തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ച് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. സിംബാബ്‌വേയെ തോല്‍പിച്ചാണ് ഇന്ത്യ ആധികാരികമായി സെമിയില്‍ കടന്നത്. 71 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സിംബാബ്‌വേക്ക് റിട്ടേണ്‍ ടിക്കറ്റ് നല്‍കിയത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 186 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
കെ.എല്‍. രാഹുല്‍ 35 പന്തില്‍ നിന്നും മൂന്ന് വീതം ഫോറും സിക്സറുമായി 51 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ നിന്നും പുറത്താകാതെ 61 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ സ്‌കൈയും രാഹുലും അഴിഞ്ഞാടിയപ്പോള്‍ ഒരു നിമിഷത്തേക്ക് അവരുടെ പക്കല്‍ നിന്നും സ്‌പോട്‌ലൈറ്റ് സ്വന്തമാക്കി സിംബാബ്‌വേ താരം റയാന്‍ ബേള്‍ കയ്യടി നേടിയിരുന്നു.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ പുറത്താക്കിയ ക്യാച്ചിലൂടെയാണ് താരം ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ അഭിനന്ദനമേറ്റുവാങ്ങിയത്.
ചില്ലറ ക്യാച്ചായിരുന്നില്ല അത്. സീന്‍ വില്യംസിനെതിരെ ഷോട്ട് കളിച്ച റിഷബ് പന്തിന് പിഴക്കുകയായിരുന്നു. പന്തിന് പിന്നാലെ യാര്‍ഡുകളോടി ആക്രോബാക്ടിക് സ്‌റ്റൈലില്‍ ഡൈവ് ചെയ്താണ് ബേള്‍ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.
അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സ് മാത്രമെടുത്ത് നില്‍ക്കവെയായിരുന്നു പന്തിന്റെ മടക്കം.
അതേസമയം, സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം തീര്‍ത്തും ആധികാരികമായിരുന്നു. 17.2 ഓവറില്‍ എതിരാളികളെ 115 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വേയെ എറിഞ്ഞുവീഴ്ത്തിയത്. ഇവര്‍ക്ക് പുറമെ അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സെമി ഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് വണ്ണിലെ രണ്ടാം സ്ഥാനക്കാരെയാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. നവംബര്‍ പത്തിന് അഡ്‌ലെയ്ഡില്‍ വെച്ചാണ് മത്സരം.
Content highlight: Ryan Burl’s incredible catch to dismiss Rishabh Pant goes viral