| Monday, 21st December 2020, 7:49 pm

യു.എസ് ഉപരോധത്തിന് പുല്ലുവില; എസ്-400 മിസൈലുകള്‍ക്കുള്ള കരാറുമായി റഷ്യയും ഇന്ത്യയും മുന്നോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: അമേരിക്കന്‍ ഉപരോധത്തെ വകവെക്കാതെ ആയുധ വില്‍പ്പനയുമായി മുന്നോട്ടുപോകുകയാണ് റഷ്യയും ഇന്ത്യയും. എസ്-400 എയര്‍ ഡിഫന്‍സ് സിസ്റ്റമടക്കമുള്ള പ്രതിരോധ ആയുധങ്ങള്‍ ഇന്ത്യക്ക് വില്‍ക്കുന്ന കരാര്‍ ‘മികച്ച രീതിയില്‍ തന്നെ മുന്നോട്ടുപോകുകയാണെന്ന്’ റഷ്യന്‍ അംബാസിഡര്‍ നിക്കോളയ് കുദാഷേവ് പറഞ്ഞു.

‘ഇപ്പോഴത്തെ കരാറുകളുടെ നില പരിശോധിക്കുകയാണെങ്കില്‍, എസ്-400 അടക്കം എല്ലാം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. കെ.എ-226 ഹെലികോപ്റ്റര്‍ വാങ്ങുന്നതിന്റെയും എകെ-203 റൈഫിളുകളുടെ നിര്‍മ്മാണത്തിലുമുള്ള നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കിയാല്‍ കാര്യങ്ങളില്‍ ‘നല്ല പുരോഗതി’യുണ്ടാകും. ആത്മനിര്‍ഭറിലും മേക്ക് ഇന്‍ ഇന്ത്യയിലും റഷ്യയുടെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ പങ്കുവെക്കാന്‍ തയ്യാറാണ്,’ കുദാഷേവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റഷ്യയില്‍ നിന്നും എസ്-400 എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങിയതിന് തുര്‍ക്കിക്ക് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യയുമായുള്ള കരാര്‍ തുടര്‍ന്നാല്‍ ഇന്ത്യക്കെതിരെയും സമാനമായ നടപടികളുണ്ടാകുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ മറുപടി.

റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ വാങ്ങിയതിന്റെ പേരില്‍ നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം അമേരിക്ക രംഗത്തെത്തിയിരുന്നു. ഉപരോധത്തിന്റെ ഭാഗമായി തുര്‍ക്കിയുടെ മിലിട്ടറി വകുപ്പിന് നല്‍കിയിരുന്ന എല്ലാ എക്സ്പോര്‍ട്ട് ലൈസന്‍സുകളും സാമ്പത്തിക സഹായവും യു.എസ് നിരോധിച്ചു. തുര്‍ക്കി മിലിട്ടറി വകുപ്പ് തലവനായ ഇസ്മായില്‍ ഡെമിറിന് സഞ്ചാര വിലക്കും ഏര്‍പ്പെടുത്തി.

അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് തുര്‍ക്കി രംഗത്തെത്തിയിരുന്നു. കൃത്യസമയത്ത് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി.

‘പ്രസിഡന്റ് ട്രംപ് തന്നെ പല സന്ദര്‍ഭങ്ങളില്‍ തുര്‍ക്കി എസ്-400 മിസൈല്‍ വാങ്ങിയത് അംഗീകരിച്ചതാണ്. ഇപ്പോഴത്തെ തെറ്റായ തീരുമാനം യു.എസ് പുനരാലോചിക്കണം. അല്ലെങ്കില്‍ കൃത്യസമയത്ത് തക്കതായ രീതിയില്‍ തിരിച്ചടിക്കും’ തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുര്‍ക്കി തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.

എസ്-400 മിസൈലുകളുടെ പേരില്‍ അമേരിക്കയും തുര്‍ക്കിയും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി തര്‍ക്കത്തിലാണ്. നേരത്തെ എഫ്-35 ഫൈറ്റര്‍ സ്റ്റെല്‍ത്ത് ഡെവലപ്പ്മെന്റ് ആന്റ് ട്രെയ്നിംഗ് പ്രോഗ്രാമില്‍ നിന്നും അമേരിക്ക തുര്‍ക്കിയെ ഒഴിവാക്കിയിരുന്നു. അമേരിക്കയുടെ സുരക്ഷയെ ബാധിക്കുന്ന നടപടിയാണ് തുര്‍ക്കിയുടേതെന്നും ഇത് നാറ്റോ കരാറുകളുടെ ലംഘനമാണെന്നുമാണ് അമേരിക്ക അവകാശപ്പെടുന്നത്.

റഷ്യയുടെ പ്രതിരോധ വകുപ്പിനെ സാമ്പത്തികമായി സഹായിക്കുന്നതു കൂടാതെ റഷ്യക്ക് തുര്‍ക്കിയുടെ പ്രതിരോധമേഖലയില്‍ കടന്നുവരാന്‍ കൂടി ഈ മിസൈല്‍ വാങ്ങല്‍ നടപടി വഴിയൊരുക്കുമെന്ന് അമേരിക്ക ആരോപിക്കുന്നു. ഇത് തങ്ങളുടെ സൈനികരംഗത്തിന് വലിയ ഭീഷണിയാണെന്നും അമേരിക്ക പറയുന്നു.

തുര്‍ക്കിക്ക് ഉപരോധമേര്‍പ്പെടുത്തയതിന് തൊട്ടുപിന്നാലെ തന്നെ അമേരിക്കയുടെ നടപടിയെ എതിര്‍ത്ത് റഷ്യയും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവത്തിന്റെ അടുത്ത ഉദാഹരണമാണ് ഈ നടപടി. നിയമവിരുദ്ധവും ഏകപക്ഷീയവും അടിച്ചേല്‍പ്പിക്കുന്നതുമായ നടപടിയാണിതെന്നായിരുന്നു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പ്രതികരിച്ചത്.

ഇപ്പോള്‍ ഇന്ത്യയോടുള്ള അമേരിക്കയുടെ ഉപരോധ ഭീഷണിയോടും സമാനമായ രീതിയില്‍ തന്നെയാണ് റഷ്യയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: S-400 ”advancing well’ despite US threat of sanction: Russian ambassador

We use cookies to give you the best possible experience. Learn more