ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പിന്നാലെ മോദിക്ക് നന്ദി അറിയിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തത്.
‘പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വിജയികളായ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനമറിയിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. പഞ്ചാബിന്റെ ക്ഷേമത്തിനായി കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,’ എന്നാണ് മോദി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഈ ട്വീറ്റിന് മറുപടിയായി കെജ്‌രിവാള്‍ നന്ദിയറിയിക്കുകയായിരുന്നു.
അതേസമയം, എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് പഞ്ചാബില്‍ എ.എ.പി അധികാരത്തില്‍ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിന്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ.എ. പി ഭൂരിപക്ഷ സീറ്റുകളും നേടി.
ആപ്പിന്റെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് അടിഞ്ഞു. ശിരോമണി അകാലി ദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോണ്‍ഗ്രസിന്റെയും ശിരോമണി അകാലി ദളിന്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.
കോണ്‍ഗ്രസിന്റെയും ശിരോമണി അകാലി ദളിന്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളല്‍ വീഴ്ത്തി.
മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ്ങ് ചന്നിയെ ചംകൗര്‍ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ.എ.പി സ്ഥാനാര്‍ത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സര്‍ ഈസ്റ്റില്‍ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോല്‍പ്പിച്ചത് സമൂഹിക പ്രവര്‍ത്തക ജീവന്‍ ജ്യോത് കൗറാണ്.
ശിരോമണി അകാലി ദള്‍ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീര്‍ സിങ് ബാദലിനും അടിപതറിയത് എ.എ.പിയുടെ സാധാരണക്കാരായ സ്ഥാനാര്‍ത്ഥികളോടാണ്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം മത്സരിച്ച ക്യാപ്റ്റനും സ്വന്തം തട്ടകത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
CONTENT HIGHLIGHTS: Arvind Kejriwal Thanked after Narendra Modi congratulates AAP for its victory in Punjab