| Tuesday, 31st July 2018, 7:56 pm

കുറുവടി കൊണ്ട് വടിച്ചു തീര്‍ക്കാനാവാത്ത മീശ; മീശ പുസ്തകമായി നാളെ ഇറങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ നാളെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും. ഡി.സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് പുസ്തകത്തിന്റെ കവര്‍ തയ്യാറാക്കിയത്.

നേരത്തെ മീശ പുസ്തകമാക്കി പുറത്തിറക്കുമെന്ന് എസ്. ഹരീഷ് വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് വെച്ച് നടന്ന പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലാണ് തീരുമാനം ഹരീഷ് അറിയിച്ചത്.

തുടര്‍ന്ന് മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നുവെന്ന് ഡി.സി ബുക്‌സ് അറിയിച്ചിരുന്നു. മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.


Read Also ; രാജ്യം ഹിന്ദുരാഷ്ട്രമായാല്‍ പിന്നെ ഇന്ത്യയില്ല: പി.എസ് ശ്രീധരന്‍ പിള്ള


“മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡി.സി ബുക്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. “. ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു”-വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

“മീശ” പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പ്രസാധകന്‍ രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു.

നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more