Advertisement
Entertainment
രായന്‍ സിനിമയില്‍ ധനുഷിനെക്കാള്‍ അത്ഭുതപ്പെടുത്താന്‍ പോകുന്നത് ആ നടിയാണ്: എസ്.ജെ സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 04, 04:51 pm
Thursday, 4th July 2024, 10:21 pm

തമിഴ് സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് രായന്‍. ധനുഷിന്റെ അമ്പതാമത് ചിത്രമായ രായന്‍ സംവിധാനം ചെയ്യുന്നതും ധനുഷ് തന്നെയാണ്. താരത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണിത്. കാളിദാസ് ജയറാം, സന്ദീപ് കിഷന്‍, എസ്.ജെ സൂര്യ, സെല്‍വരാഘവന്‍, പ്രകാശ് രാജ്, അപര്‍ണ ബാലമുരളി, ദുഷാരാ വിജയന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് എസ്.ജെ സൂര്യ. ധനുഷിന്റെ സംവിധാനത്തില്‍ അഭിനയിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നെന്നും ധനുഷിന്റെ കമാന്‍ഡിങ് പവര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും എസ്.ജെ സൂര്യ പറഞ്ഞു. അത്രയും ആര്‍ട്ടിസ്റ്റുകളെ അഭിനയിപ്പിക്കുന്നതിനോടൊപ്പം ആ സിനിമയിലെ ലീഡ് റോള്‍ ചെയ്യുക എന്നത് വലിയ ടാസ്‌കാണെന്ന് തനിക്ക് അനുഭവമുണ്ടെന്നും താരം പറഞ്ഞു.

എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും മികച്ച പെര്‍ഫോമന്‍സ് രായനില്‍ കാണാന്‍ സാധിക്കുമെന്നും എല്ലാവരെയും ഞെട്ടിക്കാന്‍ പോകുന്നത് ദുഷാര വിജയന്റെ പെര്‍ഫോമന്‍സായിരിക്കുമെന്നും എസ്.ജെ സൂര്യ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘രായന്‍ സിനിമയുടെ ഷൂട്ടിങ് എനിക്ക് വല്ലാത്തൊരു എക്‌സ്പീരിയന്‍സായിരുന്നു. സെല്‍വരാഘവന്‍, പ്രകാശ് രാജ്, അപര്‍ണ ബാലമുരളി തുടങ്ങി മികച്ച ആര്‍ട്ടിസ്റ്റുകള്‍ ആ സിനിമയുടെ ഭാഗമാണ്. അത്രയും ആര്‍ട്ടിസ്റ്റുകളെ ധനുഷ് എങ്ങനെ മാനേജ് ചെയ്തു എന്ന് ആലോചിച്ച് അത്ഭുതപ്പെട്ടു പോയി. ധനുഷിന്റെ കമാന്‍ഡിങ് പവറാണ് എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം.

ഈ സിനിമയുടെ കഥയുടെ കാര്യം നോക്കിയാല്‍ എല്ലാ ആര്‍ട്ടിസ്റ്റുകളിലേക്കും കഥ പരന്നു കിടക്കുകയാണ്. ഇങ്ങനെയൊരു കഥ ഈയടുത്ത് കണ്ടിട്ടില്ല. എല്ലാവരുടെയും മികച്ച പെര്‍ഫോമന്‍സ് ഈ സിനിമയില്‍ കാണാന്‍ പറ്റും. അതില്‍ തന്നെ എല്ലാവരെയും ഞെട്ടിക്കാന്‍ പോകുന്നത് ദുഷാരാ വിജയന്റെ പെര്‍ഫോമന്‍സായിരിക്കും. അത്ര ഗംഭീരമായാണ് അവര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്,’ എസ്.ജെ. സൂര്യ പറഞ്ഞു.

Content Highlight: S J Surya about Raayan movie and Dushara Vijayan