അന്ന് സ്‌നേഹത്തില്‍ പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വീടുവിട്ടിറങ്ങില്ലായിരുന്നു: എസ്. ഹരിഹരന്‍
Film News
അന്ന് സ്‌നേഹത്തില്‍ പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വീടുവിട്ടിറങ്ങില്ലായിരുന്നു: എസ്. ഹരിഹരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th October 2023, 6:45 pm

റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘ഒറ്റ’. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. ടോക്‌സിക് പേരന്റിങ്ങിന്റെ ഫലമായി വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന മാറ്റങ്ങളെയാണ് സിനിമയിലൂടെ പറയുന്നത്.

എസ്. ഹരിഹരന്‍ എന്ന പാലക്കാട്ടുകാരന്റെ അനുഭവങ്ങളാണ് ഒറ്റ സിനിമയിലൂടെ റസൂല്‍ പൂക്കുട്ടി പറയുന്നത്. മൂന്ന് തവണയാണ് സ്വന്തം വീട്ടില്‍ നിന്നും ഹരിഹരന്‍ ഒളിച്ചോടിയിട്ടുള്ളത്. എന്നാല്‍ അയാളുടെ ജീവിതം മാറ്റി മറിച്ചത് പതിനേഴാം വയസിലെ മൂന്നാമത്തെ ഒളിച്ചോട്ടമായിരുന്നു. ഇതിനെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഹരിഹരന്‍.

അന്ന് താന്‍ അനുഭവിച്ച കാര്യങ്ങളാണ് വീട് വിട്ടിറങ്ങുന്ന കുട്ടികളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന ചില്‍ഡ്രന്‍ റീയുണൈറ്റഡ് എന്ന ഫൗണ്ടേഷന് രൂപം നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. ഫൗണ്ടേഷന്റെ ഭാഗമായി കുട്ടികളെ മുംബൈ തെരുവുകളില്‍നിന്ന് കണ്ടെത്തി വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കുന്നതിനെ പറ്റിയും അദ്ദേഹം പറയുന്നു.

‘എന്റെ ആദ്യത്തെ ഒളിച്ചോട്ടം നന്നേ ചെറുപ്പത്തിലായിരുന്നു. രണ്ടാമത്തേത് ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് സംഭവിക്കുന്നത്. പതിനാലാം വയസില്‍ പത്ത് പാസാവുമെന്ന് തോന്നിയില്ല. സുഹൃത്തുക്കളെ പിന്നീട് കാണുമോ എന്നുമറിയില്ലായിരുന്നു. അങ്ങനെയുള്ള തോന്നലില്‍ ചെറുതായി മദ്യപാനവും പുകവലിയും തുടങ്ങി.

അത് വീട്ടില്‍ പിടിച്ചു. അന്ന് സ്‌നേഹത്തില്‍ പറഞ്ഞു തന്നിരുന്നുവെങ്കില്‍ ഞാന്‍ വീടുവിട്ട് ഇറങ്ങില്ലായിരുന്നു. അങ്ങനെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി, ബോംബെയിലെത്തി. അവിടെ കുറേ കറങ്ങി. വളരെ ഭീകരമായ സാഹചര്യമായിരുന്നു അവിടെ നേരിടേണ്ടി വന്നത്. അതെന്തെന്ന് പറയാന്‍ ഞാനിന്ന് ആഗ്രഹിക്കുന്നില്ല.

അങ്ങനെ പൂനെയിലെത്തി, അവിടെ ടയര്‍ പഞ്ചര്‍ ഷോപ്പില്‍ കുറച്ച് നാള്‍ പണിയെടുത്തു. അവിടുന്ന് പരിചയപ്പെട്ട ഒരു നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ക്ലീനറായി കയറി അതേ വണ്ടിയില്‍ നാട് പിടിച്ചു. അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ ജീവിതം തീര്‍ന്നുപോയേനെ.

മൂന്നാമത്തെ ഒളിച്ചോട്ടം കുറച്ചു കൂടി മുതിര്‍ന്ന പ്രായത്തിലാണ്. ബി.കോം. പഠിക്കുന്ന സമയം, എന്‍.സി.സി. പരേഡിലേക്ക് എനിക്ക് സെലക്ഷന്‍ കിട്ടി. പക്ഷേ, വീട്ടില്‍ സമ്മതിച്ചില്ല. ഇത്തവണ വീട്ടില്‍ പറഞ്ഞിട്ടാണ് ഇറങ്ങിയത്. അവര്‍ എതിര്‍പ്പുമായി എത്തുന്നതിന് മുമ്പ് ഞാന്‍ നാട് വിട്ടു. ഏതാണ്ട് പതിമൂന്ന് മാസത്തോളം മദ്രാസില്‍ നിന്നു. വലിയ അനുഭവങ്ങള്‍ സമ്മാനിച്ച ഒളിച്ചോട്ടമായിരുന്നു അത്.

ജീവിതമെന്താണ് എന്നറിയുന്നത് അന്നാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ ജീവിതത്തിലെ പി.എച്ച്.ഡി. പിന്നീടാണ് തിരിച്ചു വന്ന് ബി.കോം. പാസായി എം.ബി.എ. ചെയ്ത് ബോംബെയില്‍ സെറ്റിലാവുന്നത്. സമ്പാദിക്കാനും ജയിച്ച് കാണിക്കാനുമുള്ള വാശി വന്നു.

ഇന്ന് വീട് വിട്ട് ഓടിപ്പോകുന്ന കുട്ടികളെ ഞാന്‍ രക്ഷിക്കുന്നു, സംരക്ഷിക്കുന്നു. എനിക്കറിയാം അവരുടെ മനസ് എന്താണെന്ന്. അങ്ങനെ പോകുന്നിടത്ത് എന്താണ് സംഭവിക്കുകയെന്നും. എല്ലാവരും എന്നെ പോലെ ഭാഗ്യമുള്ളവരാകില്ലല്ലോ. രാജ്യത്തുടനീളമായി ഏതാണ്ട് നാല്‍പതിനായിരത്തോളം കുട്ടികളെ എനിക്ക് രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനാണ് എന്റെ മുന്നോട്ടുള്ള ജീവിതവും മാറ്റിവെച്ചിരിക്കുന്നത്,’ എസ്. ഹരിഹരന്‍ പറഞ്ഞു.

Content Highlight: S Hariharan Talks About His Life