ടെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് അലി ഇമ്രാൻ എന്ന കഥാപാത്രമായി മോഹൻലാൽ മൂന്നാമുറ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എസ്.എൻ.സ്വാമി തന്നെയായിരുന്നു അതിന്റെയും രചന നിർവഹിച്ചത്.
‘രാധാ വിനോദിനെ സി.ബി.ഐ ഡയറിക്കുറിപ്പിൻ്റെ തിരക്കഥയെഴുതുമ്പോൾ എനിക്ക് പരിചയമേയില്ല. അദ്ദേഹത്തെയാണ് സേതുരാമയ്യർ എന്ന കഥാപാത്രത്തിന് മാതൃകയാക്കിയത് എന്നത് തെറ്റായ പ്രചരണമാണ്. അദ്ദേഹം മരിച്ചപ്പോൾ പത്രങ്ങളിലൊക്കെ അങ്ങനെ വരികയും ചെയ്‌തു. കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു.
പിന്നീടെപ്പോഴോ യാദൃശ്ചികമായി പരിചയപ്പെട്ടപ്പോൾ രാധാ വിനോദ് പറഞ്ഞാണ് അങ്ങനെ ഒരു ധാരണയുണ്ടെന്ന് മമ്മൂട്ടി അറിയുന്നത്. സത്യത്തിൽ മമ്മൂട്ടി തന്നെയാണ് ബുദ്ധിമാനായ കുറ്റാന്വേഷകകഥാപാത്രത്തെ സങ്കൽപ്പിച്ച് ഒരു പടം ചെയ്താലോയെന്ന നിർദേശം വെച്ചത്. ആദ്യം അലി ഇമ്രാൻ എന്നായിരുന്നു സി.ബി.ഐ ഓഫീസർക്കുവേണ്ടി ആലോചിച്ച പേര്. അതുവേണ്ട അയ്യരാവട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് സേതുരാമയ്യർ പിറക്കുന്നത്.
ഒരുപാട് പൊലീസ് കഥകൾ മലയാളസിനിമയിൽ ഇറങ്ങിയിരുന്ന കാലത്തായിരുന്നു അയ്യരുടെ വരവ്. നീണ്ട സംഭാഷണങ്ങളും സംഘട്ടന രംഗങ്ങളുമായിരുന്നു ഈ പൊലീസ് സിനിമകളിൽ അധികമുണ്ടായിരുന്നത്. ആ സമയത്താണ് സൗമ്യനായ, ആരോടും തല്ലിന് പോവാത്ത വ്യത്യസ്‌തനായ ഒരു കുറ്റാന്വേഷകനെ അവതരിപ്പിക്കുന്നത്.
സാധാരണ സിനിമകളിൽ പൊലീസുകാർ ചോദ്യം ചെയ്യുന്ന രീതി ആകെ മാറ്റി വ്യത്യസ്‌തമായ ശൈലി കൊണ്ടുവന്നതും അയ്യർ തന്നെ. കൈകൾ പിറകിൽ കെട്ടിയുള്ള നടത്തവും ശരീരഭാഷയുമെല്ലാം മമ്മൂട്ടി തന്നെ ഉണ്ടാക്കിയെടുത്തതാണ്,’എസ്.എൻ.സ്വാമി പറയുന്നു.
Content Highlight: S.N.Swami About Mammooty’s Character in Cbi Series