വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും തരംഗമായി ഇന്ത്യയുടെ മറാത്ത ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ്. വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്കെതിരെയും സെഞ്ച്വറി തികച്ചതോടെയാണ് ഋതുരാജ് ഒരിക്കല്‍ക്കൂടി ചര്‍ച്ചയില്‍ ഇടം നേടിയത്.
ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലിങ്ങോട്ട് എല്ലാ മത്സരത്തിലും നൂറടിച്ചാണ് ഋതുരാജ് മഹാരാഷ്ട്ര ബാറ്റിങ് നിരയില്‍ കരുത്തായത്.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെയായിരുന്നു മഹാരാഷ്ട്ര നേരിട്ടത്. മത്സരത്തിലെ ഒരു ഓവറില്‍ ഏഴ് സിക്‌സറടിച്ചുകൂട്ടിയ ഗെയ്ക്വാദ് 159 പന്തില്‍ നിന്നും പുറത്താവാതെ 220 റണ്‍സാണ് സ്വന്തമാക്കിയത്. താരത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ 330 റണ്‍സായിരുന്നു മഹാരാഷ്ട്ര സ്വന്തമാക്കിയത്.
സെമി ഫൈനലില്‍ അസമിനെയായിരുന്നു ഗെയ്ക്വാദിനും സംഘത്തിനും നേരിടാനുണ്ടായിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രക്കായി 126 പന്തില്‍ നിന്നും 168 റണ്‍സ് നേടി ഋതുരാജ് ഗെയ്ക്വാദ് ടീമിനെ മുന്നില്‍ നിന്നും നയിച്ചു.
ഗെയ്ക്വാദിന് പുറമെ അങ്കിത് ഭാവ്‌നെയും സെഞ്ച്വറി തികച്ചപ്പോള്‍ മഹാരാഷ്ട്ര ഇന്നിങ്‌സ് 350ലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അസം 338ന് കാലിടറി വീണപ്പോള്‍ 12 റണ്‍സിന്റെ വിജയം നേടി മഹാരാഷ്ട്ര ഫൈനലിലും കടന്നു.