| Saturday, 30th December 2023, 3:58 pm

വിരാട് ക്യാപ്റ്റനാകണം, ഒന്നും തെളിയിക്കാത്ത രോഹിത് എന്തിനാണ് അവിടെ? ചോദ്യവുമായി ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. സൗത്ത് ആഫ്രിക്കക്കെതിരായ ഇന്നിങ്‌സ് തോല്‍വിക്ക് പിന്നാലെയാണ് ബദ്രിനാഥ് വിരാട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന് അഭിപ്രായപ്പെട്ടത്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് പുറത്ത് ക്യാപ്റ്റന്‍ എന്ന നിലയിലോ ഓപ്പണര്‍ എന്ന നിലയിലോ രോഹിത് ശര്‍മക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ ബദ്രിനാഥ് രോഹിത് ക്യാപ്റ്റനായി തുടരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദ്രിനാഥ് രംഗത്തെത്തിയത്.

‘ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കോഹ്‌ലിക്ക് മികച്ച ട്രാക്ക് റെക്കോഡാണ് ഉള്ളത്. ക്യാപ്റ്റനായിരിക്കെ തന്നെ 52+ ശരാശരിയില്‍ 5,000ലധികം റണ്‍സ് വിരാട് നേടിയിട്ടുണ്ട്. 68 ടെസ്റ്റില്‍ നിന്നും 40 ജയവും 17 തോല്‍വിയുമാണ് വിരാടിന്റെ പേരിലുള്ളത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ അദ്ദേഹം നമ്മളെ മികച്ച വിജയത്തിലേക്കാണ് നയിച്ചത്. ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗ്രെയം സ്മിത്, റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവരെക്കാള്‍ കൂടുതല്‍ വിജയങ്ങള്‍ വിരാട് കോഹ്‌ലിയുടെ പേരിലുണ്ട്.

എന്തുകൊണ്ടാണ് വിരാട് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനാകാത്തത്? ഈ സാധുവായ ചോദ്യമാണ് എനിക്ക് ഉന്നയിക്കാനുള്ളത്.

അദ്ദേഹം ഒരു മികച്ച ടെസ്റ്റ് ബാറ്ററാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തമ്മില്‍ ഒരു തരത്തിലുള്ള താരതമ്യവുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് വളരെ വലിയ താരമാണ്. എല്ലായിടത്തും അദ്ദേഹം റണ്‍സ് നേടിയിട്ടുണ്ട്. എന്തുകൊണ്ട് അദ്ദേഹം ഇന്ത്യയെ നയിക്കുന്നില്ല? പകരം ദുര്‍ബലനായ താരമാണ് ഇന്ത്യയെ നയിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഒന്നും തെളിയിച്ചിട്ടില്ലാത്ത താരമാണ് രോഹിത്. അദ്ദേഹം ടീമില്‍ വന്നും പോയും ഇരിക്കുകയാണ്. നമുക്കതെല്ലാം പരിഗണനയിലെടുക്കാം.

ഇന്ത്യക്ക് പുറത്ത് രോഹിത് ശര്‍മ ഒരു ഓപ്പണര്‍ എന്ന നിലയില്‍ ഒന്നും തെളിയിച്ചിട്ടില്ല. പിന്നെ എന്തിനാണ് അവന്‍ ടീമില്‍?’ ബദ്രിനാഥ് ചോദിച്ചു.

സേന രാജ്യങ്ങളില്‍ രോഹിത് ശര്‍മക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി പകരുന്ന രീതിയില്‍ തന്നെയാണ് ആദ്യ ടെസ്റ്റില്‍ താരത്തിന്റെ പ്രകടനവും. ആദ്യ മത്സരത്തില്‍ ഒറ്റയക്കത്തിന് പുറത്തായ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് പുറത്തായത്. പ്രോട്ടിയാസ് സൂപ്പര്‍ പേസര്‍ കഗീസോ റബാദക്കാണ് രണ്ട് മത്സരത്തിലും താരം വിക്കറ്റ് നല്‍കിയത്.

ഈ തോല്‍വിയോടെ സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന ഐതിഹാസിക റെക്കോഡ് നേടാനുള്ള അവസരവും രോഹിത്തിന് നഷ്ടപ്പെട്ടു. അടുത്ത മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കാന്‍ മാത്രമാണ് ഇനി രോഹിത്തിന് സാധിക്കുക.

ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് പരമ്പരയിലെ രണ്ടം മത്സരം. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: S Badrinath says Virat Kohli should captain Indian test team

We use cookies to give you the best possible experience. Learn more