ന്യൂദല്‍ഹി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ പശ്ചാത്തലത്തില്‍, ഭീകരതക്കുമേല്‍ ഇന്ത്യയുടെ ആശങ്കകളെക്കുറിച്ച് ആദ്യമായി സംസാരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. തീവ്രവാദസംഘടനകളുടെ പേരെടുത്തു പറഞ്ഞായിരുന്നു പ്രതികരണം. അതേസമയം താലിബാന്റെ പേര് പറഞ്ഞ് വിമര്‍ശിക്കാന്‍ ജയശങ്കര്‍ തയ്യാറായില്ല.
തീവ്രവാദസംഘടനകള്‍ രാജ്യസുരക്ഷക്ക് മേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
‘ഇന്ത്യക്കെതിരെയായാലും അഫ്ഗാനിസ്ഥാന് എതിരായാലും ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണ്. ശിക്ഷിക്കപ്പെടാതിരിക്കുന്നത് അവര്‍ക്ക് വലിയ രീതിയില്‍ പ്രചോദനമാവുന്നുണ്ട്. ഹക്കാനി നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളും ഉയരുന്ന ആശങ്കക്ക് കാരണമാണ്,’ ജയശങ്കര്‍ പറഞ്ഞു.
‘അഫ്ഗാനില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആ രാജ്യത്തിന് മാത്രമല്ല ലോകത്തിനാകെ ഭീഷണിയാണ്.’ ഭീകരപ്രവര്‍ത്തനം ആഗോള സമാധാനത്തിനും സുരക്ഷക്കുമുയര്‍ത്തുന്ന ഭീഷണി എന്ന വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാനെ നേരിട്ട് കുറ്റപ്പെടുത്താതെയായിരുന്നു വിദേശകാര്യമന്ത്രിയുടെ മുഴുനീള സംസാരം.
‘കൊവിഡിനെ പോലെത്തന്നെയാണ് ഭീകരവാദവും. ലോകം മുഴുവന്‍ ഇതില്‍ നിന്നും മുക്തി നേടുന്നതു വരെ നമ്മളാരും സുരക്ഷിതരല്ല.’ ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ, അഫാഗാനിലെ താലിബാന്‍ നേതൃത്വത്തെ ഇന്ത്യ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് ‘ഇത് ആരംഭ ദിവസങ്ങള്‍ മാത്രമാണ്. ഈ സമയം കാബൂളിലെ സ്ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇതിനിടെ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളും തുടരുകയാണ്. ഏകദേശം 450 ഓളം ഇന്ത്യക്കാരാണ് ഇനി അഫ്ഗാനില്‍ ബാക്കിയുള്ളത്.
പലരും വിദേശകാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ എത്തിയ ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ജെ ബ്ലിങ്കനുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാനസര്‍വീസിന് ഇന്ത്യ അമേരിക്കയോട് അനുമതി തേടി. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഉണ്ടെങ്കില്‍ പോലും പുറത്തുള്ള ജനങ്ങളെ വിമാനത്താവളത്തിലെത്തിക്കുന്നത് ദുഷ്‌കരമാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.