ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ഒരു പേര് കൂടി. ഫിഷറീസ് വകുപ്പ് മന്ത്രിയായ എസ്. അംഗാരയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണ അംഗാരയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസിന് ശക്തമായ സ്വാധീനമുള്ള സുള്ളിയ മണ്ഡലത്തില്‍ നിന്നാണ് അംഗാര തുടര്‍ച്ചയായി വിജയിക്കുന്നത്.
ആറ് തവണയായി എം.എല്‍.എയായ അംഗാര കഴിഞ്ഞ തവണയാണ് ആദ്യമായി മന്ത്രിപദത്തിലെത്തുന്നത്. മുഖ്യമന്ത്രിയാകുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയാകും അംഗാര.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദിയൂരപ്പ രാജിവെച്ചത്.
ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് ബി.എസ്. യെദിയൂരപ്പ പറഞ്ഞിരുന്നു. 75 വയസ്സിനു മുകളില്‍ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ.പി. നദ്ദയ്ക്കും നന്ദി പറയുന്നതായും യെദിയൂരപ്പ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: S Angara, 6-time Dalit MLA, is dark horse in race for Karnataka CM