ലണ്ടന്‍: യു.കെയിലെ ഖലിസ്ഥാന്‍ അനുകൂല തീവ്രവാദത്തെ കുറിച്ചുള്ള ഇന്ത്യയുടെ ദീര്‍ഘകാല ആശങ്കകള്‍ യു.കെ നേതാക്കളുമായുള്ള കൂടികാഴ്ചയില്‍ ഉന്നയിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുന്നതിനെതിരെ അവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഖലിസ്ഥാന്‍ അനുകൂല തീവ്രവാദവുമായി ബന്ധപ്പെട്ട് യു.കെയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും യു.കെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ ) ടിം ബാരോ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ജയശങ്കര്‍ ഉന്നയിച്ചു.
‘ഖലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ അക്രമാത്മക ശക്തികളെ കുറിച്ച് ഞങ്ങള്‍ക്ക് ദീര്‍ഘകാലമായി ആശങ്കകള്‍ ഉണ്ട്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ അവിഷ്‌കാര സ്വാതന്ത്രത്തിന്റെയും അഭിപ്രായ സ്വാന്ത്രത്തിന്റെയും പ്രാധാന്യം ഞങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കുന്നുണ്ടെങ്കിലും ഈ സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് യു.കെ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചില്‍ ഇന്ത്യ ഹൗസില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെ പരാമര്‍ശിച്ചുകൊണ്ട് സ്ഥിതിഗതികളുടെ ഗൗരവം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നയതന്ത്ര ദൗത്യങ്ങള്‍ക്ക് ബ്രിട്ടന്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും വക്താക്കള്‍ക്കെതിരെ ഉറച്ച നിലപാട് അവര്‍ സ്വീകരിക്കുമെന്നും അതിനെതിരായി അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രതീക്ഷിക്കുന്നതായി ജയശങ്കര്‍ പറഞ്ഞു.
ആഭ്യന്തര സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ രണ്ടു നേതാക്കളും അക്രമ തീവ്രവാദത്തെയും റാഡിക്കലിസത്തെയും ചെറുക്കുന്നതിന് അടുത്ത സഹകരണം ആവശ്യമാണെന്ന് പറഞ്ഞു. കൂടാതെ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലും ആഴത്തിലുള്ള ചര്‍ച്ച നടത്തുമെന്ന് തീരുമാനിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യ-യു.കെ സമഗ്ര നയതന്ത്രപരമായ പങ്കാളിത്തം, റോഡ് മാപ്പ് 2030 എന്നിവ ചര്‍ച്ചയായ കൂടികാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന് ധാരണയായെന്നും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു
CONTENT HIGHLIGHT : S Jaishankar Raises Concerns Over Khalistan Issue With UK Leaders