| Saturday, 7th November 2020, 7:41 pm

ഹരീഷിന്റെ 'മീശയ്ക്ക്' 25 ലക്ഷത്തിന്റെ പുരസ്‌കാരം; ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജെ.സി.ബി സാഹിത്യപുരസ്‌കാരം എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിന്. ‘മീശ’ യുടെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കോട്ടക്കല്‍ സ്വദേശിനി ജയശ്രീ കളത്തിലാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരത്തിന്റെ സമ്മാനതുക 25 ലക്ഷമാണ്. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായിരുന്നു. നോവലിലെ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.

നോവല്‍ വിവാദമായതോടെ ഹരീഷിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് അറിയിച്ചു. പിന്നീട്  ഡി.സി ബുക്‌സ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

അഞ്ചുപുസ്തകങ്ങളായിരുന്നു ഈ വര്‍ഷം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, സമിത് ബസുവിന്റെ ചോസന്‍ സ്പിരിറ്റ്‌സ്, ധരിണി ഭാസ്‌കറിന്റെ ദീസ് അവര്‍ ബോഡീസ് പൊസസ്ഡ് ബൈ ലൈറ്റ്, ആനി സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയട്ട് എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍. ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുന്ന എഴുത്തുകാര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: S Hareesh Gets JCB prize

We use cookies to give you the best possible experience. Learn more