|

രാജാവിനെ പോലും വീഴ്ത്താന്‍ കഴിവുള്ള ശക്തമായ കരു; പുതിയ ചിത്രം തേരിന്റെ വിശേഷങ്ങളുമായി എസ്.ജെ.സിനു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജിബൂട്ടിയ്ക്ക് ശേഷം അമിത് ചക്കാലക്കലിനെ നായകനാക്കി ചിത്രീകരിച്ച പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കു വെക്കുകയാണ് എസ്.ജെ. സിനു. തേര് എന്ന പേരിട്ടിരിക്കുന്ന ചിത്രം കോമഡിയും ത്രില്ലറും ഒന്നിച്ചു ചേരുന്നതാണെന്നാണ് സംവിധായകന്‍ പറയുന്നത്. ഇ.ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സിനു മനസ് തുറക്കുന്നത്.

താനെപ്പോഴും പൊലീസ് കഥകള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഉപ്പും മുളകിനും പിന്നില്‍ പ്രവര്‍ത്തിച്ച പരിചയം മാത്രമാണുള്ളതെന്നും സിനു പറയുന്നു. അതു കൊണ്ട് കോമഡിയും പൊലീസ് കഥകള്‍ക്കാവശ്യമായ ആക്ഷനും ഒന്നിച്ച് ഈ സിനിമയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയാണെന്നും സിനു കൂട്ടിച്ചേര്‍ത്തു.

‘കുടുംബ കഥയില്‍ നിന്നും തുടങ്ങി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോവുന്നത്. കുറച്ച് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അന്വേഷണമാണ് പിന്നീട്. അതു കൊണ്ടുതന്നെ ഇതില്‍ ഒരു ഫീമെയില്‍ ലീഡിന് സാധ്യതയില്ലായിരുന്നു. കഥാപാത്രങ്ങള്‍ അധികവും പുരുഷന്മാരാണ്,’ സംവിധായകന്‍ പറയുന്നു.

‘ദി വണ്‍ ഇന്‍ ദി കോര്‍ണര്‍’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ചെസ് ബോര്‍ഡിലെ തേരിനെ ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു ടാഗ് ലൈന്‍ നല്‍കിയതന്നാണ് സംവിധായകന്‍ പറയുന്നത്. രാജാവിനെ പോലും വീഴ്ത്താന്‍ കഴിവുള്ള ശക്തമായ കരുവാണ് തേരെന്നും അതുകൊണ്ടാണ് ചിത്രത്തിന് ഈ പേര് നല്‍കിയതെന്നും സിനു പറയുന്നു.

അമിത് ചക്കാലക്കല്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ മുന്‍പ് തന്നെ പുറത്തു വന്നിട്ടുണ്ടായിരുന്നു. ദിനില്‍ പി.കെ. ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

സിനുവിന്റെ ആദ്യ ചിത്രം ജിബൂട്ടി ഇനിയും പുറത്തിറങ്ങിയിട്ടില്ല. ചിത്രം ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സാണെന്നും തിയേറ്ററുകള്‍ തുറക്കാത്തതിനാലാണ് റിലീസ് വൈകുന്നതുമെന്നാണ് സംവിധായകന്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: S J Sinu about the new Movie Theru

Latest Stories