മെസി മാത്രം പോരാ, പുതിയ താരങ്ങളെ അമേരിക്കന്‍ ഫുട്‌ബോളില്‍ എത്തിക്കണം; ഡച്ച് ഇതിഹാസം
Football
മെസി മാത്രം പോരാ, പുതിയ താരങ്ങളെ അമേരിക്കന്‍ ഫുട്‌ബോളില്‍ എത്തിക്കണം; ഡച്ച് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th December 2023, 12:09 pm

പുതിയ തലമുറയിലെ ഫുട്‌ബോള്‍ ആരാധകരെ പ്രചോദിപ്പിക്കാന്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി മാത്രം എം.എല്‍. എസ്സില്‍ ഉണ്ടായിട്ട് കാര്യമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡച്ച് ഇതിഹാസം റൂഡ് ഗുള്ളിറ്റ്.

ലയണല്‍ മെസിക്ക് പുറമെ പുതിയ താരങ്ങളെ മേജര്‍ ലീഗ് സോക്കറില്‍ എത്തിക്കണം എന്നാണ് ഡച്ച് ഇതിഹാസം പറഞ്ഞത്.

‘എന്നെ സംബന്ധിച്ചിടത്തോളം, അമേരിക്കക്ക് പ്രാദേശികമായുള്ള മികച്ച താരങ്ങളെ ആവശ്യമുണ്ട്. നിങ്ങള്‍ക്കറിയാമോ അമേരിക്കക്ക് പുലിസിച്ച് ഉണ്ട്. എന്നാല്‍ അവന്‍ ചിലപ്പോള്‍ അവസാനത്തെ താരമായിരിക്കും. പ്രാദേശികമായ താരങ്ങളെ കൊണ്ടുവന്ന അമേരിക്കയിലെ ഫുട്‌ബോള്‍ മെച്ചപ്പെടുത്തണം. മെസി മികച്ച താരമാണ്. സ്പാനിഷ് ആരാധകര്‍ക്ക് അവന്‍ വലിയ ഹീറോയാണ്. ഇതുപോലെയാണ് അമേരിക്കക്കാര്‍ക്കും നല്ല കാലിബര്‍ ഉള്ള താരങ്ങളും ഹീറോകളും എം.എല്‍.എസിന് ആവശ്യമാണ്,’ ഗുംബ്ലിങ് സോണിനോട് ഗുള്ളിറ്റ് പറഞ്ഞു.

ഈ സീസണിലാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മയാമിയില്‍ എത്തുന്നത്.

സൂപ്പര്‍താരത്തിന്റെ വരവോടുകൂടി മികച്ച വിജയ കുതിപ്പാണ് ഇന്റര്‍ മയാമി കാഴ്ചവെച്ചത്. മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്‌ബോളിന് വലിയ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചിരുന്നു. മെസിയോടൊപ്പം ബാഴ്‌സയില്‍ കളിച്ചിരുന്ന സഹതാരങ്ങളായ ജോഡി ആല്‍ബയും സെര്‍ജിയോ ബസ്‌ക്വാറ്റ്‌സും മയാമിയിലേക്ക് ചേക്കേറിയിരുന്നു.

തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ മയാമിയില്‍ അവിസ്മരണീയമാക്കാന്‍ അര്‍ജന്റീനന്‍ ഇതിഹാസത്തിന് സാധിച്ചിരുന്നു. 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പും മെസിയുടെ നേതൃത്വത്തില്‍ നേടാന്‍ മയാമിക്ക് സാധിച്ചിരുന്നു.

Content Highlight: Ruud Gullit Apart from Lionel Messi, new players should be brought to Major League Soccer.