| Saturday, 8th September 2012, 9:46 am

എസ്.എം കൃഷ്ണയുടെ പാക് സന്ദര്‍ശനം: പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫുമായി ചര്‍ച്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്‌ലാമാബാദിലെത്തി. മുംബൈ ഭീകരാക്രമണത്തിനുശേഷം സ്തംഭിച്ചുകിടക്കുന്ന സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൃഷ്ണയുടെ സന്ദര്‍ശനം. []

ഇന്നലെ രാത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫുമായി എസ്.എം കൃഷ്ണ ചര്‍ച്ച നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് പര്‍വേസ് അഷ്‌റഫ് കൃഷ്ണയോട് പറഞ്ഞു. 20 മിനിറ്റ് നീണ്ടുനിന്നചര്‍ച്ചയില്‍ പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറും പങ്കെടുത്തു.

വിസാചട്ടം ലഘൂകരിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഇന്നാണ് ഒപ്പുവെയ്ക്കുന്നത്.

പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറും കൃഷ്ണയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ച നടക്കും. വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ വെക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിനായി പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനിയും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയും ചര്‍ച്ച നടത്തി.

വിദേശ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. ഭീകരതക്കെതിരെ പാകിസ്ഥാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യതകയെക്കുറിച്ചുമായിരിക്കും ഇന്ത്യന്‍ സംഘം പ്രധാനമായും സംസാരിക്കുക.

We use cookies to give you the best possible experience. Learn more