| Monday, 22nd July 2024, 9:09 am

ധനുഷ് ഇനി സംവിധാനം ചെയ്യാന്‍ പോകുന്നത് പ്രേമലു പോലെ ഒരു റോം കോം സിനിമയാണ്: എസ്.ജെ സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് എസ്.ജെ സൂര്യ. ഇടക്ക് കരിയറില്‍ ബ്രേക്ക് എടുക്കേണ്ടി വന്നെങ്കിലും കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഇരൈവിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. മാനാട്, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പെര്‍ഫോമന്‍സ് എല്ലാവരും ആസ്വദിച്ചിരുന്നു. ധനുഷ് സംവിധാനം ചെയ്യുന്ന രായനാണ് എസ്.ജെ സൂര്യയുടെ പുതിയ ചിത്രം.

രായന്‍ പോലൊരു റോ ആയിട്ടുള്ള സിനിമക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്നത് നിലവുക്ക് എന്മേല്‍ എന്നടീ കോപം എന്ന സിനിമയാണെന്ന് എസ്. ജെ. സൂര്യ പറഞ്ഞു. ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞെന്നും ഉടനെ റിലീസ് ഉണ്ടാകുമെന്നും താരം പറഞ്ഞു. സംവിധാനം ചെയ്ത മൂന്ന് സിനിമകളും മൂന്ന് ഴോണറിലുള്ളതാണെന്നും ധനുഷ് എന്ന സംവിധായകന്‍ തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും എസ്.ജെ സൂര്യ കൂട്ടിച്ചേര്‍ത്തു. രായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ധനുഷ് ആദ്യം സംവിധാനം ചെയ്ത സിനിമ ഫീല്‍ഗുഡ് ഴോണറിലുള്ളതായിരുന്നു. രണ്ടാമത്തെ സിനിമ പക്കാ റോ ആയിട്ടുള്ള ഒന്നാണ്. രണ്ട് സിനിമയും തമ്മില്‍ ഒരു ബന്ധവുമില്ല. രായന്‍ റിലീസാകുന്നതിന് മുമ്പ് തന്നെ അടുത്ത സിനിമ പുള്ളി ഡയറക്ട് ചെയ്തുകഴിഞ്ഞു. പ്രേമലു പോലെ റോം കോം ഴോണറില്‍ പെടുത്താന്‍ പറ്റുന്ന സിനിമയാണ് നിലവുക്ക് എന്മേല്‍ എന്നടീ കോപം.

അടുത്ത സിനിമയുടെ സ്‌ക്രിപ്റ്റും പുള്ളി എഴുതിക്കഴിഞ്ഞെന്ന് എന്നോട് പറഞ്ഞു. പുള്ളി തന്നെയാണ് ആ സിനിമയിലെ നായകന്‍. ഡയറക്ഷനും ആക്ടിങ്ങും ഒരുമിച്ച് കൊണ്ടുപോകുന്നത് സ്വല്പം പാടാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അതിലും ഒരു ത്രില്ലുണ്ട്. അത് ധനുഷിന് വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. അല്ലാതെ ഇങ്ങനെ ചെയ്യില്ല,’ എസ്.ജെ സൂര്യ പറഞ്ഞു.

ധനുഷിന്റെ കരിയറിലെ 50ാമത്തെ ചിത്രമാണ് രായന്‍. ധനുഷിനെക്കൂടാതെ കാളിദാസ് ജയറാം, സന്ദീപ് കിഷന്‍, അപര്‍ണ ബാലമുരളി, ദുഷാരാ വിജയന്‍, സെല്‍വരാഘവന്‍, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിര തന്നെ രായനില്‍ അണിനിരക്കുന്നുണ്ട്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: S J Surya about about Dhanush’s next directorial

We use cookies to give you the best possible experience. Learn more