കഴിഞ്ഞ ഏപ്രില്‍ 13നായിരുന്നു ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ് റിലീസ് ചെയ്തത്. കൊവിഡ് മൂലം നീണ്ട ഇടവേളക്ക് ശേഷം വരുന്ന വിജയ് ചിത്രമെന്ന നിലയില്‍ പ്രതീക്ഷ ഏറെയായിരുന്നു ചിത്രത്തിന്.
എന്നാല്‍ വിജയ് ആരാധകരെ പോലും നിരാശപ്പെടുത്തിയ ചിത്രത്തിന് ഏറെ വിമര്‍ശനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്. തിരക്കഥയിലെയും മേക്കിംഗിലേയും പാളിച്ചകളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. ആദ്യ രണ്ട് ചിത്രങ്ങള്‍ വിജയകരമായി സംവിധാനം ചെയ്ത നെല്‍സണ് വലിയ താരത്തെ നായകനായി കിട്ടിയപ്പോള്‍ സമ്മര്‍ദം കൂടിയെന്നും കഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ നെല്‍സണ് നേരിടേണ്ടി വന്ന സമ്മര്‍ദം എന്താണെന്നും അതാരാണ് കൊടുക്കുന്നതെന്നും തനിക്ക് അറിയില്ലെന്നും പറയുകയാണ് സംവിധാകനും വിജയുടെ അച്ഛനുമായ എസ്. എ. ചന്ദ്രശേഖര്‍. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വലിയ പ്രൊഡക്ഷനും വലിയ ഹീറോയും വന്നപ്പോള്‍ സംവിധായകന് കഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതായി എന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
‘ആരാണ് സമ്മര്‍ദം കൊടുക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ആരാധകരുടെ കാര്യമാണെങ്കില്‍ വിജയെ കാണാന്‍ വേണ്ടി മാത്രമാണ് അവര്‍ തിയേറ്ററില്‍ വരുന്നത്. സിനിമ എങ്ങനെയാണെന്നതൊന്നും അവര്‍ നോക്കാറില്ല. അവര്‍ക്ക് രണ്ടര മണിക്കൂര്‍ വിജയ്‌യെ കാണണം. അതിനാണ് സിനിമക്ക് വരുന്നത്.
സംവിധായകനെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് മനസിവുന്നില്ല, അങ്ങനെയൊന്നുമില്ല. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മുമ്പ് എത്രയോ സംവിധായകര്‍ സിനിമ ചെയ്തിട്ടുണ്ട്. അവര്‍ക്കൊന്നും ഇതുപോലെ പ്രഷര്‍ ഇല്ലായിരുന്നല്ലോ,’ ചന്ദ്രശേഖര്‍ പറഞ്ഞു.
Content Highlight: s a Chandrasekhar said he did not know what pressure Nelson was facing while directing beast