കഴിഞ്ഞ ദിവസം വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ജയന്റ്‌സ് മത്സരത്തില്‍ ഒരിക്കല്‍ക്കൂടി പരാജയം രുചിക്കാനായിരുന്നു ആര്‍.സി.ബിയുടെ വിധി.
കളിച്ച മത്സരത്തില്‍ ഒന്നില്‍ പോലും ജയിക്കാതെ മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ് മന്ദാനയും സംഘവും.
മികച്ച ലോകോത്തര താരങ്ങളെ ടീമിലെത്തിച്ചിട്ടും ഒരു മത്സരം പോലും ജയിക്കാന്‍ സാധിക്കാതെ പോയ റോയല്‍ ചലഞ്ചേഴ്‌സിന് സോഷ്യല്‍ മീഡിയയില്‍ ട്രോളിന്റെയും വിമര്‍ശനങ്ങളുടെയും പൊങ്കാലയാണ്.
ട്രോളന്‍മാര്‍ ആര്‍.സി.ബിയെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ അതിനടയില്‍ നൈസായി രക്ഷപ്പെട്ട് പോകുന്ന മറ്റൊരു താരവുമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിന്റെ ഓപ്പണര്‍മാരില്‍ ഒരാളായ സബ്ബിനേനി മേഘനയാണ് ആ താരം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജയന്റ്‌സിനായി മേഘനയും സോഫിയ ഡന്‍ക്ലിയുമായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ സ്‌ട്രൈക്കിലുണ്ടായിരുന്നത് മേഘനയായിരുന്നു.
ഓസീസ് സൂപ്പര്‍ താരം മേഗന്‍ ഷട്ട് എറിഞ്ഞ ആദ്യ ഓവറില്‍ ഒറ്റ റണ്‍സ് പോലും എടുക്കാതെയാണ് മേഘന ക്രീസില്‍ നിന്നത്.
ആദ്യ പന്ത് ഷോര്‍ട്ട് കവറിലേക്ക് കളിച്ച മേഘന രണ്ടാം പന്ത് മിഡ് ഓണിലേക്ക് കളിച്ചു. മൂന്നാം പന്തും കവറിലേക്ക് കളിച്ച മേഘന നാലാം പന്തില്‍ ബീറ്റണായി. തുടര്‍ന്നുള്ള രണ്ട് പന്തിലും റണ്ണൊന്നുമെടുക്കാതെയാണ് ടി-20യില്‍ താരം ‘സെന്‍സിബിള്‍ ഇന്നിങ്‌സ്’ കളിക്കാന്‍ ശ്രമിച്ചത്.
അടുത്ത പന്തിലും റണ്ണെടുക്കാതിരുന്ന മേഘന, നേരിട്ട എട്ടാം പന്തിലാണ് അക്കൗണ്ട് തുറക്കുന്നത്. ഒടുവില്‍ 11 പന്ത് നേരിട്ട് എട്ട് റണ്‍സുമായാണ് മേഘന പുറത്തായത്.
ചെറിയ തോതിലെങ്കിലും മേഘനയുടെ പ്രകടനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ടി-20യിലും ഇത്തരത്തില്‍ സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച മേഘന കെ.എല്‍. രാഹുലിന്റെ പിന്‍മുറക്കാരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
മേഘന പുറത്തായതിന് പിന്നാലെയെത്തിയ ഹര്‍ലീന്‍ ഡിയോളും സോഫിയയും ചേര്‍ന്നാണ് ഗുജറാത്ത് ജയന്റ്‌സ് സ്‌കോറിങ്ങിന് അടിത്തറയിട്ടതും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായതും.
മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തിലും താരം പരാജയമായിരുന്നു. നാല് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയാണ് മേഘന പുറത്തായത്. യു.പി വാറിയേഴ്‌സിനെതിരായ മത്സരത്തില്‍ 15 പന്തില്‍ നിന്നും 24 റണ്ണടിച്ച് തരക്കേടില്ലാത്ത പ്രകടനം മേഘന കാഴ്ചവെച്ചിരുന്നു.
Content highlight: S Meghana’s poor innings against RCB