| Friday, 5th March 2021, 4:29 pm

അന്ന് ഇടത് വലത് സ്ഥാനാര്‍ത്ഥികളായി പരസ്പരം മത്സരിച്ചത് എസ്.കെ പൊറ്റെക്കാടും സുകുമാര്‍ അഴീക്കോടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ സാഹിത്യ മേഖലകളില്‍ നിന്നെല്ലാം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവര്‍ നിരവധിയുണ്ട് കേരളത്തില്‍. ഇതില്‍ മിക്കവരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുമാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പില്‍ കേരളത്തിലെ രണ്ട് സാഹിത്യ പ്രതിഭകള്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളായി പരസ്പരം മത്സരിച്ച അനുഭവവും കേരളത്തിനുണ്ട്.

1962ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലായിരുന്നു അത്. ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും, സഞ്ചാരസാഹിത്യകാരനും കവിയുമായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ. പൊറ്റെക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ എതിരാളിയായി വന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എഴുത്തുകാരനും വാഗ്മിയുമായ സുകുമാര്‍ അഴീക്കോട് ആയിരുന്നു. കെ.ടി.സുകുമാരന്‍ എന്ന പേരിലായിരുന്നു സുകുമാര്‍ അഴീക്കോട് മത്സരിച്ചത്. സാഹിത്യ രംഗത്തെ രണ്ട് പ്രതിഭകള്‍ പരസ്പരം ഇടത് വലത് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ആ തെരഞ്ഞെടുപ്പ് കേരളം ഏറെ കൗതുകത്തോടെയായിരുന്നു നോക്കിക്കണ്ടത്.

എസ്.കെ. പൊറ്റെക്കാട്

സുകുമാര്‍ അഴീക്കോടിന് അത് ആദ്യ തെരഞ്ഞെടുപ്പ് അനുഭവമായിരുന്നെങ്കില്‍ എസ്.കെ പൊറ്റക്കാടിന്റേത് രണ്ടാം അങ്കമായിരുന്നു. 1956 ലെ ഐക്യകേരള രൂപീകരണത്തിന് ശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 1957 ല്‍ തലശ്ശേരിയില്‍ നിന്നും ലോക്‌സഭയിലേക്ക് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് എസ്.കെ. പൊറ്റെക്കാട് ആയിരുന്നു. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.കെ ജിനചന്ദ്രനോട് അദ്ദേഹം 1,382 വോട്ടിന് പരാജയപ്പെട്ടു.

സുകുമാര്‍ അഴീക്കോട്

അഞ്ച് വര്‍ഷത്തിന് ശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ എസ്.കെ പൊറ്റെക്കാട് വീണ്ടും മത്സരത്തിന് തയ്യാറെടുത്തപ്പോഴാണ് സാഹിത്യ രംഗത്ത് നിന്നുള്ള ഒരാളെ തന്നെ രംഗത്തിറക്കാനുള്ള തീരുമാനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത്. വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ മണ്ഡലത്തില്‍ നടന്നിരുന്നു. സാഹിത്യരംഗത്ത് നിന്നുള്ള പ്രമുഖരില്‍ പലരും ഇരുവര്‍ക്കും പിന്തുണയുമായി പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ഫലം വന്നപ്പോള്‍ സുകുമാര്‍ അഴീക്കോടിനെ 64,950 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി എസ്.കെ പൊറ്റക്കാട് വിജയിച്ചു. എസ്.കെ പൊറ്റക്കാട് 216836 നേടിയപ്പോള്‍ 151886 വോട്ടാണ് സുകുമാര്‍ അഴീക്കോട് നേടിയത്.

Content Highlight: S.K. pottekkatt and Sukumar Azhikode  – Opposite Candidates in Election

We use cookies to give you the best possible experience. Learn more