Film News
എന്തുകൊണ്ട് അത് സിനിമയാക്കിക്കൂടെന്ന് റസൂല്‍ പൂക്കുട്ടി ചോദിച്ചു: എസ്. ഹരിഹരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 29, 01:35 pm
Sunday, 29th October 2023, 7:05 pm

ഓസ്‌കാര്‍ മലയാളി മണ്ണിലെത്തിച്ച സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമാണ് റസൂല്‍ പൂക്കുട്ടി. കാലങ്ങളായി ശബ്ദ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന റസൂല്‍ പൂക്കുട്ടി ‘ഒറ്റ’ എന്ന സിനിമയിലൂടെ ആദ്യമായി സംവിധായകനായി മാറിയിരുന്നു. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ടോക്‌സിക് പേരന്റിങ്ങിന്റെ ഫലമായി വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന മാറ്റങ്ങളെയാണ് സിനിമയിലൂടെ പറയുന്നത്.

എസ്. ഹരിഹരന്‍ എന്ന പാലക്കാട്ടുകാരന്റെ അനുഭവങ്ങളാണ് ഒറ്റ സിനിമയിലൂടെ റസൂല്‍ പൂക്കുട്ടി പറയുന്നത്. സ്വന്തം വീട്ടില്‍ നിന്നും ഹരിഹരന്‍ മൂന്നു തവണയാണ് ഒളിച്ചോടിയിട്ടുള്ളത്. അന്ന് അദ്ദേഹം അനുഭവിച്ച കാര്യങ്ങളാണ് വീട് വിട്ടിറങ്ങുന്ന കുട്ടികളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന ചില്‍ഡ്രന്‍ റീയുണൈറ്റഡ് എന്ന ഫൗണ്ടേഷന് രൂപം നല്‍കാന്‍ ഹരിഹരനെ പ്രേരിപ്പിച്ചത്. തന്റെ ജീവിതം റസൂല്‍ പൂക്കുട്ടി സിനിമയാക്കിയതിനെ പറ്റി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഹരിഹരന്‍.

‘കോവിഡ് സമയത്താണ് റസൂലിന്റെ സഹോദരന്‍ ഒരിക്കല്‍ മുംബൈക്ക് വരുന്നത്. എങ്ങനെയാണ് ഞങ്ങളുടെ ഓര്‍ഗനൈസേഷന്‍ കുട്ടികളെ രക്ഷിക്കുന്നതെന്നതായിരുന്നു ആള്‍ക്ക് കാണേണ്ടിയിരുന്നത്. റസൂലുമായി ഒരു മീറ്റിങ്ങ് നടത്താന്‍ അദ്ദേഹം തന്നെയാണ് പറയുന്നത്.

അങ്ങനെ റസൂലിനെ കണ്ടു. ‘ഹരീ, ഇത് വളരെ വൈകാരികമായ സംഭവമാണ്. എന്തുകൊണ്ട് സിനിമ ആക്കിക്കൂടാ,’ എന്ന് ചോദിക്കുന്നത് റസൂലാണ്. ഞങ്ങളുടെ റസ്‌ക്യൂ ഓപ്പറേഷന്‍ എങ്ങനെയാണെന്നൊക്കെ റസൂല്‍ അന്ന് കണ്ടു. ഇതിന് ഒരു ഓള്‍ ഇന്ത്യ ലെവല്‍ അറ്റന്‍ഷന്‍ വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് ‘ഒറ്റ’യുടെ തുടക്കം സംഭവിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലെ 80 ശതമാനത്തോളം കാര്യങ്ങള്‍ ആ സിനിമയിലുണ്ട്.

വീട് വിട്ടിറങ്ങുന്ന കുട്ടികളെ തിരിച്ചേല്‍പ്പിക്കുന്നത് വലിയ ചടങ്ങായിട്ടാണ് നടത്താറുള്ളത്. മന്ത്രിമാരും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന വളരെ വൈകാരികമായ ചടങ്ങാണത്. അതുപോലൊരു ചടങ്ങില്‍ റസൂലിനെ ഞാന്‍ ക്ഷണിച്ചിരുന്നു. ഒരു കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കാന്‍ ഞാന്‍ നിയോഗിച്ചത് റസൂലിനെയാണ്. റസൂലിനും അത് വൈകാരിക മുഹൂര്‍ത്തമായിരുന്നു.

പക്ഷേ, അങ്ങനെയല്ലാത്ത കേസുകളും ഉണ്ടാകാറുണ്ട്. ഒരു കേസില്‍ ഞാന്‍ നേരിട്ട് പോയി കുട്ടിയെ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. അവന്റെ വീടിനോടടുത്തതും ഈ കുട്ടി ഭയപ്പെട്ട് തുടങ്ങി. മുറ്റത്ത് ഒരു സ്ത്രീ നില്‍ക്കുന്നുണ്ടായിരുന്നു. അവരെ കണ്ടതും ഇവന്‍ എന്റെ പിറകില്‍ ഒളിച്ചു. അതവന്റെ രണ്ടാനമ്മയാണെന്ന് ഉറപ്പായിരുന്നു. പക്ഷേ, നമ്മളവനെ തിരിച്ചേല്‍പ്പിച്ചു. ആ പയ്യന്‍ അവിടുന്ന് വീണ്ടും ഓടിപ്പോയി. ഇന്നും അവനെ ഞങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. ആ കുറ്റബോധം എനിക്കിപ്പോഴും മാറിയിട്ടുമില്ല.

‘ഒറ്റ’ ഒരുപാട് കുട്ടികളുടെ ജീവിതം മാറ്റാനുള്ള കാരണമാവട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍, അവരെ സ്‌നേഹിക്കാന്‍ അച്ഛനമ്മമാര്‍ക്ക് സാധിക്കട്ടേ എന്നേയുള്ളൂ. കുട്ടികള്‍ക്ക് വേണ്ടത് സ്‌നേഹവും പരിഗണനയുമാണ്,’ എസ്. ഹരിഹരന്‍ പറഞ്ഞു.

Content Highlight: S Hariharan Talks About Resul Pookutty And Otta Movie