'മീശ' വിധി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല, സുപ്രീംകോടതി വിധി എതിരായിരുന്നെങ്കില്‍ വന്‍ വാര്‍ത്തയായേനെ: എസ്. ഹരീഷ്
klf2019
'മീശ' വിധി വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല, സുപ്രീംകോടതി വിധി എതിരായിരുന്നെങ്കില്‍ വന്‍ വാര്‍ത്തയായേനെ: എസ്. ഹരീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th January 2019, 8:26 pm

കോഴിക്കോട്: തന്റെ “മീശ” നോവലിന് അനുകൂലമായ സുപ്രീംകോടതി വിധി വേണ്ട വിധത്തില്‍ ചര്‍ച്ചയായോ എന്ന് സംശയമുണ്ടെന്ന് എഴുത്തുകാരന്‍ എസ്. ഹരീഷ്. സുപ്രീം കോടതി വിധി നേരെ തിരിച്ച് ആയിരുന്നെങ്കില്‍ വന്‍ വാര്‍ത്തയായേനെ. വിധി ആരും അറിഞ്ഞില്ല എന്നതാണ് സത്യം. ഹരീഷ് പറഞ്ഞു.

“കേരളം മീശയ്ക്ക് ശേഷം” എന്ന വിഷയത്തില്‍ കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധി വന്ന ദിവസം മറക്കനാവാത്ത ദിവസമാണ്. കോടതി വിധി വാചകം കൂടുതല്‍ സന്തോഷിപ്പിച്ചു. കോടതിയോടും പൊതു ജനത്തിനോടുമുള്ള നന്ദി അറിയിക്കുന്നുവെന്നും ഹരീഷ് പറഞ്ഞു.

ഇപ്പോഴും മലയാളത്തിലെ രണ്ട് വലിയ മുഖ്യധാര പത്രങ്ങള്‍ക്കും ഈ വിഷയത്തില്‍ ഒരു മുഖപ്രസംഗം എഴുതാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹരീഷ് പറഞ്ഞു.

“മീശയുടെ രണ്ടാം അദ്ധ്യായം വന്ന് ഒരു ഞായറാഴ്ച്ച ആയപ്പോഴേക്കും എവിടെ നിന്നോ വിമര്‍ശനങ്ങള്‍ വന്നു. ഞാന്‍ ഒരു ആക്ടിവിസ്റ്റ് അല്ല എന്റെ ഭാര്യയും ഒരു ആക്ടിവിസ്റ്റ് അല്ല എന്നിട്ടും വന്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ ചിലയാളുകളുടെ പിന്തുണ ഞാന്‍ ആഗ്രഹിച്ചിരുന്നു പക്ഷേ അത് ലഭിച്ചില്ല”. ഹരീഷ് പറഞ്ഞു.

മീശയുടെ എഴുത്തിനിടെ എന്റെ രാഷ്ട്രീയം കുറെ മാറി. എഴുതി തുടങ്ങിയപ്പോള്‍ ഉള്ള രാഷ്ട്രീയമല്ല എഴുതി തീര്‍ന്നപ്പോള്‍. പക്ഷേ എന്റെ എഴുത്തിന്റെ രാഷ്ട്രീയത്തില്‍ ഒരു മാറ്റവുമില്ല, അത് എന്ത് വിവാദം ഉണ്ടായാലും. ബാധ്യതകളില്ലാത എഴുതുക എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും എസ്. ഹരീഷ് പറഞ്ഞു.

“മീശ”യില്‍ ദീപക് മിശ്ര, ഖന്‍വില്‍ക്കര്‍, ചന്ദ്രചൂഡ് എന്നിവര്‍ നല്‍കിയ വിധി ന്യായം സുപ്രധാനമായിരുന്നുവെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായ പ്രമോദ് രാമന്‍ പറഞ്ഞു. ആ വിധി പ്രസ്താവത്തിലൂടെ എഴുത്തുകാരന്‍ ആരാണെന്ന് കൂടി തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.