തിരുവനന്തപുരം: തലസ്ഥാനത്ത് തനിക്കെതിരെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐയുടെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോട് കൂടി നടന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് തനിക്ക് എന്ത് സുരക്ഷയാണ് സർക്കാർ ഒരുക്കുന്നതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധം നടത്തിയ എസ്.എഫ്.ഐക്കാർ സംസ്ഥാനത്തെ ക്രിമിനലുകൾ ആണെന്നും തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുകയാണെന്നും ഗവർണർ ആരോപിച്ചു. പ്രതിഷേധക്കാർ തന്റെ കാറിൽ ഇടിച്ചെന്നും പ്രതിഷേധത്തിന് പിന്നിൽ പൊലീസിന്റെ അറിവുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രിയുടെ കാറിന് നേരെ എസ്.എഫ്.ഐ ഇത്തരത്തിൽ പ്രതിഷേധം നടത്തുമോയെന്നും ഗവർണർ ചോദിച്ചു. പിണറായി വിജയന് നൽകുന്ന സംരക്ഷണത്തിൽ ഈ രീതിയിൽ പൊലീസ് അനാസ്ഥ കാണിക്കുമോയെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
ഭയപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ തെരുവിലിറങ്ങിയിട്ടാണങ്കിലും ഇക്കാര്യങ്ങളെ നേരിടുമെന്ന് കാറിൽ നിന്ന് പുറത്തിറങ്ങികൊണ്ട് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിലേക്ക് ഗവർണറുടെ പിൻബലത്തിൽ നടത്തുന്ന സംഘപരിവാറിന്റെ കടന്നുകയറ്റത്തിനെതിരെ ഇനിയും പ്രതിഷേധങ്ങൾ നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.
Content Highlight: S.F.I protests by showing black flag against Governor Arif Mohammad Khan