ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് സീസണിലെ രണ്ടാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനാണ് സാധിച്ചത്.
ചെന്നൈ ബാറ്റിങ് നിരയില്‍ 23 പന്തില്‍ 51 റണ്‍സ് നേടി കൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് ശിവം ദുബെ നടത്തിയത്. രണ്ട് ഫോറുകളും അഞ്ച് കുറ്റന്‍ സിക്‌സുകളും ആണ് താരം നേടിയത്.
മത്സരശേഷം ശിവം ദൂബെയുടെ മികച്ച പ്രകടനങ്ങള്‍ക്ക് കാരണക്കാരന്‍ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. മത്സര ശേഷമുള്ള പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നൈ നായകന്‍.
ശിവം ദുബെയുടെ ഈ മികച്ച പ്രകടനങ്ങള്‍ക്ക് കാരണം എം.എസ് ധോണിയാണെന്നാണ് ഗെയ്ഗ്വാദ് പറഞ്ഞത്.
‘ശിവം ദുബെക്കൊപ്പം മഹി ഭായ് ഒരുപാട് സമയം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൂബെക്ക് മികച്ച അവസരങ്ങള്‍ നല്‍കികൊണ്ട് അവനെ ഒരു മികച്ച താരമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അതെല്ലാം നമുക്ക് കളിക്കളത്തില്‍ കാണാന്‍ സാധിക്കും,’ ഗെയ്ക്വാദ് പറഞ്ഞു.
അതേസമയം ശിവത്തിന് പുറമെ നായകന്‍ ഋതുരാജ് ഗെയ്ഗ്വാദ് 36 പന്തില്‍ 46 റണ്‍സും രചിന്‍ രവീന്ദ്ര 20 പന്തില്‍ 46 റണ്‍സും നേടി നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ദീപക് ചഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ടെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Ruturaj Gaikwad talks about Shivam Dube performance