മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോഷി – എസ്.എൻ.സ്വാമി. മുപ്പത്തിയെട്ട് വർഷത്തോളമായി സിനിമാ രംഗത്ത് സജീവമായ എസ്.എൻ. സ്വാമി നാല്പതോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം എസ്.എൻ.സ്വാമിയും ജോഷിയും ഒന്നിച്ച ചിത്രമായിരുന്നു ലോക്പാൽ. മോഹൻലാൽ, കാവ്യ മാധവൻ, മീര നന്ദൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. ലോക്പാൽ ആദ്യമെടുക്കാൻ തീരുമാനിച്ചത് ഇങ്ങനെയല്ലായിരുന്നുവെന്നും അതിന്റെ അപ്രോച്ചിൽ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ടെന്നും എസ്.എൻ. സ്വാമി പറയുന്നു.
ഒരു സാധാരണക്കാരനായ നായകനെയായിരുന്നു താൻ എഴുതിയതെന്നും ചേരിയിലെ ഒരാളെയായിരുന്നു താൻ ഹീറോയാക്കിയതെന്നും എന്നാൽ ജോഷിക്ക് അതിനോട് താത്പര്യം ഇല്ലായിരുന്നുവെന്നും എസ്.എൻ. സ്വാമി പറയുന്നു. ആ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഗംഭീരമായി മാറേണ്ട ചിത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഓൺലൂക്കേർസ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോക്പാൽ എന്ന ചിത്രം ആദ്യം എടുക്കാൻ തീരുമാനിച്ചത് ഇങ്ങനെ അല്ലായിരുന്നു. അതിന്റെ അപ്രോച്ചിൽ ഒരുപാട് വ്യത്യാസമുണ്ടായിരുന്നു. ഇപ്പോൾ കാണുന്ന റിച്ച്നെസ് ഒന്നുമില്ലായിരുന്നു.
ഒരു സാധാരണക്കാരനായിരുന്നു അയാൾ. എന്നുപറഞ്ഞാൽ ഇവിടുത്തെ ചേരിയിലെ ഒരാളായിരുന്നു അയാൾ. പക്ഷെ ജോഷിക്ക് അതിനോട് താത്പര്യം ഇല്ലായിരുന്നു. അത് വേണ്ടടായെന്ന് ജോഷി പറഞ്ഞു. ജോഷി പിന്നീട് അത് സ്റ്റൈലാക്കിയതാണ്. എന്റെ മനസിലെ കഥാപാത്രം ഒരു സാധാരണ മനുഷ്യനായിരുന്നു. റോട്ടിലും മറൈൻ ഡ്രൈവിലുമൊക്കെ ഉണ്ടാവുന്ന സാധാരണ കച്ചവടക്കാരില്ലേ അവരെ പോലൊരാളായിരുന്നു എന്റെ മനസിലെ നായകൻ. ആളുകൾക്ക് ഒരു സംശയവും തോന്നാത്ത ഒരാളായിരുന്നു.
ഒരു കോമൺ മാനുമായുള്ള നല്ല ബന്ധം അതിനുണ്ടാവും. പിന്നെ അത് മാറ്റി. ഞാനും സമ്മതിച്ചിട്ട് തന്നെയാണ് മാറ്റിയത്. ജോഷിക്ക് എന്തോ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അങ്ങനെയാണ് ഇപ്പോഴുള്ള പോലെ സിനിമ മാറുന്നത്. അല്ലെങ്കിൽ അതിഗംഭീരമായ സിനിമയായി മാറിയേനെ,’എസ്.എൻ. സ്വാമി പറയുന്നു.
Content Highlight: S.N.Swami About Failure Of Lokpal Movie