| Sunday, 14th January 2024, 4:55 pm

ഇവന്‍ മുംബൈയുടെ വജ്രായുധം; ആദ്യ വിക്കറ്റിലെ ഇരട്ട സെഞ്ച്വറിയില്‍ പടുത്തുയര്‍ത്തിയത് ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ 20യിലെ ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തില്‍ എം.ഐ കേപ് ടൗണ്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 98 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കേപ് ടൗണ്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ എം.ഐ ജോബെര്‍ഗിനെ ഞെട്ടിച്ചു.

ഒടുവില്‍ നിശ്ചിത ഓവറില്‍ കേപ് ടൗണ്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് 145 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെയാണ് എം.ഐ സീസണിലെ രണ്ടാം വിജയവും ആഘോഷമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ പല നേട്ടങ്ങളും മുംബൈ താരങ്ങളെ തേടിയെത്തിയിരുന്നു. എസ്.എ20 2024 സീസണിലെ ആദ്യ സെഞ്ച്വറി എന്ന നേട്ടമാണ് റാസി വാന്‍ ഡെര്‍ ഡസനെ തേടിയെത്തിയത്. വെറും 46 പന്തില്‍ സെഞ്ച്വറി പൂര്‍ക്കിയാക്കിയാണ് ഡസന്‍ ചരിത്രമെഴുതിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വേഗമേറിയ സെഞ്ച്വറികളില്‍ ഒന്നുകൂടിയാണ് ഇത്.

ഡസന് മികച്ച കൂട്ടുകെട്ടുമായി സൂപ്പര്‍ താരം റിയാന്‍ റിക്കല്‍ടണും ഒപ്പമുണ്ടായിരുന്നു. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് വെറും രണ്ട് റണ്‍സകലെയാണ് റിക്കല്‍ടണ്‍ പുറത്തായത്. 49 പന്തില്‍ എട്ട് സിക്‌സറും ആറ് ഫോറും അടക്കം 200 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം 98 റണ്‍സ് നേടിയത്.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും ഇവര്‍ സ്വന്തമാക്കിയിരുന്നു. എസ്.എ 20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തത്. ആദ്യ വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടിച്ചേര്‍ക്കുന്നതും ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമാണ്.

സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും സീസണില്‍ മുംബൈയുടെ വജ്രായുധം എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന താരമായി മാറാന്‍ റിക്കല്‍ടണ് സാധിച്ചിരുന്നു. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ പുറത്തെടുത്ത അതേ പോരാട്ടവീര്യം സൂപ്പര്‍ കിങ്‌സിനെതിരെയും പുറത്തെടുത്താണ് റിക്കല്‍ടണ്‍ തന്റെ സ്ഥിരത ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തത്.

കേപ് ടൗണിന്റെ ആദ്യ മത്സരത്തില്‍ ആര്‍.വി.ഡി പതറിയപ്പോള്‍ ടീമിനെ തോളിലേറ്റിയതും സ്‌കോര്‍ ഉയര്‍ത്തിയതും ഈ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. ആറ് ഫോറും ആറ് സിക്‌സറും അടക്കം 87 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും റിക്കല്‍ടണിന്റെ ഇന്നിങ്‌സ് ടീമിന് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ആ പ്രതീക്ഷയാണ് താരം രണ്ടാം മത്സരത്തിലും കാത്തുസൂക്ഷിച്ചത്.

സൂപ്പര്‍ കിങ്‌സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും റിക്കല്‍ടണായി. രണ്ട് മത്സരത്തില്‍ നിന്നും 92.5 ശരാശരിയിലും 185 സ്‌ട്രൈക്ക് റേറ്റിലും 185 റണ്‍സാണ് റിക്കല്‍ടണ്‍ നേടിയത്. രണ്ടാമതുള്ള വാന്‍ ഡെര്‍ ഡസന്‍ രണ്ട് മത്സരത്തില്‍ നിന്നും 128 റണ്‍സാണ് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേപ് ടൗണ്‍. ജനുവരി 16നാണ് കേപ് ടൗണിന്റെ അടുത്ത മത്സരം. ന്യൂലാന്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പാണ് എതിരാളികള്‍.

Content highlight: Ryan Rickelton’s brilliant performance in SA20

We use cookies to give you the best possible experience. Learn more