കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ആസിഫ് അലി സര്‍ദാരിക്ക് മറുപടിയുമായി കൃഷ്ണ
India
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ആസിഫ് അലി സര്‍ദാരിക്ക് മറുപടിയുമായി കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd October 2012, 8:36 am

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുടെ മറുപടി. സര്‍ദാരി യു.എന്‍ പൊതുസഭയില്‍ നടത്തിയ കാശ്മീര്‍ പരാമര്‍ശം അനവസരത്തിലായിപ്പോയെന്ന് എസ്.എം കൃഷ്ണ പറഞ്ഞു.[]

കശ്മീര്‍ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും ഇത് കാശ്മീര്‍ ജനത അംഗീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അവിഭാജ്യഭാഗമാണ് കാശ്മീര്‍. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലൂടെയാണ് കാശ്മീര്‍ ജനത വിധിയെഴുതുന്നത്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കാത്ത രാജ്യം ഇന്ത്യയല്ലെന്നും മറിച്ച് പാക്കിസ്ഥാനാണെന്നും കൃഷ്ണ പറരഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ പാളിച്ചയാണ് കശ്മീര്‍പ്രശ്‌നം തുടരുന്നതിന് കാരണമെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യ സംവിധാനം ഉറപ്പുവരുത്താന്‍ ഇന്ത്യയെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്യും. ലോകസമാധാനം ഉറപ്പുവരുത്താനാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. അതിനായി ഏത് വിഷയത്തിലും ചര്‍ച്ച നടത്താന്‍ രാജ്യം തയ്യാറാണെന്നും കൃഷ്ണ പ്രസംഗത്തില്‍ വ്യക്തമാക്കി.