'ശ്വാസകോശം സ്പോഞ്ച് പോലെയാണ്': ആ ശബ്ദം നിലച്ചു
Kerala News
'ശ്വാസകോശം സ്പോഞ്ച് പോലെയാണ്': ആ ശബ്ദം നിലച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2019, 10:40 pm

തിരുവനന്തപുരം: ‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ തീയറ്ററുകളിൽ സിനിമ തുടങ്ങും മുൻപ് മലയാളി കേട്ട് പരിചയിച്ച ആ ശബ്ദം നിലച്ചു. തന്റെ ശബ്ദത്തിലൂടെ മാത്രം മലയാളിയുമായി പരിചയത്തിലായ എസ്. ഗോപൻ നായർ അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ന്യൂദൽഹിയിലെ ബത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 79 വയസ്സായിരുന്നു.

39 വർഷത്തോളം ആകാശവാണിയിൽ വാർത്ത വായനക്കാരനായി ജോലി നോക്കിയ ഗോപൻ നായർ താൻ ശബ്ദം കൊടുത്ത പരസ്യ ചിത്രങ്ങളിലൂടെയും മറ്റും ഏറെ പ്രശസ്തനായിരുന്നു. പ്രധാനമായും കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങളുടെ മലയാള പതിപ്പുകൾക്കാണ് ഗോപൻ നായർ ശബ്ദം നൽകിയിരുന്നത്.

ഗോപൻ നായരുടെ ഘനഗംഭീരമായ ശബ്ദത്തിലൂടെയാണ് ഒരു കാലഘട്ടത്തിൽ മലയാളി ശ്രോതാക്കൾ ദൽഹിയിലെ വാർത്തകൾ ശ്രവിച്ചത്. തന്റെ വിരമിക്കലിന് ശേഷവും സ്വതന്ത്രമായി ആകാശവാണിക്കും ദൂരദർശനും വേണ്ടി അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിരുന്നു. കാഷ്വൽ ട്രാൻസ്ലേറ്റർ തസ്തികയിലാണ് ഗോപൻ നായർ ആദ്യമായി ആകാശവാണിയിൽ നിയമിതനാകുന്നത്.

ഗോപൻ നായരുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചിട്ടുണ്ട്. ‘ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താവതാരകനായിരുന്ന ഗോപന്റെ ദില്ലിയില്‍നിന്നുള്ള മലയാളം വാര്‍ത്തകള്‍ ശ്രദ്ധേയമായിരുന്നു’വെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു.