| Friday, 5th October 2012, 10:29 am

സിഖ് ഗുരുദ്വാര വെടിവെപ്പ്: ഇരകളുടെ ബന്ധുക്കളെ എസ്.എം കൃഷ്ണ സന്ദര്‍ശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഓക് ക്രീക്കിലുള്ള സിഖ് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെയും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ സന്ദര്‍ശിച്ചു.

വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ് കോമ അവസ്ഥയില്‍ കഴിയുന്ന സിഖ് മതപുരോഹിതനെയും ഫ്രോഡ്‌ടെര്‍ട്ട് ആശുപത്രിയിലെത്തി കൃഷ്ണ സന്ദര്‍ശിച്ചു. []

ഈ വിധം അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടായി  നടപടി സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു. സിഖുകാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഭരണം കൂടം തയ്യാറാകണം.

അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും തക്കതായ ശിക്ഷ നടപ്പിലാക്കുകയും വേണം. ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റിലുണ്ടായ വെടിവെയ്പില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. 3 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മില്‍വാകീ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി സിഖ് വംശജരോട് കൃഷ്ണ ആശയവിനിമയം നടത്തുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദേഹം അമേരിക്കയിലെത്തിയത്. യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനുമായി നടത്തിയ ചര്‍ച്ചയില്‍ ഓക് ക്രീക്ക് ആക്രമണവും വിഷയമായെന്ന് അദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുന്‍ അമേരിക്കന്‍ സൈനികനും വംശവെറിയനുമായ വെയ്ഡ് മൈക്കിള്‍ പേജ് സിഖ് ഗുരുദ്വാരയില്‍ കടന്ന് വെടിവയ്പ്പ് നടത്തിയത്.

We use cookies to give you the best possible experience. Learn more