ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് സീരീസ് മറ്റാര് മറന്നാലും ഇന്ത്യന്‍ ബൗളര്‍ രവിചന്ദ്രന്‍ അശ്വിന് മറക്കാനാവില്ല. സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് തന്റെ കളി ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയാക്കി മാറ്റിയിരിക്കുകയാണ് അശ്വിനിപ്പോള്‍.
നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഓസീസിന്റെ ആറ് വിക്കറ്റ് പിഴുതെറിഞ്ഞതോടെ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയെന്ന റെക്കോഡാണ് അശ്വിനെ തേടിയെത്തിയത്. ഇന്ത്യന്‍ വെറ്ററന്‍ അനില്‍ കുംബ്ലൈയെ മറികടന്നാണ് അശ്വിന്റെ പ്രയാണമെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ഇതോടെ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ സ്വന്തം തട്ടകത്തില്‍ അഞ്ച് വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും അശ്വിനായി.
ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയിലെ അമരക്കാരന്‍. ലങ്കന്‍ തട്ടകത്തില്‍ 45 തവണയാണ് എതിരാളിയുടെ അഞ്ച് വിക്കറ്റുകള്‍ മുത്തയ്യ വീഴ്ത്തിയിട്ടുള്ളത്.
ഓസീസിനെതിരായ മാച്ചിലൂടെ തന്റെ കരിയറിലെ 32ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിന്‍ കണ്ടെത്തിയത്. ഇതോടെ ലോകക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനം കണ്ടെത്താനും അശ്വിനായി.
റെക്കോഡിലെത്തിയതോടെ അശ്വിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ഇതിഹാസങ്ങളും രംഗത്തെത്തി. എല്ലാ പ്രാവശ്യവും പോലെ ഇത്തവണയും അശ്വിന്‍ തന്റെ ക്ലാസ് കാണിച്ചെന്നും ഈ ടെസ്റ്റ് ഇന്ത്യക്കും താരത്തിനും കളിയിലേക്ക് തിരിച്ചുവരാന്‍ കാരണമാകട്ടെയെന്നുമാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.
മൂന്നാം ടെസ്റ്റിലെ പരാജയത്തോടെ പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷകള്‍ അസ്തമിച്ച ഇന്ത്യന്‍ ടീം കരുതലോടെയാണ് അഹമ്മദാബാദില്‍ കളിക്കിറങ്ങിയത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി പിച്ചില്‍ നിന്ന് റണ്ണൊഴുകാന്‍ തുടങ്ങിയതോടെ ആദ്യ ഇന്നിങ്‌സില്‍ 480 റണ്‍സാണ് ഓസീസ് അടിച്ച് കൂട്ടിയത്. ഇന്ത്യന്‍ നിരയില്‍ അശ്വിന്റെ പ്രകടനമാണ് വലിയ സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസിനെ പിടിച്ചുകെട്ടിയത്.
അതിനിടെ മത്സരത്തില്‍ ഉസ്മാന്‍ ഖവാജയുടെ സെഞ്ച്വറി ബലത്തില്‍ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 480 റണ്‍സ് കണ്ടെത്തിയിരുന്നു. ശേഷം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 36 റണ്‍സെന്ന നിലയിലാണ്. ബാറ്റിങ് പിച്ചായതുകൊണ്ട് തന്നെ ഓസീസ് റണ്‍മല താണ്ടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പ്.
Content Highlight: Rvichandra ashwin create new history in test cricket