എസ്. ഹരീഷിനെ രാക്ഷസനായി കണ്ട പെണ്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്

മീശ നോവല്‍ വിവാദമായതിനുശേഷം വലിയ രീതിയിലുള്ള ആക്രോശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആക്രമിക്കപ്പെടേണ്ട ഒരാളാണ് ഈ എഴുത്തുകാരന്‍ എന്ന രീതിയില്‍ കേരളത്തിനകത്തു നിന്നും ആഗോള മലയാളികള്‍ക്കകത്തു നിന്നും പലരീതിയിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയക്കകത്ത് ഉയര്‍ന്നത്. പക്ഷെ ഇന്നിപ്പോള്‍ ഹരീഷ് ഈ അസ്വസ്ഥകളെല്ലാം കടന്ന് ചിരിക്കുന്ന, സ്വസ്ഥമായ അന്തരീക്ഷത്തിലേക്ക് എത്തിപ്പെട്ടുവെന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെയാണ് ആ ജീവിതത്തിലേക്ക് എത്തിപ്പെട്ടത്?

ഞാനിപ്പോള്‍ സന്തോഷവാനാണ്. എല്ലാം തമാശയായി കാണുന്ന ലെവലിലെത്തി. എങ്കിലും അതല്ലാതെ വേറെ ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്ത് ബി.സി.എം കോളേജില്‍ എന്‍.എസ്.എസ് ക്യാംപില്‍ സംസാരിക്കാന്‍ പോയിരുന്നു. ആ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡാണ്. അവരുമായി സംസാരിച്ച് കഴിഞ്ഞപ്പോള്‍ അതിനകത്തുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നോട് സംസാരിക്കാനായി വന്നു. ഞങ്ങള്‍ ബി.ജെ.പി ബാക്ഗ്രൗണ്ടുള്ള വീട്ടില്‍ നിന്ന് വരുന്ന കുട്ടികളാണ്. ഞങ്ങള്‍ സാറിനെ ഒരു രാക്ഷസനായിട്ടാണ് ഇതുവരെ കണ്ടിരുന്നതെന്ന് പറ പൊതുസമൂഹം അല്ലെങ്കില്‍ വായനയില്ലാത്ത വീട്ടുകാര്‍ നമ്മളെ അങ്ങനെയാണ് കാണുന്നത്.

പണ്ട് ടി.ജി രവിയേയോ ഉമ്മറിനേയോ കണ്ടിരുന്നത് പോലെയുള്ള സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് യാത്ര ചെയ്തുവരുമ്പോള്‍ ട്രെയിനില്‍ പുസ്തകം വില്‍ക്കുന്ന ഒരാള്‍ അടുത്തുവന്നിട്ട് പറഞ്ഞു. എല്ലാ ദിവസവും പുള്ളിയെ ട്രെയിനില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പറയും. നീയെന്തിനാടാ നിരോധിച്ച പുസ്തകം വില്‍ക്കുന്നത് എന്നൊക്കെ. ആ രീതിയിലുള്ള ചില പ്രശ്നങ്ങള്‍ ഉണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഞാന്‍ സന്തോഷവാനാണ്.

ഇതൊരു വിവാദത്തിലേക്ക് എത്തിപ്പെടുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി ഉണ്ടാവുകയും ചെയ്തു. നിയമപരമായ അതിന്റെ എല്ലാ സാധ്യതകളും എഴുത്തുകാരനൊപ്പം നിന്നപ്പോള്‍ ഇന്ത്യയിലെ മറ്റ് മാധ്യമങ്ങള്‍ കാണിച്ച സമീപനങ്ങള്‍ ഒരുപക്ഷെ കേരളത്തിലുണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ?

കേരളത്തില്‍ ശബരിമല വിഷയമുണ്ടായപ്പോള്‍ നമുക്കറിയാം. സംഘപരിവാറിനെ എങ്ങനെ മുറിപ്പെടുത്താതിരിക്കാം എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആലോചിക്കുന്നത്. നേരെ മറിച്ച് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷികളായ സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിക്കുന്ന അവര്‍ തന്നെ കേരളത്തില്‍ കേവലം 10 ശതമാനം മാത്രമുള്ള ബി.ജെ.പിയെ അല്ലെങ്കില്‍ സംഘപരിവാറിനെ വളരെ സോഫ്റ്റായിട്ടാണ് വിമര്‍ശിക്കുന്നത്. അതിന്റെ ഒരു ഭാഗമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്.

മീശയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോള്‍, ഹിന്ദു ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രധാനവാര്‍ത്തയായപ്പോള്‍ മനോരമയില്‍ അഞ്ച് സെന്റീമീറ്ററില്‍ ചരമകോളത്തിന്റെ മാത്രം വലുപ്പമുള്ള വാര്‍ത്തയായിരുന്നു. മാതൃഭൂമി ജയിച്ച കേസാണത്. ഞാന്‍ കേസില്‍ കക്ഷി പോലുമല്ല. മാതൃഭൂമിയും സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ദല്‍ഹി സര്‍ക്കാരുമൊക്കെയാണ് കേസിലെ കക്ഷികള്‍. മാതൃഭൂമി വക്കീലിനെ വെച്ച് കൊടുത്ത കേസില്‍ അതിന്റെ അഞ്ചാമത്തെ പേജില്‍ ചെറിയ കോളം വാര്‍ത്തയായി കൊടുത്തു. അവര്‍ ഫ്രണ്ട് പേജില്‍ കൊടുക്കേണ്ട വാര്‍ത്തയായിരുന്നു. കാരണം അവര് ജയിച്ച കേസാണ്. ഹരീഷ് ജയിച്ച കേസല്ല. അവര്‍ക്ക് അങ്ങനെയേ കൊടുക്കാന്‍ പറ്റിയുള്ളൂ. ശബരിമല വിഷയത്തില്‍ വരുന്ന കാര്‍ട്ടൂണുകള്‍ കണ്ടാല്‍ മതി. ഞാനാ കാര്‍ട്ടൂണിസ്റ്റിനെ വ്യക്തിപരമായി കുറ്റം പറയുകയല്ല. എന്തുമാത്രം സംഘപരിവാര്‍ വിധേയത്വമാണ് ആ പത്രത്തിന് വേണ്ടിവരുന്നത്. ഇത് എല്ലാ പ്രിന്റ് മീഡിയയ്ക്കും വേണ്ടിവരും.

യഥാര്‍ത്ഥത്തില്‍ ഹരീഷ് ഈ നോവല്‍ പ്രസിദ്ധീകരിച്ച ശേഷം സ്വയം പിന്‍വലിക്കുകയായിരുന്നു, അപ്പോള്‍ പുറത്തുനിന്ന് കേള്‍ക്കുന്ന വിമര്‍ശനം സംഘപരിവാര്‍ ഉണ്ടാക്കുന്ന ഭയപ്പെടുത്തലില്‍ നിന്ന് എഴുത്തുകാരന്‍ പിന്‍വാങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പിന്നില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് പോരാടേണ്ട അംശത്തെ ഇല്ലാതാക്കുകയല്ലേ ചെയ്തത് എന്നാണ്?

നല്ല ചോദ്യമാണ്. അതിനുള്ള ഉത്തരം എന്താണെന്ന് ചോദിച്ചാല്‍ ആ സമയം ഞാനത് പിന്‍വലിച്ചില്ലെങ്കില്‍ ശബരിമല കലാപം മോഡലില്‍ ഒന്നാന്തരം ഒരു കലാപം ഇവിടെ അരങ്ങേറുമായിരുന്നു. എനിക്കതില്‍ യാതൊരു സംശയവുമില്ല. വ്യക്തിപരമായി എനിക്ക് നേരിട്ട ആക്രമണത്തിന്റെ പേരിലാണ് ഞാന്‍ പിന്‍വലിച്ചത്. എങ്കില്‍ പോലും ഇതൊരു കലാപമായിട്ട് അവര്‍ വളര്‍ത്തിയെടുത്തേനെ. പക്ഷെ ഒന്നോ രണ്ടോ ദിവസത്തേക്ക് അവര്‍ ജയിച്ചു എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടായി. പക്ഷെ 10 ദിവസത്തിനകം നമുക്ക് പുസ്തകം ഇറക്കാന്‍ പറ്റി. അതാണ് അതിനകത്തെ കാര്യമായി ഞാന്‍ കാണുന്നത്.

പുസ്തകം ഇറക്കുമ്പോള്‍ അതിനകത്ത് സ്വയം സെന്‍സര്‍ ചെയ്യുകയും ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തു. രണ്ടാമത് പുസ്തകം ഇറക്കുമ്പോള്‍ ഹരീഷ് ഭയപ്പെട്ടിരുന്നു എന്ന് തന്നെയാണോ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്?

അങ്ങനെ ഭയം ഉണ്ടായിരുന്നത് കൊണ്ടല്ല. അങ്ങനെയായിരുന്നെങ്കില്‍ ആ ഭാഗം എനിക്ക് മാറ്റിയാല്‍ മതിയായിരുന്നു. കൂട്ടിച്ചേര്‍ത്തത് അവിടെ മാത്രമല്ല, പത്ത് നൂറ് സ്ഥലത്ത് കൂട്ടലും കുറയ്ക്കലുമെല്ലാം നടത്തിയിട്ടുണ്ട്. എല്ലാ എഴുത്തുകാരും അങ്ങനെ തന്നെയാണ്.

ഈ നോവല്‍ പിന്‍വലിക്കുന്നതോട് കൂടി ഇനി മുതല്‍ ഞാന്‍ മാതൃഭൂമിയ്ക്ക് കഥകള്‍ കൊടുക്കില്ലെന്ന് പ്രഖ്യാപനം നടത്തി. അതിനോട് ചേര്‍ന്നുനിന്ന് മലയാളത്തിലെ പ്രമുഖരായ പ്രമോദ് രാമനെപ്പോലെ,വിനോയ് തോമസിനെപ്പോലെയുള്ള ആളുകള്‍ ഞങ്ങളും ഹരീഷിന്റെ കൂടെ ചേര്‍ന്നുനില്‍ക്കുന്നു, ഇനി മാതൃഭൂമിക്ക് കഥകള്‍ അയക്കുന്നില്ലെന്ന് പറഞ്ഞു മുന്നോട്ടുവന്നു. മാതൃഭൂമിക്ക് അങ്ങനെയൊരു സ്പേസ് ഇല്ലെങ്കില്‍ അതിനകത്തേക്ക് ഒരു സെക്യുലര്‍ പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുക്കേണ്ട ശ്രമമല്ലേ ഈ എഴുത്തുകാര്‍ യഥാര്‍ത്ഥത്തില്‍ നടത്തേണ്ടത്?

ഞാന്‍ എന്റെ വ്യക്തിപരമായ തീരുമാനത്തെ തുടര്‍ന്നാണ് പിന്‍വാങ്ങുന്നത്. രാഷ്ട്രീയ തീരുമാനമല്ല. എന്റെ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ കാര്യങ്ങളിലാണ് മാതൃഭൂമി ആഴ്ചപതിപ്പിലെ രണ്ട് പേരെ പുറത്താക്കുന്നത്. അതായത് കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ട് ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയലില്‍ നിന്ന് ഒരാളെ സംഘപരിവാറിന് വേണ്ടി മാറ്റുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയിലെ പല ഭാഗത്തും വിജയിപ്പിച്ച ചരിത്രമാണിത്.

എന്റെ നോവലിനെച്ചൊല്ലി അവിടെ നിന്നും രണ്ട് പേര്‍ പുറത്തായപ്പോള്‍ സ്വാഭാവികമായി അവിടേക്ക് പ്രസിദ്ധീകരണം കൊടുക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ പ്രമോദ് രാമനും വിനോയ് തോമസും പി. എസ്.റഫീഖും രേണുകുമാറും സ്വീകരിച്ചത് രാഷ്ട്രീയ തീരുമാനമാണ്.

മാതൃഭൂമിയോട് എനിക്ക് പ്രത്യേക വിരോധമൊന്നുമില്ല. എന്നാല്‍ മാതൃഭൂമിക്ക് വന്നുചേര്‍ന്ന അവസ്ഥയില്‍ നമ്മളെല്ലാവരും ഉത്തരവാദിയാണ്. കാരണം, മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പ്രശ്നമുണ്ടായി, എം.എം ബഷീര്‍ രാമായണത്തെക്കുറിച്ചെഴുതിയതിന് പ്രശ്നമുണ്ടായി, പിന്നീട് മീശയുടെ പ്രശ്നമുണ്ടായി. ആദ്യഘട്ടത്തില്‍ മുസ്ലിം മൗലികവാദികളും ഹിന്ദു മൗലികവാദികളും മാതൃഭൂമിയുടെ സര്‍ക്കുലേഷന്‍ കുറക്കാനുള്ള ശ്രമിച്ചു. അത് കഴിഞ്ഞ് മാതൃഭൂമിയുടെ പരസ്യം കട്ട് ചെയ്ത് മാതൃഭൂമിയെ തകര്‍ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് പൊതുസമൂഹം എന്താണ് ചെയ്തത്.?

മാതൃഭൂമി പോലെ സ്വാതന്ത്രസമരത്തിന്റെ പാരമ്പര്യമുള്ള പത്രത്തെ പരസ്യം കൊടുക്കാതെ തകര്‍ക്കാന്‍ നോക്കിയപ്പോഴും മലയാളത്തില്‍ അവരുടെ കൂടെയുള്ള ഒരുപാട് പത്രങ്ങളുണ്ടായിട്ടും അവരൊന്നും മാതൃഭൂമിയെ പിന്തുണച്ചില്ല. പൊതുസമൂഹം പിന്തുണച്ചില്ല. നമ്മളെല്ലാവരും പറഞ്ഞത്,നന്നായിപ്പോയി എന്നാണ്. അവര്‍ക്കത് വരണം. മാതൃഭൂമിയോടുള്ള എല്ലാ എതിര്‍പ്പുകളും മറികടന്ന് അക്കാലത്ത് പിന്തുണക്കേണ്ടതായിരുന്നു.

അത് നമ്മള്‍ ചെയ്തില്ല. എങ്കില്‍പ്പോലും മാതൃഭൂമിയെപ്പോലൊരു പത്രം ഉറച്ചനിലപാടെടുക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അതിനുള്ള പ്രതികരണമായിട്ടാണല്ലോ നമ്മള്‍ അങ്ങനെ ചെയ്തത്.

മതമൗലികവാദികളുടെ ഭീഷണി കൊണ്ട് ഇത്തരത്തില്‍ എഴുത്തുകാര്‍ പിന്‍വാങ്ങുമ്പോള്‍ മാതൃഭൂമി എന്ന് പറയുന്ന ഒരു വാരിക വേറെയേതെങ്കിലും ഉള്ളടക്കത്തിലേക്ക് തെന്നിപ്പോകും എന്ന് വിചാരിക്കുന്നുണ്ടോ?

ഞങ്ങള്‍ പിന്‍വാങ്ങാതെ തന്നെ അത് അങ്ങനെപോയി. അടുത്ത ലക്കം ഇറങ്ങിയ മാതൃഭൂമിയുടെ കവര്‍പേജ് “തുടരുന്നവരും തിരിച്ചുവരുന്നവരും” എന്നായിരുന്നു. ആ കവര്‍പേജില്‍ വന്ന ആളാണ് സി.രാധാകൃഷ്ണന്‍. ഇദ്ദേഹമാണ് ജനുവരി 2ന് എന്‍.എസ്.എസിന്റെ മന്നംജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത്. കേരളത്തില്‍ എന്‍.എസ്.എസും സംഘപരിവാറും ചേര്‍ന്ന് ഒരു ഹിന്ദു ഐക്യമുണ്ടാക്കുന്ന ഏറ്റവും ശക്തമായ ഘട്ടത്തിലാണ് സി. രാധാകൃഷ്ണനെ പോലൊരാള്‍ പ്രാസംഗികനാകുന്നത്. രാധാകൃഷ്ണനെ പോലെ പ്രമുഖനായ സാഹിത്യകാരന്‍ മന്നം ജയന്തിക്ക് പെരുന്നയില്‍ പോയി സംസാരിക്കുന്നത്. അത് സാധാരണ മന്നം ജയന്തിയല്ല.ഒരു ചരിത്രഘട്ടത്തിലിരിക്കുന്ന മന്നംജയന്തിയാണ്. അന്നാണ് ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ കയറിയത്. അത് നമ്മള്‍ കാണാതിരിക്കാന്‍ പറ്റത്തില്ല.

അതിന്റെ രാഷ്ട്രീയം നമ്മള്‍ കാണാതിരിക്കരുത്. കുറച്ച് നാള്‍ മുമ്പ് വരെ സംഘിയാണെന്ന് പറയുന്നത് ഒരു നാണക്കേടായിരുന്നു. ഉള്ളില്‍ സംഘിബോധമുള്ളവര്‍ പോലും പുറമെ അത് പറയാറില്ല. മാധവന്‍നായരെ പോലെ വലിയ ശാസ്ത്രജ്ഞരും സെന്‍കുമാറിനെപ്പോലുള്ളവരും അത് തുറന്നുപറയാന്‍ തയ്യാറായി എന്നുള്ളതാണ്. സംഘിയാകുക എന്നുള്ളത് ഒരു നാണക്കേടല്ലാതായിരിക്കുകയാണ്.

കേരള നവോത്ഥാനത്തിന് ശേഷം ഒരു പ്രബുദ്ധ മലയാളി രൂപപ്പെട്ടു. നവോത്ഥാന കേരളത്തിലെ ആധുനിക മനുഷ്യനെയോ മലയാളി എന്ന സങ്കല്‍പ്പത്തിനെയോ പൊളിച്ചുകൊണ്ട് കേരളത്തിന്റെ തെരുവുകളില്‍ വേറൊരു മലയാളിയെ കാണുകയാണ് ഇപ്പോള്‍. നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി കൊണ്ടുവരേണ്ട പലതിന്റെയും അഭാവങ്ങള്‍ തിരിച്ചറിയുകയും ഇതൊക്കെ പുറത്തു കൊണ്ടുവരാനുള്ള സന്ദര്‍ഭമായി മീശ തുടക്കം കുറിക്കുകയും ചെയ്തു എന്നുവേണം മനസിലാക്കാന്‍?

അതെ. മീശയുടെ വിഷയത്തിന് പിന്നാലെയാണ് കേരളത്തിലെ സംഘപരിവാറിന് എന്‍.എസ്.എസിനെ കൂടെ കിട്ടിയത്. സാധാരണ സാമുദായിക സംഘടനകളായ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കടുത്ത സംഘപരിവാര്‍ വിരുദ്ധത പുലര്‍ത്തിയിരുന്ന സംഘടനകളാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് അവര്‍ ശബരിമല വിഷയം ഉണ്ടാക്കുന്നത്. ശബരിമല വിഷയത്തില്‍ സംഘപരിവാറിനേക്കാള്‍ കൂടുതല്‍ തെരുവിലിറങ്ങിയത് എന്‍.എസ്.എസ് അണികളാണ്. ആ ഒരു കൂട്ടായ്മ അവര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. അത് ഒരു വോട്ടാക്കി മാറ്റാന്‍ അവരെ കൊണ്ട് സാധിക്കും.

ശബരിമലവിധിയും മീശയും കൂടി ഒരേ സമയത്ത് സൃഷ്ടിക്കപ്പെട്ട സംഭവങ്ങളാണ്. അതിനെ തുടര്‍ന്ന് കേരളത്തില്‍ വലിയൊരു പിളര്‍പ്പും ഉണ്ടായിട്ടുണ്ട്. ഈ പിളര്‍പ്പ് പുരോഗനാത്മകമായ മലയാളിയെ ഉണ്ടാക്കുകയാണോ ചെയ്യുക? അതല്ലെങ്കില്‍ നേരത്തെയുള്ള യാഥാസ്ഥിതികമായ വലതുപക്ഷമൂല്യങ്ങള്‍ക്കോ സാമുദായിക സംഘടനകള്‍ക്കോ ബലമുള്ള കേരളം ഉണ്ടാവുകയാണോ ചെയ്യുക?

രണ്ടാമത് പറഞ്ഞതാണ് എനിക്ക് ശരിയായി തോന്നുന്നത്. ബലമുള്ള കേരളം ഉണ്ടാവുകയാണ് ചെയ്യുക. ഉള്ളിലുള്ള കാര്യങ്ങള്‍ പൊട്ടി പുറത്തേക്ക് വരുന്ന സന്ദര്‍ഭമാണ് ഉണ്ടായത്. നമ്മള്‍ വിചാരിക്കുന്നത് നമ്മുടേതല്ലാം സെക്യുലര്‍ ആയിട്ടുള്ള വീടുകളാണെന്നാണ്. മലയാളികള്‍ പറഞ്ഞുകൊണ്ടിരുന്നത് മതഭ്രാന്ത് മുസ്ലീങ്ങള്‍ക്കാണ് എന്നാണ്. അല്ലെങ്കില്‍ അത്തരമൊരു സങ്കല്‍പ്പമാണ് നമ്മള്‍ക്കുള്ളത്.

ഇന്ത്യയിലെ ഏറ്റവും വര്‍ഗ്ഗീയരായിട്ടുള്ള ജനവിഭാഗങ്ങള്‍ സവര്‍ണ്ണരാണെന്ന് തെളിയിക്കുകയാണ്. അവരൊളിച്ചു വച്ചതൊക്കെ പുറത്തു വരികയാണ്. ആര്‍.എസ്.എസിന് ഒരുപാടുപേരുടെ പിന്തുണ കിട്ടിയിട്ടുണ്ട്. ഫലത്തില്‍ ശബരിമല വിഷയത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചയായി. ആര്‍ത്തവം എന്നു പറഞ്ഞ് അധികം സംസാരത്തില്‍ കൊണ്ടു വരാത്ത വിഷയം, ശബരിമലയിലെ മലയരയന്മാരുടെ അവകാശം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി.

അത്തരത്തിലാണെങ്കില്‍ മീശ വിവാദം നല്ലതിനായി എന്ന് മനസ്സിലാക്കാം?

സാമൂഹികമായ അര്‍ത്ഥത്തില്‍ അങ്ങനെ പറയാം. വ്യക്തിപരമായി അങ്ങനെ പറയുന്നില്ല. നോവല്‍ എന്ന നിലയില്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വായനയല്ലല്ലോ അതിന് നടക്കുന്നത്. ജോസഫ് മാഷിന്റെ കൈവെട്ടിയെന്നു പറയുന്നതു പോലെ തന്നെയാണ് സംഘപരിവാര്‍ നോവലിനെ ആക്രമിച്ചത്. ശാരീരികമായി ആക്രമിക്കുന്നില്ലെന്നേയുള്ളു. അവരുടെ ബ്രാഹ്മണിക്കല്‍ ബുദ്ധി വേറൊരു ബുദ്ധിയാണ്. പൊതു മണ്ഡലം അവര്‍ക്കനുകൂലമാണ് എന്ന് തോന്നിയപ്പേള്‍ അവര്‍ ഏറ്റെടുത്തു.

യഥാര്‍ത്ഥ വായനക്കാരില്‍ നിന്നായിരിക്കുമോ മീശക്കെതിരായ വിവാദം ഉയര്‍ന്നു വന്നിട്ടുണ്ടാവുക?

ഒരിക്കലുമല്ല. പുസ്തകം ആളുകളിലേക്ക് ഇട്ട് കൊടുക്കുകയായിരുന്നു. ഞാനായിരുന്നു അവരുടെ ലക്ഷ്യെമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഞാന്‍ മലയാള സാഹിത്യത്തില്‍ അത്ര പരിചിതനായ വ്യക്തിയല്ല. എന്റെ നോവല്‍ കീറി പരിശോധിക്കേണ്ട കാര്യവും അവര്‍ക്കില്ല. അതുകൊണ്ടുതന്നെ അവരുടെ ലക്ഷ്യം മാതൃഭൂമിയായിരിക്കാം. കാരണം സംഘപരിവാര്‍ അല്ലെങ്കില്‍ സവര്‍ണര്‍ വിചാരിക്കുന്നത് അവരുടെ പത്രമാണ് മാതൃഭൂമിയെന്നാണ്.

സവര്‍ണ ബാക്ക്ഗ്രൗണ്ടുള്ള പത്രമാണത്. ഞങ്ങളുടെ വരുതിക്ക് നില്‍ക്കാത്തതിനാല്‍ അതിനെ ഒരു മര്യാദ പഠിപ്പിക്കണമെന്ന് കരുതുന്ന സമയത്ത് വീണുകിട്ടിയ ഒരു വിഷയമാണത്. കാരണം ഇപ്പോള്‍ വീരേന്ദ്രകുമാര്‍ ഒക്കെയാണല്ലോ അതിന്റെ ആള്‍. അത് അവര്‍ സമര്‍ത്ഥമായിട്ട് ഉപയോഗിച്ചു.

കേരളത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉള്ള പത്രമായി ഇതിനെ നിലനിര്‍ത്തണമെന്നതിനാല്‍ ഒരു വാശിക്ക് ചെയ്തതാണ് മീശക്കെതിരെയുള്ള അക്രമം എന്നാണോ?

ആയിരിക്കാം എന്ന് കരുതുന്നു. മാതൃഭൂമിയെ മര്യാദപഠിപ്പിക്കണം എന്നു തന്നെയാണ് അവര്‍ വിചാരിക്കുന്നത്. അതുകൊണ്ട് ഇതിനെ അത്തരത്തില്‍ പ്രയോഗിക്കാം എന്നവര്‍ കരുതികാണാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മാതൃഭൂമി ഒരു സവര്‍ണ്ണ പത്രമാണെന്നാണ് അവര്‍ വിചാരിക്കുന്നത്. കേരളത്തിലെ ഓരോ കാര്യത്തിനും ജാതിയുണ്ട്. വോട്ടിങ് പാറ്റേണ്‍ പോലും ജാതിയുടെ അടിസ്ഥാനത്തിലാണ്. ഒരാള്‍ടെ വീട്ടില്‍ പോയി കഴിഞ്ഞാല്‍ അവര്‍ വായിക്കുന്ന പത്രം കണ്ടുകഴിഞ്ഞാല്‍ അവരുടെ ജാതി മനസിലാവും. അത്തരത്തില്‍ മാതൃഭൂമിയെ അവരുടെ വരുതിയില്‍ കൊണ്ടുവരാന്‍ ചെയ്തതായിരിക്കാം ഇതെന്ന് കരുതുന്നു.

മാതൃഭൂമിയുടെ പത്രാധിപര്‍ തന്നെ നേരത്തെ മാതൃഭൂമിക്കകത്ത് ഇങ്ങനെയൊരു സ്വഭാവമുണ്ടെന്നും അത് മീശയോട് കൂടി അതിന്റെ ഫൈനല്‍ പോയിന്റിലേക്ക് എത്തുകയായിരുന്നെന്നുമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ മീശക്ക് ശേഷവും മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഇറങ്ങുകയുണ്ടായി. ഹരീഷിനെ പോലെയുള്ള ആളുകള്‍ പിന്മാറി. അത്തരത്തില്‍ അത് സെക്യുലര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഇല്ലാതായി പോകുന്ന തരത്തിലേക്ക് അതിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുമെന്ന് കരുതുന്നുണ്ടോ?

ഒരിക്കലും അങ്ങനെ കരുതുന്നില്ല. പക്ഷേ മാതൃഭൂമി മാത്രമല്ല. മനോരമയായാലും പത്രത്തിലെ അറുപത് ശതമാനം സ്ഥലവും ഉത്സവങ്ങളും പള്ളി പെരുന്നാളും സമുദായസംഘടനകളുടെ പരിപാടികളും ആയിരിക്കും. ആഴ്ച്ചപ്പതിപ്പ് ഇങ്ങനെ പോവാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. മലയാളത്തില്‍ അത്തരത്തില്‍ സെക്യൂലറായിട്ട് പറയാവുന്ന കുറച്ച് സ്ഥലങ്ങളെ ഉള്ളു.

ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട് മീശയിലെ രണ്ടുവരി കമന്റിന്റെ പുറത്താണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്നൊരു വിധിയും വരുന്നു. അതായത് നോവലിലെ ആകസ്മികമായ സംഭാഷണം കോടതി വിധി വന്നേതോടുകൂടി വേറൊരു തുടര്‍ച്ചയി മാറി. ഇത്തരത്തില്‍ യാദൃശ്ചികമായി സംഭവിച്ച കാര്യങ്ങളെ എങ്ങനെ കാണുന്നു?

വളരെ തമാശയായാണ് തോന്നുന്നത്. അഞ്ചാറ് മാസങ്ങള്‍ക്കു മുന്‍പ് നോവലില്‍ വന്ന വാചകം പലരും ഏറ്റെടുത്ത്, അത് ഹരീഷ് പറഞ്ഞതാണ്, മാതൃഭൂമി പറഞ്ഞതാണ് എന്ന തരത്തില്‍ പ്രശ്നമാക്കി. ചിലര്‍ ഇപ്പോള്‍ പറയുന്നത് സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വേറെ എന്തോക്കയോ കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ്. അവരാണ് പ്രശ്‌നമുണ്ടാക്കുന്നത്. ബിന്ദുവും കനകദുര്‍ഗയും തൃപ്തി ദേശായിയും മോശം സ്ത്രീകളാണെന്നാണ് അവര്‍ തന്നെ പറുന്നത്.

കേരളത്തിലെ പല മത സംഘടനകള്‍ക്കും സാമുദായിക സംഘടനകള്‍ക്കും ഐക്യപ്പെടാനുള്ള ഒരു അവസരം മീശ വിവാദവും ശബരിമല വിഷയവും ഉണ്ടാക്കി എന്നൊരു അഭിപ്രായം കൂടി ഉയരുന്നുണ്ട്?

എന്‍.എസ്.എസ് ബി.ജെ.പിയുടെ കൂടെ കൂടി എന്നുള്ളത് ശരിയാണ്. കേരളത്തില്‍ ശബരിമല വിഷയത്തോടുകൂടി ചെമ്പ് തെളിയുന്നൊരു സംഭവമുണ്ടായി. പുന്നല ശ്രീകുമാര്‍ എന്ന മനുഷ്യന്‍ വളരെ വ്യക്തമായി അവരുടെ നിലപാടുകള്‍ പറയുകയുണ്ടായി. സണ്ണി.എം.കപിക്കാടിനെ പോലുള്ളവര്‍ കേരളത്തില്‍ മൊത്തം പ്രസംഗിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധം തീര്‍ത്തത് സണ്ണി.എം.കപിക്കാടാണ്.

യഥാര്‍ത്ഥത്തില്‍ ആരൊക്കയാണോ ഇടതുപക്ഷ സംഘടനകളോട് നില്‍ക്കുന്നത് എന്നത് വളരെ വ്യക്തമായി മനസിലായി. അത്തരത്തില്‍ ചെമ്പ് തെളിയുന്ന ഒരു സംഭവമായിരുന്നു കേരളത്തില്‍ നടന്നത്. അത് നല്ലതാണ്. ഇന്ന് ഇടതുപക്ഷം വില്ലുവണ്ടി സമരത്തെകുറിച്ചും അയ്യങ്കാളിടെ കുറിച്ചും സംസാരിക്കേണ്ടി വരികയാണ്.

നോവല്‍ ദളിത് രാഷട്രീയമാണ് പങ്കുവെക്കുന്നത്. ഒരു സമയത്തെ കുട്ടനാടിന്റെ ദേശ ചരിത്രം പറയുന്നു. വാവച്ചനെ കേന്ദമാക്കി കൊണ്ട് അവിടുത്തെ മനുഷ്യാനുഭവങ്ങളെയും ദളിത് അനുഭവങ്ങളെയും അവതരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ വളരെ ദീര്‍ഘമായൊരു സവര്‍ണ്ണ പാരമ്പര്യത്തിനകത്ത് നിന്ന് കുട്ടനാടിന്റെ ദളിത് ജീവിതത്തെ പങ്കുവെക്കുന്ന നോവലിനെതിരെയുള്ള വിയോജിപ്പുകള്‍ ദളിത് രാഷ്ട്രീയത്തിനെതിരെയുള്ള വിയോജിപ്പുകളും കൂടിയാണോ?

അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല. വിശാലാര്‍ത്ഥത്തില്‍ നമുക്കതിനെ അങ്ങനെ കാണാമെന്നല്ലാതെ അതിന്റെ മൂന്ന് അധ്യായം മാത്രം വായിച്ച് അതിന്റെ ദളിത് രാഷ്ട്രീയം മനസ്സിലായി എന്നൊന്നും കരുതുന്നില്ല. ദളിത് രാഷ്ട്രീയം അതിലുണ്ട്. പക്ഷെ അത് മനസ്സിലാക്കാനുള്ള സമയം കിട്ടിയിട്ടില്ല.

ഈ നോവല്‍ പ്രസിദ്ധീകരിക്കാനുള്ള അന്തരീക്ഷം കേരളത്തില്‍ ആയിട്ടില്ലായെന്നും കേരളം അതിനുള്ള പക്വത ആര്‍ജിച്ചിട്ടില്ലെന്നും ഒരു എഴുത്തുകാരന്‍ നോവല്‍ പിന്‍വലിക്കുന്ന സന്ദര്‍ഭത്തില്‍ പറഞ്ഞു. അതേ ഹരീഷ് തന്നെ രണ്ടാഴ്ച്ച കൊണ്ട് നോവല്‍ ഇറക്കുമ്പോള്‍ ,രണ്ടാഴ്ച്ച കൊണ്ട് പാകപ്പെട്ട കേരളം എന്ന തരത്തില്‍ അതിനെ കാണാന്‍ കഴിയുമോ?

നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം എന്റെ വൈകാരികമായ തീരുമാനം കൂടിയാണ്. ഒരു ദിവസം രണ്ട് മണിക്കൂറുകൊണ്ട് എടുത്ത തീരുമാനമാണത്. ഇത് പിന്‍വലിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായ കാര്യം ഇത് ഉടനെയൊന്നും എനിക്ക് പ്രസിദ്ധീകരിക്കാന്‍ സാധിക്കത്തില്ല എന്നതാണ്. ഇത് വേറെ തരത്തിലേക്ക് സംഘപരിവാര്‍ കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും സുഹൃത്തുക്കളില്‍ പലരും പറഞ്ഞിരുന്നു. അവര്‍ എപ്പോഴും ആള്‍ക്കാരെ തോല്‍പ്പിക്കാന്‍ ചെയ്യുന്ന പണി കേസ് കൊടുക്കുക എന്നതാണ്. പ്രിയന്ദനനെതിരെ കേരളം മുഴുവന്‍ കേസ് കൊടുക്കാനാണ് അവര്‍ തീരുമാനിച്ചിരുന്നത്.

യു.പിയിലോ ബീഹാറിലോ പോയി കേസ് കൊടുത്തു കഴിഞ്ഞാല്‍ എനിക്ക് അതിജീവിക്കാന്‍ പ്രയാസമായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം നോവല്‍ പ്രസിദ്ധീകരിക്കുക എന്നത് വലിയൊരു കാര്യമാണ്. അതിന് ശേഷം അവര്‍ സുപ്രീം കോടതിയില്‍ പോയി, എഴുത്തുകാര്‍ക്ക് അനുകൂലമായ വിധിയുണ്ടായി. അതുകൊണ്ട് വേറെ എവിടെയും അവര്‍ക്ക് പോകാന്‍ പറ്റിയില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് എനിക്ക് നോവല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം മുന്‍പത്തെ കാലാവസ്ഥയല്ല ഇന്നിപ്പോള്‍ കേരളത്തില്‍. ഇന്നിറക്കിയാല്‍ ഡിസി ബുക്ക്‌സ് പോലും അവര്‍ കത്തിക്കും

ഇത് മീശക്കെതിരെയല്ല മാതൃഭൂമിക്കെതിരായിരിക്കാം എന്ന് പറഞ്ഞല്ലോ, അങ്ങനെ നോക്കുമ്പോള്‍ രാവിലെ നോവല്‍ പുസ്തകമായി ഇറങ്ങുന്നു, അര മണിക്കുറിനുള്ളില്‍ നോവലിനകത്ത് എന്തെങ്കിലും നെഗറ്റീവായ പരാമര്‍ശങ്ങള്‍ ഉണ്ടോ എന്ന അന്വേഷണം ആരംഭിക്കുന്നു. അങ്ങനെയും കൂടി അതിനെ കണ്ട് കൂടെ?

തീര്‍ച്ചയായും. കാരണം അങ്ങനെ ഒരു വിവാദം ഉണ്ടാക്കിക്കഴിഞ്ഞാല്‍ അതിനെ സാധൂകരിക്കാന്‍ അവര്‍ തെളിവുകള്‍ തേടിവരും്. അവരുടെ ഭാഗം സാധൂകരിക്കാന്‍ തെളിവുകള്‍ ശേഖരിക്കും. ഒരു നോവലിനെ, സര്‍ഗാത്മകതയെ ഇന്ത്യയില്‍ നിരോധിക്കാന്‍ പറ്റില്ലയെന്ന് അവര്‍ക്ക് കൃത്യമായിട്ടറിയാം. ആ നീക്കം അടിസ്ഥാന രഹിതമാണെന്നും അവര്‍ക്കറിയാം. അതിനാല്‍ പൊതു സമൂഹം വിശ്വസിക്കുന്ന തെളിവുകള്‍ അവര്‍ ഉണ്ടാക്കിയെടുക്കും. ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിച്ച് കുറച്ച് നിമിഷങ്ങള്‍ക്കകം നോവലിന്റെ പേജ് വാട്ടസ്അപില്‍ വരുന്നു. പിന്നീട് വിവാദമാവുന്നു.

സോഷ്യല്‍മീഡിയയെ വിമോചനത്തിന്റെ ഇടമായി പറയുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയാണ്മാതൃഭൂമിയില്‍ നിന്ന്മീശയെ ഇല്ലതാക്കിയത് എന്ന് പറയാന്‍ പറ്റുമോ?

ഒരു പരിധിവരെ അത് ശരിയാണ്. സോഷ്യന്‍ മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. മുല്ലപ്പൂ വിപ്ലവം ഉണ്ടാക്കിയത് സോഷ്യല്‍ മീഡിയയാണല്ലോ, കേരളത്തിന്റ കാര്യത്തില്‍ അത്ര വിമോചനപരമായ കാര്യങ്ങള്‍ സോഷ്യല്‍മീഡിയ ചെയ്തിട്ടുണ്ട് എന്ന് പറയാന്‍ കഴിയില്ല. ചില പ്രശ്നങ്ങളിലൊക്കെ സോഷ്യല്‍ മീഡിയ സഹായിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ പെതുവെ വളരെ നെഗറ്റീവ് ആയ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. അനൂകൂലമായിട്ടും ഉണ്ട്. മീശക്കനുകൂലമായിട്ടും ഉണ്ടായിട്ടുണ്ട്. സോഷ്യല്‍മീഡിയ വഴി വെറുപ്പ് പ്രകടിപ്പിക്കുക എന്നൊരു ട്രെന്റ് ഉണ്ട്.

മീശ എഴുതിയ ആള്‍ എന്നതിനാല്‍ പ്രാദേശികമായ തലത്തില്‍ ആളുകളുടെ ഇടപെടല്‍ ഒരു ഭീഷണിയായി കണ്ടിരുന്നോ?

സംഘപരിവാറിന് അധികം വേദിയില്ലാത്ത സ്ഥലമാണ് ഞങ്ങളുടെ നാട്. വ്യക്തിപരമായി അങ്ങനെ ഒരു ഭീഷണിയുണ്ടായിട്ടില്ല. നാട്ടുകാരില്‍ നല്ലൊരു ശതമാനം എന്റെ ഭാഗത്തുണ്ടായിരുന്നു. അതേസമയം മറ്റൊരു വിഭാഗം ഇപ്പോഴും എന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല. എന്നോട് സംസാരിക്കാറില്ല. ശരീരീകമായ ഭീഷണി നാട്ടില്‍ നിന്നും ഉണ്ടായിട്ടില്ല.

കേരളത്തിലെ പൊതുമണ്ഡല രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരീഷിനോട് ചേര്‍ന്ന് നില്‍ക്കുകയല്ലേ ഉണ്ടായത്?

പൂര്‍ണ്ണമായിട്ടും അങ്ങനെ പറയാന്‍ കഴിയില്ല. എഴുത്തിനെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ മലയാളികളുടെ ഉളളില്‍ എഴുത്തിനോട് ഒരു ബഹുമാനം ഉള്ളതുകൊണ്ട് പലരും എന്നോട് ചേര്‍ന്നു നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. എങ്കില്‍പോലും എനിക്ക് ഏറ്റവും വേദനയുണ്ടിക്കിയത് ഇടതുപക്ഷം ഇത് മാതൃഭുമിയുടെയോ ഹരീഷിന്റെയോ ഡിസി ബുക്‌സിന്റയോ ഗൂഢാലോചനയാണെന്ന് അവതരിപ്പിച്ചു എന്നതാണ്. എങ്കില്‍ പോലും മുഖ്യമന്ത്രിയും സര്‍ക്കാരും ഒപ്പം നിന്നു. പ്രതിപക്ഷ നേതാവ് വിളിച്ചിട്ടുണ്ടായിരുന്നു. സംഘപരിവാര്‍ ഒഴിച്ചുള്ള രാഷ്ട്രീയ കക്ഷികള്‍ എന്നെ സപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിലാണെങ്കില്‍ അത്തരം ഒരു പിന്തുണ കിട്ടിയെന്ന് വരില്ല.

എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്വയം സെന്‍സര്‍ഷിപ്പിന് വിധേയമാകാതെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന ധൈര്യമല്ലേ കിട്ടുന്നത്?

കേരളത്തിലെ പ്രിന്റ് മീഡിയയില്‍ എന്റെ രണ്ട് സുഹൃത്തുക്കള്‍ കഥകള്‍ അയച്ചിട്ട് ചില മാധ്യമങ്ങള്‍ ചോദിക്കുന്നത് ഇതില്‍ സെക്‌സ് ഒത്തിരിയുണ്ടോയെന്നാണ്. ആരെയും വൃണപ്പെടുത്തുന്ന കാര്യങ്ങള്‍ എഴുതാന്‍ പാടില്ല്. മതം, ജാതി, വിശ്വാസം ഇവയെ ഒന്നും വേദനിപ്പിക്കാതെ എഴുതുന്ന സാഹിത്യമാണ് നല്ലത് എന്നുള്ള തോന്നല്‍ ഉണ്ട്. അത് അവരുടെ പേടി കാരണമാണ്. ഇതിന് കാരണം സംഘപരിവാറിന് അനുകൂലമായ പരസ്യം കുറയും എന്ന പേടിയാണ്. സംഘപരിവാര്‍ അടിത്തട്ടിലാണ് കയറിപിടിച്ചത്. അപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇവിടെ ആരുമില്ല.

എഴുത്ത് ഭാവനയുടെയും അനുഭൂതിയുടെയും സ്വതന്ത്രമായ വ്യവഹാരം എന്ന അര്‍ത്ഥത്തിലാണ് കാണുന്നത്. സ്വതന്ത്രമായ വ്യവഹാരം എന്നത് ഇനി ഒരു ഭീഷണിയാണോ?

ആ ഭീഷണിയെ കല അതിജീവിക്കും. കല എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ അത്തരം ഭീഷണികളെ മനുഷ്യന്‍് അതിജീവിക്കും.

കേരളത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയം എത്തില്ല എന്ന് ഹരീഷ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ കേരളം അങ്ങനെയല്ല എന്ന് മീശ എഴുത്തോടെയാണ് ഹരീഷ് തിരിച്ചറിഞ്ഞതെന്ന് തോന്നുന്നു?

തീര്‍ച്ചയായും. ഇങ്ങനെയൊരു സാധ്യത ഞാന്‍ ആലോചിച്ചിരുന്നില്ല. പക്ഷെ കേരളം പ്രതിരോധിച്ചിട്ടുണ്ട്. സവര്‍ണ്ണരായ ആളുകളെ ഇറക്കാന്‍ സംഘപരിവാറിന് കഴിഞ്ഞെങ്കിലും അതിനെ കേരളം ചെറുത്തു നിന്നിട്ടുണ്ട്. അന്നത്തെ എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിപോയതായിരിക്കും. കേരളത്തിലെ സവര്‍ണ്ണര്‍ അവരുടെ പിറകെ ഇറങ്ങുമെന്ന് ഞാന്‍ വിചാരിച്ചില്ല.

ഹരീഷ് പഴയകാലത്ത് ഒരു എ.ബി.വി.പിക്കാരനായിരുന്നുവെന്നും അയാള്‍ക്കത് കിട്ടണം എന്നും ചിലര്‍ സോഷ്യല്‍ മീഡിയക്കകത്ത് ഉന്നയിച്ചിട്ടുണ്ട്. അതിനോടുള്ള പ്രതികരണം?

ഏതെങ്കിലും കാലത്ത് ഞാന്‍ സംഘപരിവാറുകാരന്‍ ആയിരുന്നോ എന്ന് എന്റെ നാട്ടില്‍ പോയി അന്വേഷിക്കട്ടെ. ഞാന്‍ 41വര്‍ഷമായി അവിടെ ജീവിക്കുന്നു. വിമര്‍ശനം ഉന്നയിച്ചത് കൃത്യമായ ഒരു സമയത്താണ്. കേരളത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് കിട്ടികൊണ്ടിരിക്കുന്ന സമയത്താണ് അങ്ങനെയൊരു വിമര്‍ശനം ഉന്നയിക്കപ്പെടുന്നത്. എനിക്ക് കിട്ടുന്ന പിന്തുണ കുറയ്ക്കുക എന്നതായിരുന്നു അവരുടെ ആവശ്യം.

കേരളത്തിലെ എഴുത്തിന്റെ മണ്ഡലത്തില്‍ മീശയ്ക്ക് മുമ്പും മീശയക്ക് ശേഷവുമുള്ള കാലം എന്ന് ഹരീഷ് ചിന്തിച്ചിട്ടുണ്ടോ? എഴുത്തില്‍ പോയിന്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരാളായി ഈ എഴുത്തുകാരന്‍ മാറിയിട്ടുണ്ടോ?

അങ്ങനെയൊന്നും പറയാറായിട്ടില്ല. അഞ്ചോ ആറോ മാസകാലത്തെകുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ലാന്റ്മാര്‍ക്ക് എന്നു പറയുന്നത് കാലമാണ് തീരുമാനിക്കേണ്ടത്. ഇതിലും വലിയ ബ്രേക്കുകള്‍ സംഭവിച്ചേക്കാം.

കേരളത്തിലെ മികച്ച കഥാകൃത്തുക്കളില്‍ ഒരാളായ ഹരീഷിന്റെ എഴുത്തുകള്‍ പലപ്പോഴും വേണ്ടരാതിയില്‍ വായിക്കപ്പെട്ടിട്ടില്ല, ഈ എഴുത്തുകാരനെ വായിക്കപ്പെടേണ്ട ചരിത്ര സന്ദര്‍ഭം മീശ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ ?

സൈഡ് ഇഫക്ട് ഉള്ളതിനെ ഇഫക്ട് ഉള്ളു എന്നാണ് പറയാറ്. എന്നാല്‍ എഴുത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഈ പറഞ്ഞതിനോട് യോജിക്കാന്‍ കഴിയുന്നില്ല. എണ്ണത്തില്‍ കുറവാണെങ്കിലും നല്ല വായനക്കാര്‍ ഉണ്ടാവണമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു പുസ്തകം നിരോധിക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ അത് ഓടി ചെന്ന് വാങ്ങി വായിക്കുക എന്നത് വ്യക്തിപരമായി എന്നെ സങ്കടപ്പെടുത്തുന്ന കാര്യമാണ്. ഭാവിയില്‍ അത് നല്ല വായനക്ക് ഉതകുമോ എന്ന് അറിയില്ല.

മീശ എഴുതുമ്പോള്‍ അനുഭവിച്ച അതേ സ്വാതന്ത്രത്തില്‍ ഇനിയും ഹരീഷിന് എഴുതാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായും. ഇല്ലെങ്കില്‍ എഴുതാതിരിക്കുന്നതാണ് നല്ലത്. കാലത്തെ കണക്കുകൂട്ടി എഴുതുക എന്ന് പറയുന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. ഏത് എഴുത്തുകാരനും അതിനെ മറികടക്കും. ജയിക്കുമോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്.