കോഴിക്കോട്: ലീഗ് – സമസ്ത വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന് മറുപടിയുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി. എസ്.കെ.എസ്.എസ്.എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നതെന്ന് റശീദ് ഫൈസി ഫേസ്ബുക്കിലൂടെ പറഞ്ഞു.
‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ പത്രത്തിന് പി.എം.എ സലാം നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശത്തിനെതിരെയാണ് എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചത്.
എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ലെന്നായിരുന്നു സലാമിന്റെ പരാമര്‍ശം. സലാമിന് ‘അല്‍പ്പം കൂടുന്നുണ്ട്, പാകത്തിന് മതി’ എന്നും റശീദ് ഫൈസി സലാമിന് മുന്നറിയിപ്പ് നൽകുന്നു.
‘എസ്.കെ.എസ്.എസ്.എഫിന് ആദരണീയരായ സാദിഖലി ശിഹാബ് തങ്ങള്‍ പതിനാല് വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ശേഷം അബ്ബാസലി ശിഹാബ് തങ്ങള്‍ ഈ പ്രസ്ഥാനത്തെ നയിച്ചു. ഇപ്പോള്‍ ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്നു. മൂന്നു പേരും ഇപ്പോഴും ഞങ്ങള്‍ക്ക് നേതാക്കള്‍ തന്നെയാണ്.
എസ്.കെ.എസ്.എസ്.എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാര്‍ട്ടി സെക്രട്ടറി ആയാല്‍ മതി വഹാബി വക്താവാകേണ്ട,’ റശീദ് ഫൈസി വെള്ളായിക്കോട് പറഞ്ഞു.
അതേസമയം ലീഗ് – സമസ്ത തര്‍ക്കത്തില്‍ പരസ്യമായുള്ള പ്രതികരണങ്ങള്‍ വേണ്ടെന്നും, പി.എം.എ സലാമിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് മലപ്പുറത്ത് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ തീരുമാനമായി. രൂക്ഷ പ്രതികരണങ്ങള്‍ ഇരുഭാഗവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കും എന്ന വിലയിരുത്തലിലാണ് തീരുമാനം.
Content Highlight: S.K.S.S.F warned to P.M.A Salam