|

ഐ.പി.എല്ലിലെ ആദ്യ മത്സരം കളിക്കുന്നവനാണെന്ന പരിഗണന പോലും കൊടുത്തില്ല; ആദ്യ പന്തില്‍ തന്നെ കണ്ടം കടത്തി ഗെയ്ക്വാദ് ഷോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തുണയാകുന്നത് ഋതുരാജ് ഗെയ്ക്വാദ് എന്ന മഹാരാഷ്ട്രക്കാരനാണ്. അനുഭവസമ്പത്തുള്ള സീനിയര്‍ താരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ കൂടാരം കയറുമ്പോള്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കുന്നത് ഗെയ്ക്വാദാണ്.

നേരിട്ട ആദ്യ പന്തില്‍ തന്നെ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ ബൗണ്ടറയിടിച്ചുകൊണ്ടാണ് ഗെയ്ക്വാദ് തുടങ്ങിയത്. എതിര്‍ ടീം ക്യാപ്റ്റനാണെന്ന ഒരു ബഹുമാനവും കൂടാതെ പാണ്ഡ്യയെ തല്ലിയൊതുക്കിയപ്പോള്‍ 11 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.

തൊട്ടടുത്ത ഓവറിലെ ഷമി ഷോയില്‍ മോയിന്‍ അലിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാാതെ വന്നതോടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു.

എന്നാല്‍ മത്സരത്തില്‍ നാലാം ഓവര്‍ എറിയാനെത്തിയ ജോഷ്വാ ലിറ്റിലിനെ പഞ്ഞിക്കിട്ടായിരുന്നു ഗെയ്ക്വാദ് റണ്‍റേറ്റ് കുറയാതെ നോക്കിയത്.

ഐ.പി.എല്ലിലെ തന്റെ ആദ്യ മത്സരം കളിക്കാനെത്തിയ ലിറ്റിലിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറിടിച്ചുകൊണ്ടായിരുന്നു ഗെയ്ക്വാദ് തുടങ്ങിയത്. രണ്ട് ബൗണ്ടറിയും ആ ഓവറില്‍ പിറന്നതോടെ ഐ.പി.എല്ലിലെ തന്റെ ആദ്യ ഓവറില്‍ ലിറ്റിലിന് വഴങ്ങേണ്ടി വന്നത് 15 റണ്‍സാണ്.

തുടര്‍ന്നുള്ള ഓവറിലും ക്യാപ്റ്റന്‍ പാണ്ഡ്യയെ അടക്കം തച്ചുതകര്‍ത്ത് ഗെയ്ക്വാദ് മുന്നോട്ട് കുതിക്കുകയാണ്. 23 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചാണ് ഗെയ്ക്വാദ് സി.എസ്.കെ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കുന്നത്. സികഗ്‌സറടിച്ചുകൊണ്ടാണ് താരം 50 പൂര്‍ത്തിയാക്കിയതെന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി.

നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ചെന്നൈ 90 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 25 പന്തില്‍ നിന്നും 56 റണ്‍സ് നേടിയ ഗെയ്ക്വാദും ഒരു റണ്‍സ് നേടിയ അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.

ഗുജറാത്തിനായി മുഹമന്മദ് ഷമി ഒന്നും റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Content Highlight: Ruturaj Gaikwad with a smashing performance against Joshua Little