| Saturday, 14th May 2022, 7:30 pm

'സിനിമ അനൗണ്‍സ് ചെയ്തിട്ട് നാല് വര്‍ഷം'; കാളിയന്‍ വൈകാന്‍ കാരണങ്ങള്‍ ഇതാണ്: സംവിധായകന്‍ എസ്. മഹേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനാവുന്ന ‘കാളിയന്‍’ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാധ്യമപ്രവര്‍ത്തകനായ എസ്. മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാളിയന്‍ വൈകുന്നതിനെ കുറിച്ചും പൃഥ്വിരാജ് തന്നെയായിരുന്നു നായകനായി വിചാരിച്ചതെന്നും മഹേഷ് പറയകയാണ് മഹേഷ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുകയയിരുന്നു അദ്ദേഹം.

‘ഇതൊരു ചെറിയ ബഡ്ജറ്റില്‍ ചെയ്യാന്‍ പറ്റുന്ന സിനിമയല്ല. കഴിഞ്ഞ ഓക്ടോബറിലാണ് കാളിയന്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അതിന് മുമ്പ് പ്രീ പ്രൊഡക്ഷന്‍സ് നടക്കുന്നുണ്ടായിരുന്നു. ഒരു കാസ്റ്റിംഗ് കാള്‍ വിളിച്ചിട്ടുണ്ടായിരുന്നു.

ലൊക്കേഷന്‍ ഹണ്ട് കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയ്ക്കാണ് കൊവിഡ് വരുന്നത്. കൊവിഡ് വന്നതിന് ശേഷം എല്ലാ സിനിമകള്‍ക്കും ഒരു ദിശാബോധം ഇല്ലാതായി. അതുകൊണ്ട് തന്നെ കാളിയനും നിര്‍ത്തിവച്ചു.

രണ്ടാമത്തെ കാരണം ആടുജീവിതം എന്ന സിനിമയാണ്. ആ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജിന് ധാരാളം സമയം സ്‌പെന്‍ഡ് ചെയ്യേണ്ടതായി വന്നിരുന്നു. ഇപ്പോഴും അദ്ദേഹം ആടുജീവിതത്തിന്റെ ഷൂട്ടിലാണ്. ആടുജീവിതം ആയാലും കാളിയനായാലും ഫിസിക്കല്‍ ട്രാന്‍സ്‌ഫോമേഷന്‍ വേണ്ട ചിത്രങ്ങളാണ്. അതുകൊണ്ടാണ് ഇത്രയും കാലതാമസം വന്നത്,’ മഹേഷ് പറഞ്ഞു.

‘പൃഥ്വിരാജിനെ തന്നെയാണ് നായകനായി തീരുമാനിച്ചിരുന്നത്. സിനിമ അനൗണ്‍സ് ചെയ്തിട്ട് നാല് വര്‍ഷം ആയി. ഞാന്‍ കഥപറഞ്ഞ് കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. കഥയിലെ സാധ്യതകളെ കുറിച്ചൊക്കെ ഞങ്ങള്‍ ഒരുപാട് നാള്‍ ചര്‍ച്ച ചെയ്തിരുന്നു.

അതിന് ശേഷമാണ് കാളിയന്‍ അനൗണ്‍സ് ചെയ്തത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ഷൂട്ട് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആടുജീവിതം കഴിഞ്ഞിട്ട് കാപ്പ, വിലായത്ത് ബുദ്ധ എന്നീ രണ്ട് ചിത്രങ്ങളില്‍ കൂടി പൃഥ്വിരാജിന് അഭിനയിക്കേണ്ടതുണ്ട്. അതിന് ശേഷമാണ് കാളിയനിലേക്ക് എത്തുക. കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഇനിയും ക്ലാരിറ്റി വരേണ്ടതുണ്ട്. പ്രഖ്യാപനസമയത്ത് നടന്‍ സത്യരാജ് ഉണ്ടായിരുന്നു. അക്കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്,’ മഹേഷ് കൂട്ടിച്ചേര്‍ത്തു.

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സാണ് കാളിയന്‍ നിര്‍മിക്കുന്നത്. അനില്‍കുമാറാണ് തിരക്കഥ എഴുതിയത്. ശങ്കര്‍-എഹ്സാന്‍-ലോയ് എന്ന ട്രയോ ടീമാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.

‘ജന ഗണ മന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ഡിജോ ജോസ് ആന്റണിയായിരുന്നു സിനിമയുടെ സംവിധായകന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കൂടാതെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാവുന്ന ഗോള്‍ഡ്, ആടുജീവിതം, കടുവ തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

CONTENT HIGHLIGHTS: S Mahesh syas reasons delay of Kalyan’s Movie

We use cookies to give you the best possible experience. Learn more