| Wednesday, 24th July 2024, 9:41 am

സെറ്റിടാന്‍ വേണ്ടി മാത്രം 30 കോടിയോളം ചെലവായ സിനിമയാണ് രായന്‍: എസ്.ജെ സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് രായന്‍. ധനുഷിന്റെ അമ്പതാമത് ചിത്രം എന്നതിനെക്കാള്‍ താരം വീണ്ടും സംവിധായക കുപ്പായമണിയുന്ന സിനിമ എന്ന നിലയിലാണ് ആരാധകര്‍ രായന് വേണ്ടി കാത്തിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് രായനില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

തമിഴിലെ തന്നെ മറ്റൊരു ഓള്‍ റൗണ്ടറായ എസ്.ജെ സൂര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ധനുഷും എസ്.ജെ. സൂര്യയും ഒന്നിക്കുന്നത്. ധനുഷിന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് എസ്.ജെ സൂര്യ. ഈയടുത്ത് താന്‍ അഭിനയിച്ചതില്‍ ചെലവേറിയ സിനിമകളിലൊന്നാണ് രായനെന്ന് എസ്.ജെ സൂര്യ പറഞ്ഞു.

ചിത്രത്തില്‍ കാണിക്കുന്ന രായപുരം സെറ്റിട്ടതാണെന്നും അതിന് മാത്രം 30 കോടിയോളം ചെലവായെന്നും എസ്.ജെ. സൂര്യ പറഞ്ഞു. സിനിമയില്‍ കാണിക്കുന്ന ഓരോ വീടും സെറ്റിട്ടതാണെന്നും പെട്ടെന്ന് കാണുമ്പോള്‍ അത് മനസിലാകില്ലെന്നും താരം പറഞ്ഞു. ഓരോ ചെറിയ ഡീറ്റെയിലിങ്ങും വളരെ ശ്രദ്ധാപൂര്‍വമാണ് ധനുഷ് ചെയ്തിട്ടുള്ളതെന്നും അത് കണ്ട് താന്‍ അത്ഭുതപ്പെട്ട് പോയെന്നും എസ്.ജെ.സൂര്യ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഈയടുത്ത് ഞാന്‍ ചെയ്തതില്‍ ഏറ്റവും ചെലവ് കൂടിയ സിനിമകളിലൊന്നാണ് രായന്‍. ചുമ്മാ ബജറ്റ് കാണിക്കാന്‍ വേണ്ടി ഒന്നും ആ സിനിമയില്‍ ചെയ്തിട്ടില്ല. ആ സിനിമയില്‍ കാണിച്ചിരിക്കുന്ന രായപുരം മുഴുവന്‍ സെറ്റിട്ടതാണ്. ഗ്രാമവും വീടും എല്ലാം സിനിമക്ക് വേണ്ടി ഉണ്ടാക്കിയതാണ്. അത്ര വലിയ സെറ്റിട്ടതല്ലേ, എല്ലാം വിശദീകരിച്ച് കാണിക്കാമെന്ന് ധനുഷ് ഒരിക്കലും വിചാരിച്ചിട്ടില്ല.

ആര്‍ട്ട് ഡയറക്ടറുടെ കൂടെ ചെന്ന് ഓരോ വീടും എങ്ങനെ ഡിസൈന്‍ ചെയ്യണമെന്ന് ധനുഷ് പറഞ്ഞ് ചെയ്യിച്ചിട്ടുണ്ട്. അതിന്റെ എല്ലാം ആ സിനിമ കാണുമ്പോള്‍ മനസിലാകും. ഇത്ര വലിയ സിനിമ സംവിധാനം ചെയ്യുന്നതിന്റെ കൂടെ എങ്ങനെ അഭിനയിക്കുന്നു എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ധനുഷ് എന്ന ആക്ടറും ഡയറക്ടറും ഒരുപോലെ പെര്‍ഫോം ചെയ്യാന്‍ പോകുന്ന സിനിമ തന്നെയായിരിക്കും രായന്‍,’ എസ്.ജെ സൂര്യ പറഞ്ഞു.

Content Highlight: S J Surya about art work of Raayan movie

We use cookies to give you the best possible experience. Learn more