കണ്ണൂര്‍: എസ്.എം.എ. രോഗബാധിതനായ കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന് സംഭാവനയായി ലഭിച്ചത് 46.78 കോടി രൂപ. പതിനെട്ട് കോടി രൂപയുടെ അത്യപൂര്‍വ്വ മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ കുടുംബം മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ചത്. 7,70,000 പേരാണ് സംഭാവന നല്‍കുന്നതില്‍ പങ്കാളിയായത്.
ആറ് ദിവസം കൊണ്ടാണ് 46.78 കോടി രൂപ തുക ലഭിച്ചത്. അഫ്രക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്ക് അപ്പുറമുള്ള തുക സമാനരോഗികള്‍ക്ക് നല്‍കുമെന്ന് സഹായ സമിതി അംഗം എം.വിജിന്‍ എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷമായിരിക്കും തുക വിനിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും ബന്ധുക്കള്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തയോട് കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തായിരുന്നു മുഹമ്മദിന്റെ ചികിത്സ ചെലവിനുള്ള പണം സ്വരൂപിച്ചരുന്നത്. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഫേസ്ബുക്കിലൂടേയും വാട്‌സാപ്പിലൂടേയും കുഞ്ഞുമുഹമ്മദിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കേരളത്തിന്റെ സഹായം വേണമെന്ന വാര്‍ത്ത പ്രചരിച്ചതോടെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 18 കോടി രൂപ ലഭിച്ചിരുന്നു.
ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളില്‍ ഒരാള്‍ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. മുഹമ്മദിന്റെ സഹോദരി അഫ്രക്കും സമാന രോഗം ബാധിച്ചിരുന്നു.
S.M.A. Patient Mohammed from Kannur Mattool gets Rs 46.78 crore as donation