| Friday, 26th May 2023, 4:06 pm

തേരോട്ടത്തില്‍ സച്ചിനും വീണു; വിരാടില്ലാത്ത പട്ടികയില്‍ 'ദൈവ'ത്തെയും മറികടന്ന് ഗെയ്ക്വാദ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇനിയൊരുവര്‍ഷക്കാലം ഐ.പി.എല്ലിന്റെ രാജാക്കന്‍മാരാണെന്ന് അറിയാന്‍ കാത്തിരിക്കേണ്ടത് രണ്ടേ രണ്ട് മത്സരങ്ങളുടെ ഫലത്തിന് മാത്രം. ഫൈനലില്‍ നേരത്തെയെത്തിയ ചെന്നൈ തങ്ങളുടെ എതിരാളികളെയും പ്രതീക്ഷിച്ചിരിപ്പാണ്.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലേക്ക് പ്രവേശിച്ചത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് ധോണിപ്പട ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ഇടനെഞ്ചിലെ അഞ്ചാം നക്ഷത്രം എന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്വപ്‌നങ്ങള്‍ക്ക് തുണയാകുന്നത് ഋതുരാജ് ഗെയ്ക്വാദ് എന്ന യുവതാരമാണ്. ക്വാളിഫയറില്‍ നേടിയ അര്‍ധ സെഞ്ച്വറിയായിരുന്നു ഹര്‍ദിക്കിനെയും സംഘത്തെയും തോല്‍പിക്കാന്‍ മഞ്ഞപ്പടയ്ക്ക് തുണയായത്.

സീസണില്‍ ഇതുവരെ 15 മത്സരത്തില്‍ നിന്നും 14 ഇന്നിങ്‌സ് കളിച്ച ഗെയ്ക്വാദ് 43.38 എന്ന ആവറേജില്‍ 564 റണ്‍സാണ് നേടിയത്. 146.87 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സൂപ്പര്‍ കിങ്‌സ് ഓപ്പണറെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലിലെ ആദ്യ 50 ഇന്നിങ്‌സില്‍ നിന്നും ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയടക്കം മറികടന്നുകൊണ്ടാണ് ഗെയ്ക്വാദ് ഈ സുവര്‍ണ നേട്ടം തന്റെ പേരിലാക്കിയത്.

2020 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ ഗെയ്ക്വാദ് തന്റെ ആദ്യ 50 ഇന്നിങ്‌സില്‍ നിന്നുമായി 1,771 റണ്‍സാണ് സ്വന്തമാക്കിയത്. 39.36 എന്ന ശരാശരിയിലും 135.19 എന്ന പ്രഹരശേഷിയിലുമാണ് താരം റണ്‍സ് സ്വന്തമാക്കിയത്. സൂപ്പര്‍ കിങ്‌സ് കിരീടം നേടിയ 2021ല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും ഗെയ്ക്വാദ് തന്നെയായിരുന്നു.

ഐ.പി.എല്ലിലെ ആദ്യ 50 ഇന്നിങ്‌സിന് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – റണ്‍സ് എന്ന ക്രമത്തില്‍)

ഋതുരാജ് ഗെയ്ക്വാദ് – 1,771

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1,683

കെ.എല്‍. രാഹുല്‍ – 1,601

റിഷബ് പന്ത് – 1,591

സുരേഷ് റെയ്‌ന – 1,494

എം.എസ്. ധോണി – 1,403

ഗൗതം ഗംഭീര്‍ – 1.402

രോഹിത് ശര്‍മ – 1,391

Content Highlight: Ruturaj Gaikwad surpasses Sachin Tendulkar and achieves big record

We use cookies to give you the best possible experience. Learn more