കൊച്ചി: തന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ദീപാ നിശാന്ത് സത്യം വെളിപ്പെടുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് കവി എസ്. കലേഷ്. തന്നെ സംബന്ധിച്ച് നിയമനടപടികളിലേക്ക് നീങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും സ്വയം തെളിയിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കലേഷ് ന്യൂസ് 18നോട് പറഞ്ഞു.
ദീപ സത്യം തുറന്നു പറയുകയാണ് വേണ്ടത്. ഒരിക്കലും ഇക്കാര്യങ്ങള്‍ തുറന്നു പറയണമെന്ന് ആഗ്രഹിച്ച വ്യക്തിയല്ല ഞാന്‍. ഒരു ദിവസം കഴിഞ്ഞപ്പോള്‍ സ്വന്തം കവിതയാണെന്ന് അവര്‍ പറഞ്ഞപ്പോഴാണ് എനിക്ക് തുറന്നു പറയേണ്ടി വന്നത്. പ്രത്യേകിച്ച് ഒരു മലയാളം അധ്യാപികയാണ് ഇങ്ങനെ ചെയ്തിട്ട് വളരെ ലാഘവത്തോടെ സംസാരിച്ച് നിസ്സാരവത്ക്കരിക്കുന്നത്. മലയാള കവിതാ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അവര് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.
മനുഷ്യന്‍ മനുഷ്യനോട് മാപ്പ് പറയുന്നതിലൊന്നും എനിക്ക് യോജിപ്പില്ല. എന്റെ കവിതയാണന്നെങ്കിലും ദീപാ നിശാന്ത് പറയണം. മലയാളം അധ്യാപികയെന്ന നിലയ്ക്ക് മലയാളം ഭാഷയോട് പുലര്‍ത്തേണ്ട കടമയാണെന്ന് തിരിച്ചറിഞ്ഞ് അവരത് തിരുത്തണം. കലേഷ് പറഞ്ഞു.
കലേഷിന്റെ വാക്കുകള്‍
കവിത ദീപാ നിശാന്തിന്റേതായി വന്നപ്പോള്‍ വളരെ ഞെട്ടലുണ്ടാക്കി. രാഷ്ട്രീയപരമായി ഭിന്നാഭിപ്രായമുള്ള ആരെങ്കിലും ദീപാ നിശാന്തിനെതിരായി കവിത ഉപയോഗിച്ചതാകാമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ സ്വന്തം കവിതയാണെന്നുള്ള തരത്തിലുള്ള ദീപ നിശാന്തിന്റെ ഇന്നലെ വന്ന പ്രതികരണം എന്നെ വിഷമിപ്പിച്ചു.
എന്റെ ബ്ലോഗില്‍ 2011 മാര്‍ച്ച് നാലിന് ഞാന് പ്രസിദ്ധീകരിച്ച കവിതയാണിത്. അതിന് ശേഷം മാധ്യമത്തില്‍ വന്നു. പിന്നീട് സി.എസ് വെങ്കിടേശ്വരന്‍ എഴുതിയ വിവര്‍ത്തനം കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. അതിന് ശേഷം എഇആറില്‍ ഞാന്‍ കവിത വായിച്ചിട്ടുണ്ട്. 2016ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയ ശബ്ദമഹാ സമുദ്രം എന്ന എന്റെ കവിതാ പുസ്തകത്തില്‍ ഈ കവിത ഉള്‍പ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ നന്നായി വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കവിത എന്റേതാണെന്ന് തന്നെ വീണ്ടും സ്ഥാപിക്കേണ്ടി വരികയാണ് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം. അതൊരു കവിയെ സംബന്ധിച്ച് വലിയ വിഷമം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് ചെയ്ത ആള്‍ വളരെ കൂളായി ചിരിച്ചുകൊണ്ട് സ്വന്തം കവിതയാണെന്ന് പറയുകയാണ്.
ഒരു പുരുഷന്റെ വീക്ഷണത്തിലുള്ള കവിതയാണിത്. നരേറ്റര്‍ ഒരു പുരുഷനാണ്. നരേറ്ററെ സ്ത്രീയാക്കി മാറ്റുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്. ചില വരികള്‍ വെട്ടി മാറ്റിയിട്ടുണ്ട്. എങ്ങനെ ഇതൊക്കെ സഹിക്കാന്‍ പറ്റും.
ദീപ സത്യം തുറന്നു പറയുകയാണ് വേണ്ടത്. ഒരിക്കലും ഇക്കാര്യങ്ങള്‍ തുറന്നു പറയണമെന്ന് ആഗ്രഹിച്ച വ്യക്തിയല്ല ഞാന്‍. ഒരു ദിവസം കഴിഞ്ഞപ്പോള്‍ സ്വന്തം കവിതയാണെന്ന് അവര്‍ പറഞ്ഞപ്പോഴാണ് എനിക്ക് തുറന്നു പറയേണ്ടി വന്നത്. പ്രത്യേകിച്ച് ഒരു മലയാളം അധ്യാപികയാണ് ഇങ്ങനെ ചെയ്തിട്ട് വളരെ ലാഘവത്തോടെ സംസാരിച്ച് നിസ്സാരവത്ക്കരിക്കുന്നത്. മലയാള കവിതാ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അവര് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.
മനുഷ്യന്‍ മനുഷ്യനോട് മാപ്പ് പറയുന്നതിലൊന്നും എനിക്ക് യോജിപ്പില്ല. എന്റെ കവിതയാണന്നെങ്കിലും ദീപാ നിശാന്ത് പറയണം. മലയാളം അധ്യാപികയെന്ന നിലയ്ക്ക് മലയാളം ഭാഷയോട് പുലര്‍ത്തേണ്ട കടമയാണെന്ന് തിരിച്ചറിഞ്ഞ് അവരത് തിരുത്തണം.