റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക്ക് മോഡലുകളായ RV300, RV400 ബൈക്കുകളുടെ സെപ്റ്റംബര്‍, ഒക്ടോബര്‍ യൂണിറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതായി കമ്പനി അറിയിച്ചിരുന്നു.പിന്നാലെ ബുക്കിങ് കമ്പനി താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ബൈക്കുകള്‍ക്കായുള്ള ബുക്കിങ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങാണ് ഇനി സ്വീകരിക്കുക.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് ബൈക്കുകളാണ് RV300, RV400.
90 ശതമാനം ഉപഭോക്താക്കളും RV400 പ്രീമിയം മോഡലാണ് തിരഞ്ഞെടുക്കുന്നതെന്നും റിവോള്‍ട്ട് വ്യക്തമാക്കി. ജൂലായ് 25 മുതലാണ് മോഡലുകളുടെ ബുക്കിങ് റിവോള്‍ട്ട് സ്വീകരിച്ച് തുടങ്ങിയിരുന്നത്. നിലവില്‍ ഡല്‍ഹി, പുനെ എന്നിവിടങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകള്‍ ലഭ്യമാകുന്നത്.ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍ , അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വൈകാതെ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വിപണി ശൃംഖല വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ബുക്ക് ചെയ്ത് രണ്ട് മാസം കാത്തിരിക്കണം ബൈക്ക് കൈയ്യില്‍ കിട്ടാന്‍ .ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റ് മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക.റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. നേക്കഡ് സ്റ്റൈല്‍ സ്പോര്‍ട്സ് ബൈക്കിന്റെ രൂപകല്‍പ്പനയാണ് പുതിയ റിവോള്‍ട്ട് RV400ന് നല്‍കിയിരിക്കുന്നത്.ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള് മോണോഷോക്കുമാണ് സസ്പെന്ഷന് .
17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്.അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് പുതിയ റിവോള്‍ട്ട് ആര്‍വി 400 ഘടിപ്പിച്ചിരിക്കുന്നത്.ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400ന്റെ പരമാവധി വേഗം.ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിത്തിയം-അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്.
വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഫുള്‍ എല്‍ഇഡി ലൈറ്റ്, ഫുള്‍ ഡിജിറ്റല്‍ കണ്‍സോള്‍ , വലിയ ടയറുകള്‍ , സ്പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കും.സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും. കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം.രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്സ്ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് RV 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രൂപത്തില്‍ സമാനമാണെങ്കിലും ഇതിനെക്കാള്‍ അല്പം ചെറിയ മോഡലാണ് RV 300 ഇലക്ട്രിക്ക്.
നിയോണ്‍ ബ്ലാക്ക്, സ്മോക്കി ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് RV300 ലഭ്യമാവുന്നത്. റിബല്‍ റെഡ്, കോസ്മിക്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളാവും RV400 ഉം ലഭ്യമാകും. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുകയാണ് സ്വീകരിക്കുന്നത്.37 മാസ കാലയളവില്‍ മാസം തോറും 3,499 രൂപയ്ക്ക് RV 400 ബേസ് മോഡല്‍ സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയത്തിന്റെ വില. ചെറിയ മോഡലായ RV300ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്.