ന്യൂദല്‍ഹി: ആളുകള്‍ തമ്മില്‍ സര്‍ദാര്‍ജി തമാശകള്‍ കൈമാറുന്നത് എങ്ങിനെ തടയാമെന്നതിന് സുപ്രിംകോടതി നിര്‍ദേശങ്ങള്‍ ആരാഞ്ഞു. സിഖ് സമുദായത്തെ സംബന്ധിച്ച തമാശകള്‍ പ്രചരിപ്പിക്കുന്നത് വിലക്കണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ദല്‍ഹി സിഖ് ഗുരുദ്വാരാ മാനേജിങ്ങ് കമ്മിറ്റിയോടും മറ്റ് ഹര്‍ജിക്കാരോടും സുപ്രിംകോടതി നിര്‍ദേശങ്ങള്‍ ആരാഞ്ഞത്.
ആറാഴ്ചയ്ക്കുള്ളില്‍ കോടതിക്കു മുന്‍പാകെ നിര്‍ദേശം സമര്‍പ്പിക്കണം. സിഖ് സമൂദായത്തെ സംബന്ധിക്കുന്ന സര്‍ദാര്‍ജി ഫലിതങ്ങള്‍ വെബ്‌സൈറ്റുകളിലൂടെയും മറ്റും കൈമാറുന്നത് തടയണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രിം കോടതി 2015 ഒക്ടോബറില്‍ പറഞ്ഞിരുന്നു. സിഖ് സമുദായത്തെ അവഹേളിക്കുന്ന രീതിയിലാണ് “സര്‍ദാര്‍ജി ഫലിതങ്ങള്‍” കൈമാറുന്നതെന്ന്ും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതേ സമയം, സിഖ് സമൂദായം നല്ല “ഹ്യൂമര്‍ സെന്‍സ”ിന് പേരുകേട്ടവരാണെന്നും അവര്‍ തമാശകള്‍ ആസ്വദിക്കുന്നവരാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ടി.എസ് താക്കൂര്‍, വി.ഗോപാല ഗൗഡ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. ഇത് കേവലം ഒരു നേരമ്പോക്കാണ്. ഖുഷ്വന്ത് സിങ്ങിന്റെ തമാശകള്‍ വായിച്ചിട്ടില്ലേ, എന്തിനാണ് സര്‍ദാര്‍ തമാശകള്‍ കൈമാറുന്നത് നിര്‍ത്തലാക്കുന്നത് എന്നും ബഞ്ച് ചോദിച്ചു. എന്നാല്‍, കേസില്‍ നന്നായി തയ്യാറെടുപ്പ് നടത്തുവാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പട്ട കോടതി കേസു പരിഗണിക്കുമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.