| Thursday, 18th February 2021, 12:17 pm

മീശ കേട്ടോടിയ നേരവും ദൂരവും- ഒരു സ്റ്റോറിടെല്‍ ഡ്രൈവനുഭവം

രാജീവ് രാമചന്ദ്രന്‍

മുന്നറിയിപ്പ്: ഇത് അതിഗൗരവ വായന ആവശ്യപ്പെടുന്ന ഒരു ലേഖനമല്ല. വെറുതെയിരുന്ന് മൂളിപ്പാട്ടു പാടുന്ന പോലെ ഒരു ശ്രമം നടത്തിയതാണ്. എഴുത്തിലെ സങ്കീര്‍ണ്ണത ഒഴിവാക്കാന്‍ ഗഹനമായ ആലോചന വേണ്ടെന്നുവെക്കുക എന്ന ലഘുസൂത്രവാക്യമാണ് പ്രയോഗിച്ചിട്ടുള്ളത്. കേട്ടതിന്റെ സമയരേഖ ഓര്‍ക്കാനായി മാത്രമാണ് പുസ്തകവും ആപ്പും റഫര്‍ ചെയ്തത്.

രണ്ടരക്കൊല്ലം മുമ്പ്, 2018 ആഗസ്റ്റിലെ പ്രളയത്തിനു തൊട്ടടുത്ത ദിവസങ്ങളിലാണ് ഞാന്‍ എസ്. ഹരീഷിന്റെ മീശ പുസ്തകരൂപത്തില്‍ വായിക്കാന്‍ തുടങ്ങുന്നത്. അതിനു മുമ്പ് മാതൃഭൂമി വിവാദത്തെ കുറിച്ച് വയറിനു വേണ്ടി (ആവശ്യക്കാര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ഇവിടെ pun ചേര്‍ത്ത് വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്) ഒരു ലേഖനമെഴുതുന്നതിനായി അതുവരെ അച്ചടിച്ചു വന്ന ഭാഗങ്ങള്‍ ആഴ്ചപ്പതിപ്പിന്റെ പി.ഡി. എഫ് സംഘടിപ്പിച്ച് വായിച്ചിരുന്നു.

പക്ഷെ സീതയുടെ ‘മീശവച്ച മുലകളും’, വ്യായാമം കൊണ്ട് ശരീരത്തെ തോല്‍പ്പിക്കാനുള്ള ആരുടേയോ വിഫലശ്രമവും ഒപ്പം സംഘികള്‍ പോലും വായിച്ചിട്ടുണ്ടെന്ന് പറയുന്ന വിവാദ സംഭാഷണങ്ങളുമല്ലാതെ മറ്റൊന്നും മനസ്സില്‍ നിന്നിരുന്നില്ല. അതുകൊണ്ട് ആദ്യം പൂത്യേ വായിക്കാനായിരുന്നു ശ്രമം. അതിശയമെന്നു പറയാമോ എന്നറിയില്ല, അരക്കൊല്ലത്തെ ലോക്ക്ഡൗണും തന്ന് 2020 പോയിട്ടും ശേഷം കോവിഡ് വാക്സിന്‍ കണ്ടു പിടിച്ചിട്ടും അതു മാത്രം സാധിച്ചില്ല.

ആദ്യ ഖണ്ഡികയില്‍ നിന്ന് അടുത്തതിലേക്ക് വായിച്ചുകടക്കാന്‍ എനിക്ക് പറ്റിയില്ലെന്ന് തന്നെ പറയാം. ആദ്യത്തെ ഒന്നോ രണ്ടോ വരികളിലെത്തന്നെ ഏതെങ്കിലും ദൃശ്യത്തിനുപിന്നാലെ മനസ്സ് പാഞ്ഞുകളയും. പിന്നീട് തിരിച്ചുവരികയേയില്ല. കുറച്ചു നേരത്തിനു ശേഷം ഉറങ്ങുകയോ വായന നിറുത്തുകയോ അല്ലാതെ വേറെ വഴിയൊന്നുമില്ലായിരുന്നു. അങ്ങനെ മീശ മേശപ്പുറത്തെ പുസ്തകങ്ങളുടെ അട്ടിയിലേക്ക് വലിഞ്ഞുകയറുകയും വലിയ താമസം കൂടാതെ മാറാല പിടിച്ചിരിക്കാന്‍ തുടങ്ങുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഞാന്‍ വായിച്ചിട്ടുള്ള ഒരേയൊരു മുഴുനീള മലയാള പുസ്തകം, കനം കുറവായതിനാലാവണം ഉണ്ണിയുടെ പ്രതി പൂവന്‍കോഴി എന്ന നോവലാണ്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ അതിനൊക്കുവണ്ണം വായിച്ചു എന്നൊരര്‍ത്ഥവും മേലെഴുതിയ വാചകത്തിനില്ല, അതും വിരലിലെണ്ണാവുന്നത്രയേ ഉള്ളൂ. ഇക്കാലയളവില്‍ പക്ഷെ ഞാന്‍ ക്രൈം സീരീസുകള്‍ മീതെക്കുമീതെ കണ്ടുകൊണ്ടിരുന്നു. അവയില്‍ പലതും സാഹിത്യത്തിന്റെ ദൃശ്യാഖ്യാനങ്ങളുമായിരുന്നു. അങ്ങനെ സിറ്റി ആന്‍ഡ് ദ സിറ്റി എന്ന അത്യുഗ്രന്‍ ബ്രിട്ടീഷ് സീരീസിലെത്തിയതോടെ അതിന്റെ മൂലകൃതി വായിക്കാതെ പോവില്ലെന്നുറപ്പിച്ചു. അതും ശ്രമകരമായതോടെയാണ് ഓഡിബിളിനെ ആശ്രയിക്കുന്നത്.

ചൈനാ മ്യേവിലിന്റെ നോവല്‍ ജോണ്‍ ലീ വായിച്ചു കേട്ടത് അതിഗംഭീര അനുഭവമായിരുന്നു. ആഖ്യാതാവായ ജോണ്‍ ലീ അമേരിക്കന്‍ നാടകകൃത്തും നടനുമാണ്, Hitler’s head, Blood and Milk തുടങ്ങിയ നാടകങ്ങളിലൂടെ പ്രശസ്തന്‍. ശബ്ദമാവട്ടെ അതീവ ഹൃദ്യവും. സീരീസ് ആദ്യം കണ്ടതിനാല്‍ തന്നെ ഉച്ചാരണം പരിചിതമാവാനെടുത്ത ഇത്തിരി സമയമൊഴിച്ചാല്‍ കഥകേള്‍ക്കല്‍ രസകരമായ അനുഭവമായിരുന്നു.

രണ്ടു ദീര്‍ഘയാത്രകളും ഒന്നുരണ്ടു ദിവസത്തെ അടുക്കളനേരവുമെടുത്താണ് നഗരവും നഗരവും ഉള്ളില്‍ കയറിയത്. യാത്രകളിലെ കേള്‍വി ഏതു പാഠത്തിനും പുതിയ ചില മാനങ്ങള്‍ കൊടുക്കുന്നുണ്ടല്ലോ എന്ന് തോന്നാന്‍ തുടങ്ങിയതും സിറ്റി ആന്‍ഡ് സിറ്റി കേള്‍ക്കുന്നതിനിടയിലാണ്. സീരീസില്‍ നമ്മള്‍ കണ്ടതിലുമധികം, അല്ലെങ്കില്‍ എഴുത്തുകാരന്റെ വിവരണത്തിനുമപ്പുറം നമ്മുടെ ജിയോ ലൊക്കേഷന്‍ കൂടി ഈ യാത്രാശ്രവണത്തില്‍ ഉള്‍ച്ചേരുന്നുണ്ട്. യാത്രയില്‍ പിന്നിടുന്ന നേരദൂരങ്ങളും കഥയിലെ കാലദൂരങ്ങളും തമ്മില്‍ എഴുത്തുകാരനോ വായനക്കാരനോ കേള്‍വിക്കാരില്‍ തന്നെ ഭൂരിപക്ഷമോ നിനക്കാത്ത ഒരു കൊടുക്കല്‍ വാങ്ങല്‍ സംഭവിക്കുന്നുണ്ട്.

രണ്ടര വര്‍ഷത്തിനു ശേഷം മീശയിലേക്ക് തിരികെയെത്താന്‍ വേറെയുമുണ്ടായിരുന്നു കാരണം. അത് പക്ഷെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയോ അതിന് ലഭിച്ച ജെ.സി.ബി പുരസ്‌കാരമോ ആയിരുന്നില്ല. പണിസ്ഥലത്ത് എനിക്കേറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയും സുഹൃത്തുമായ സി.എല്‍ തോമസ് മീഡിയാവണ്ണിലെ എഡിറ്റര്‍ ജോലിയില്‍ നിന്നും പിരിഞ്ഞ് മീശയുടേയും ഹരീഷിന്റേയും മൂപ്പരുടേയും തട്ടകമായ കൈപ്പുഴയില്‍ താമസമാക്കി. ആരതിയും ശ്രീജിത്തും കോട്ടയം നഗരത്തില്‍ പൊറുതി തുടങ്ങിയതും അടുത്ത കാലത്താണ്. അങ്ങനെ കോട്ടയം -ഏറ്റുമാനൂര്‍- നീണ്ടൂര്‍-കൈപ്പുഴ പ്രദേശം നമ്മുടെ കൂടി പ്രദേശമായി മാറി. ഒന്നോ രണ്ടോ ദിവസമേ പൂര്‍ണ്ണമായും അവിടെ ചെലവിട്ടിട്ടുള്ളൂവെങ്കിലും കോട്ടയം ജില്ലയും ഇതോടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരുന്നു.

നീണ്ടൂരിന്റെ പുരാവൃത്തങ്ങളില്‍ മീശ കയറി വന്ന പോലെ ഓരോ തവണ തോമസേട്ടനെ കാണാനുള്ള ഞങ്ങളുടെ കോട്ടയം -കൈപ്പുഴ ഡ്രൈവുകളില്‍ ഹരീഷ് വന്നു കയറാന്‍ തുടങ്ങി. ‘മിനിഞ്ഞാന്ന് ഞങ്ങള്‍ പോയപ്പോള്‍ തോമസേട്ടന്റെ വീട്ടില്‍ ഹരീഷുണ്ടായിരുന്നു’വെന്ന് ശ്രീജിത്ത് തുടങ്ങുന്നു. ‘ഇന്നലെ രാവിലെ ഹരീഷിനൊപ്പം നടക്കാന്‍ പോയത് മീശയിലെ നടവരമ്പുകളിലൂടെയാണെന്ന്’ ആരതി പൂരിപ്പിക്കുന്നു. ‘ഇവിടെയാണ് മീശ ഇരുന്ന പീടിക’ എന്നവള്‍ ചൂണ്ടിക്കാട്ടുന്നു. ‘നിങ്ങളിങ്ങോട്ടു വന്നപ്പോള്‍ അവന്‍ കൊച്ചിക്കു പോയി, ലിജോ ജോസിനെ കാണാന്‍’ – തോമസേട്ടന്‍. കോട്ടയം സന്ദര്‍ശനങ്ങളില്‍ ഇനിയും കാണാത്ത ഹരീഷ് അങ്ങനെ സ്ഥിരക്കാരനായി. പല സുഹൃത്തുക്കളുടേയും അടുത്ത സുഹൃത്താണ് എന്നിരിക്കിലും എനിക്ക് ഹരീഷിനെ നേരില്‍ പരിചയമില്ല, എന്നാല്‍ മീശയെ എങ്കിലും പരിചയമില്ലാതെ ഇനി രക്ഷയില്ലെന്നായി.

ഓഡിബിളനുഭവം കിടിലനായിരുന്നതിനാല്‍ മീശയും കേട്ടുനോക്കിയാലോ എന്നാലോചിക്കുന്നത് അങ്ങനെയാണ്. 2021 ലെ ആദ്യദിവസങ്ങളിലൊന്നില്‍ പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് കൊച്ചിക്കുള്ള ഡ്രൈവില്‍ മീശ കേള്‍ക്കാന്‍ തുടങ്ങി. വെള്ളയമ്പലത്ത് നിന്ന് മ്യൂസിയത്തിനു മുന്നിലൂടെ ജനറലാശുപത്രി ജംഗ്ഷനെത്തും വരെ പവിയാനും ഈനാംപേച്ചിയും ചേര്‍ന്ന്, കഥ പറയുന്ന വിവേക് ഭൂഷന്റെ ശബ്ദം പരിചിതമാക്കിത്തന്നു. വണ്ടി പാറ്റൂരിലേക്ക് തിരിയുമ്പോള്‍ പവിയാനും മകന്‍ വാവച്ചനും കായലില്‍ വഞ്ചി തുഴയാന്‍ തുടങ്ങിയിരുന്നു. ഞാനപ്പോഴും കഥയിലേക്ക് കടക്കാതെ വരമ്പത്ത് നില്‍ക്കുകയായിരുന്നു. സീതയുടെ മീശവച്ച, മുഷ്ടിചുരുട്ടുന്ന മുലകളാണ് എന്നെ ശരിക്കും കുട്ടനാടന്‍ കായലോരത്തേക്ക് വലിച്ചിട്ടതെന്ന് പറയാം.

കാറപ്പോള്‍ ചാക്കയില്‍ നിന്ന് പടിഞ്ഞാറ് മാറി പാലത്തിനടിയിലൂടെ കോവളം ബൈപ്പാസിലേക്കുള്ള റൈറ്റേണ്‍ എടുക്കുകയായിരുന്നു. പവിയാനും മകനും ദിക്കു തെറ്റി കായലിലൂടെ വള്ളം തുഴയുന്നതിനൊത്ത് ഞാന്‍ ബൈപ്പാസിലൂടെ വടക്കോട്ട് പിടിച്ചു. ‘കുംഫമാസം’ എന്ന ഉച്ചാരണം കോട്ടയത്തനിമക്കായി മനപ്പൂര്‍വ്വം ഇട്ടതാവുമെന്ന് ആശ്വസിക്കാനായതോടെ വിവേക് ഭൂഷന്റെ ശബ്ദം എനിക്കിഷ്ടമാവുകയും ചെയ്തു. പക്ഷെ ചെമ്പല്ലിയെ വിഴുങ്ങിച്ചത്തുപോയ ചോവന്റെ ആത്മാവ് വള്ളക്കാരെ വഴിതെറ്റിക്കുന്നിടത്ത് പോസ് ചെയ്താണ് പെട്ടിക്കടയില്‍ നിന്ന് ഒരു കാലിച്ചായ കുടിച്ചത്.

കഴക്കൂട്ടം എത്തിയിട്ടില്ല, കടക്കാരന്‍ രാവിലെത്തന്നെ മാസ്‌കും കൈയ്യുറയും ഇട്ടിരിക്കുന്നത് കണ്ട് അതിശയിച്ചു. കടലാസുകപ്പിലെ ചായ കുടിച്ചവസാനിപ്പിച്ചപ്പോഴേക്കും വാവച്ചന്‍ ആ കുപ്പായമിട്ടവരുടെ കൂക്കു കേട്ടിരുന്നു. മലായിലേക്കുള്ള രണ്ടു പേരും വാവച്ചനോട് പേരു പറഞ്ഞതോടെത്തന്നെ ഞാന്‍ വിറകുകെട്ടുമായി വരുന്ന ഗുരുമ്മയെ കണ്ടു, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ ഹാര്‍മോണിയം വായിച്ച് പാട്ടുപാടുന്ന ഏ.കെ. ജിയാണ് പിന്നെ മുന്നിലെത്തിയത്. അവിടെനിന്ന് കറങ്ങിക്കറങ്ങി ആനപ്പാറയിലെ അച്ചമ്മയേയും കുടയുമായി നടന്നു വരുന്ന അഞ്ഞൂറാന്‍ മുതലാളിയേയും കണ്ടു.

മലായിലേക്കു പോകുന്ന നാരായണനും ശിവരാമനും പക്ഷെ മറ്റ് രണ്ടു പേരുടെ മുഖമായിരുന്നു- ഗോപന്‍ ചിദംബരത്തിന്റേയും ശ്രീജിത്ത് ദിവാകരന്റേയും. ഈ പോലീസുകാര്‍ക്കെന്താ ഇവിടെ കാര്യമെന്ന് വരുംകാലം തെളിയിക്കുമായിരിക്കും. ചായയും അല്‍പം ചിന്തയും കുടിച്ചതിനാലാവണം ഇവിടെ വച്ച് സ്റ്റോറിടെല്ലിന്റെ ടൈംലൈന്‍ അല്‍പമൊന്ന് റീവൈന്‍ഡ് ചെയ്യേണ്ടി വന്നു.

കഴക്കൂട്ടം ബൈപ്പാസിലെ റോഡുപണി കാരണം വണ്ടി ഇടത്തേക്ക് നഗരത്തിനകത്തേക്ക് തിരിച്ചപ്പോഴാണ് ഹരീഷ്- അല്ല ആഖ്യാതാവ്- ബഹിരാകാശ പേടകം പോകുന്നത് കാണാന്‍ പുരപ്പുറത്ത് കയറിയത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പോലും വായിച്ചിട്ടുണ്ടെന്നവകാശപ്പെടുന്ന, തന്റെ ഭാര്യക്കും പെണ്‍മക്കള്‍ക്കും അപമാനമാണെന്ന് കോഴിക്കോട്ടെ പി.വി സാമി മകന്‍ ചന്ദ്രനെന്ന പത്രമുതലാളി കരുതുന്ന, ആ ഭാഗം- സ്ത്രീകള്‍ അമ്പലത്തില്‍ പോവുന്നതെന്തിനാണെന്ന് വ്യാഖ്യാനിക്കുന്ന, ഉടന്‍ തട്ടിപ്പോകാനിരിക്കുന്ന ആ കഥാപാത്രത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വഴിയരികിലെവിടെയെങ്കിലും ഒരു കാവിക്കൊടി കാണുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ പുറത്തേക്കു നോക്കി. എനിക്ക് ശോഭാ സുരേന്ദ്രനെ ഓര്‍മ്മവന്നു. ഉടനടി ടി.പി സെന്‍കുമാറിനേയും. ആറ്റിങ്ങല്‍ ലോക്സഭാമണ്ഡലത്തിന്റെ ത്രീ-ഡി മാപ്പ് ടെലിവിഷന്‍ സ്‌ക്രീനിലെന്ന വണ്ണം കണ്ണില്‍ തെളിഞ്ഞെങ്കിലും അത്ഭുതമെന്ന് പറയട്ടെ, സഖാവ് അനിരുദ്ധന്‍ സമ്പത്തിനേയോ എന്തിന് അടൂര്‍ പ്രകാശിനേയോ ഞാനോര്‍ത്തതേയില്ല.

അങ്ങനെ കന്യാകുമാരി – സേലം ഹൈവേയിലൂടെ വടക്കോട്ട് പോകെ, മുസ്താഷ് എന്ന ഇംഗ്ലീഷ് പരിഭാഷയുടെ ആദ്യതാളുകളില്‍ ഇപ്പോള്‍ നിവര്‍ന്നു കിടക്കുന്ന, വില്ലേജോഫീസില്‍ നിന്ന് ഫോട്ടോസ്റ്റാറ്റെടുത്ത പോലുള്ള ആ കുട്ടനാടന്‍ മാപ്പില്‍ വിവേക് ഭൂഷന്റെ ശബ്ദം നീണ്ടൂര്‍, കൈപ്പുഴ, കൈപ്പുഴമുട്ട്, വെട്ടുകാട്, ഏറ്റുമാനൂര്‍ എന്നെല്ലാം അടയാളപ്പെടുത്തുമ്പോള്‍, മണിക്കൂറില്‍ ഏതാണ്ട് 80 കിലോമീറ്റര്‍ വേഗത്തിലോടുന്ന നമ്മുടെ സുസൂകി ബലേനോ ആറ്റിങ്ങല്‍ ആലംകോട്, പാരിപ്പിള്ളി, ചാത്തന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളെ ഹരീഷിന്റെ വള്ളക്കയറുപോലെ പിരിച്ചൊതുക്കിവച്ചിരിക്കുന്ന വാചകങ്ങള്‍ക്കൊപ്പം ചേര്‍ത്തു കെട്ടിക്കൊണ്ടിരുന്നു. അതിനിടെ എപ്പോഴോ എഴുത്തച്ഛന്റെ നാടകസംഘം വാവച്ചനെ പോലീസും അതിനു ശേഷം മീശയുമാക്കിക്കഴിഞ്ഞിരുന്നു.

കൊല്ലം നഗരത്തെ ബൈപ്പാസ് ചെയ്ത് മേവാരത്തുനിന്ന് കിഴക്ക് ചേര്‍ത്ത് പിടിക്കുമ്പോഴാണ് കണ്ണില്‍ക്കണ്ട പുലയരെയെല്ലാം തല്ലി, പുലകള്ളികളെ തുണി പറിച്ച് തോട്ടിലേക്ക് ചവിട്ടിത്തള്ളി ആ നായര്‍യുവാക്കള്‍ പവിയാന്റെ വീട്ടിലേക്ക് ആഞ്ഞു നടക്കുകയായിരുന്നു. ഇതിനിടെ എപ്പോഴോ രണ്ടു പാപ്പാന്മാര്‍ ഉറക്കക്ഷീണത്തിലെന്ന പോലെ പതുക്കെ നടക്കുന്ന ഒരാനയുമായി പോകുന്നുണ്ടായിരുന്നു. അവരെ പിന്നിട്ട് അധിക ദൂരമാവും മുമ്പേ, ചിതല്‍ക്കുറുപ്പിനെ ആന കുത്തി. കുരീപ്പുഴയെത്തുമ്പോള്‍ കുട്ടത്തിയെ പട്ടത്തിയായി വേഷം കെട്ടിച്ച് അവര്‍ സഹസ്രനാമയ്യരുടെ മുന്നിലെത്തിച്ചു കഴിഞ്ഞിരുന്നു. ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച വാര്‍ത്തയില്‍ കൗമാര ഭാരം നടുങ്ങവേ എന്ന് പ്രിയനന്ദനന്റെ ശബ്ദത്തില്‍ ജെസ്സി കേള്‍ക്കുന്നു. എവിടെയാവും കുരീപ്പുഴ ശ്രീകുമാറിന്റെ വീടെന്നാലോചിക്കുമ്പോഴേക്കും പട്ടത്തിയുടെ പൊന്നുമാലയുമായി കുട്ടത്തി സ്ഥലം വിട്ടു.

മുതലക്കഥ കേള്‍ക്കുമ്പോഴേക്കും ഹരിപ്പാടെത്തിയിരുന്നു, കായലിനെ പറ്റി കേട്ടുകേട്ട് വണ്ടി കിഴക്കോട്ടു വിട്ടു. പൊടിയാടി, എടത്വാ, തകഴി വഴി അമ്പലപ്പുഴയില്‍ വന്നു കയറുമ്പോള്‍ വാവച്ചനെ തിരഞ്ഞ് വടിയുമായി നടന്ന കൂട്ടം മുതലയെ കോടാലിക്ക് വെട്ടി കൊന്നു കഴിഞ്ഞിരുന്നു. കഥയിലെ ഭൂമിശാസ്ത്രവും യാത്രയുടെ ഭൂമിശാസ്ത്രവും ഏതാണ്ട് സമാനമാവുന്ന സമയമായിരുന്നു അത്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത്, അതിന്റെ യാതൊരു സവിശേഷാനുഭവവും ആ പത്ത് നാല്‍പ്പത് മിനിറ്റ് നല്‍കിയില്ലെന്നതാണ്. ഈ ഭാഗം എഴുതാന്‍ പുസ്തകത്തേയും സ്റ്റോറിടെല്ലിനേയും വീണ്ടും ആശ്രയിക്കേണ്ടി വരികയും ചെയ്തു.

കഥയിലേയും പുറത്തേയും ഭൗമ വൈരുദ്ധ്യങ്ങളാണ് ശ്രവണാനുഭവത്തിന് ഞാനാദ്യം പറഞ്ഞ അധികമാനം നല്‍കുന്നതെന്ന് സ്പഷ്ടമാണ്. ആലപ്പുഴ മുതല്‍ വൈറ്റില വരെയുള്ള ഡ്രൈവില്‍ ഓഡിയോ സ്പീഡ് 1.4x വരെ ആക്കി വച്ചാണ് കേട്ടുകൊണ്ടിരുന്നത്. വൈറ്റിലയെത്തി വണ്ടി കിഴക്കോട്ട് തിരിയുമ്പോഴേക്കും ചെല്ലയും താണുലിംഗനാടാരും കൊല്ലപ്പെട്ടിരുന്നു. വസൂരിവിതറി ആ പെണ്ണ് വള്ളത്തിലെത്തിയിരുന്നു. കര കഥയിലേക്ക് കവിയുന്ന അനുഭവം അവസാനിച്ചിരുന്നു. നഗരക്കാഴ്ചകളാണോ, അതോ ഭൂപ്രദേശവുമായുള്ള എന്റെ അതിപരിചയമാണോ കാരണമെന്നറിയില്ല, അതുവരെ കാലദേശങ്ങളും നേരദൂരങ്ങളും തമ്മിലുള്ള കുഴമറിച്ചില്‍ നല്‍കിയിരുന്ന ആ ലഹരി അപ്രത്യക്ഷമായിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കിനു മുന്നിലെ ഒലീവ് ഹോട്ടലിലെ ബീര്‍ പാര്‍ലറില്‍ കയറാനായി ഞാന്‍ നോവല്‍ അതിനരികത്ത് പാര്‍ക്കു ചെയ്തു.

അവിടെ നിന്നിറങ്ങി വീടുവരെ തിരുവിതാംകൂര്‍ രാജാക്കന്മാരെ കുറിച്ചു കേട്ടുവെങ്കിലും അതെല്ലാം അടുത്ത ദിവസം റീവൈന്‍ഡ് ചെയ്യേണ്ടി വരുമെന്നുറപ്പായിരുന്നു. പിറ്റേന്നത്തെ അടുക്കള നേരവും ഫ്ളാറ്റിനു ചുറ്റിലുമുള്ള രണ്ടു ദിവസത്തെ സൈക്കിളോട്ടവും കൂടിയെടുത്താണ് ‘യെമണ്ടന്‍’ വരെ കേട്ടെത്തിയത്. മീശ എനിക്കിപ്പോള്‍ രണ്ടു ഭാഗങ്ങളുള്ള പുസ്തകമാണ്. ആദ്യഭാഗത്തിലെ മീശയാണ് എന്റെ മേല്‍ മീശ. അതില്‍ പിന്നിട്ട നേരവും ദൂരവും കൂടിയുണ്ട്, അത് പറഞ്ഞുതന്ന മറ്റു ചില കഥയടയാളങ്ങളും.

വിവേക് ഭൂഷണ് നന്ദി, പണ്ടെപ്പോഴോ ഫഹദ് ഫാസില്‍ റിമാ കല്ലിങ്കലിനോട് പറഞ്ഞതാണ് എനിക്കു പറയാനുള്ള നന്ദി വാചകം. കുംഫമാസമല്ല, കുംഭമാസം, ഭരണീടെ ഭ. ഹരീഷിനോട് നന്ദി പറയുന്നില്ല, നിങ്ങളെ ഞാന്‍ പിന്നെ കണ്ടോളാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: S Hareesh Novel Meesha storytell drive experience by Rajeev Ramachandran

രാജീവ് രാമചന്ദ്രന്‍

We use cookies to give you the best possible experience. Learn more