ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെ.ഡി.എസ് പാർട്ടി നേതാവ് പ്രജ്വൽ രേവണ്ണയുടെ പിതാവ് എച്ച്.ഡി രേവണ്ണക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് (എസ്.ഐ.ടി ) സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം.
ലൈംഗികാതിക്രമത്തിൽ പ്രജ്വൽ രേവണ്ണക്കെതിരെ പരാതി നൽകിയ യുവതിയെ തട്ടിക്കൊണ്ട് പോയതാണ് എച്ച്.ഡി രേവണ്ണക്കെതിരെ ചുമത്തപ്പെട്ട കുറ്റം.
ബെംഗളൂരുവിലെ പ്രത്യേക എം.പി/ എം.എൽ.എ കോടതിയാണ് എച്ച്.ഡി രേവണ്ണക്ക് ജാമ്യം അനുവദിച്ചത്.
രണ്ട് ആൾജാമ്യത്തോടൊപ്പം അഞ്ച് ലക്ഷം രൂപക്ക് വ്യക്തിഗത ബോണ്ട് നൽകുകയും അന്വേഷണ സംഘത്തോട് പൂർണമായും സഹകരിക്കാമെന്ന ഉറപ്പിന്മേലുമാണ് എച്ച് .ഡി. രേവണ്ണക്ക് ജാമ്യം അനുവദിച്ചത്. പ്രത്യേക കോടതി ജഡ്ജി ജെ.പ്രീത് ആണ് ജാമ്യം അനുവദിച്ചത്.
തനിക്കെതിരായ രണ്ട് കേസുകളും അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞുകൊണ്ട് എച്ച്.ഡി രേവണ്ണ കർണാടക ഹൈക്കോടതിയിൽ രണ്ട് ജാമ്യാപേക്ഷ സമർപ്പിച്ചുട്ടുണ്ട്. എന്നാൽ അത് കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.
പ്രജ്വൽ രേവണ്ണ ലൈംഗികമായി ഉപദ്രവിക്കുന്ന 2900 ൽ അധികം സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രജ്വലിനെതിരെ കേസ് എടുത്തത്. തുടർന്ന് തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു.
പ്രജ്വലിനെതിരെ ആദ്യമായി പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയി എന്ന കുറ്റമാണ് അദ്ദേഹത്തിന്റെ പിതാവായ എച്ച്.ഡി രേവണ്ണക്ക് എതിരേയുള്ളത്.
ഏപ്രിൽ 28നാണ് പ്രജ്വലിനെതിരെ ആദ്യമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. സെക്ഷൻ 354 എ ,354 ഡി, 506 , 509 തുടങ്ങിയ സെക്ഷനുകൾ പ്രകാരമാണ് പ്രജ്വലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ഹോളനിരസിപൂരിലെ പോലീസ് സ്റ്റേഷനിലാണ് ആദ്യമായി കേസ് എടുത്തത്.
Content Highlight: S.I.T moves high court to cancel H.D Revanna’s bail