കഴിഞ്ഞ ദിവസം ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ടി-20യില്‍ ഓസീസ് വിജയിച്ചിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ മഞ്ഞക്കുപ്പായക്കാര്‍ മറികടക്കുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ഓസീസ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സെഞ്ച്വറി കരുത്തില് കങ്കാരുക്കള്‍ വിജയിച്ചുകയറുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഗെയ്ക്വാദിന്റെ സെഞ്ച്വറി നേട്ടം ഏറെ പ്രശംസ നേടിയിരുന്നു. നിര്‍ണായ ഘട്ടത്തില്‍ ഇന്നിങ്‌സിന് വേഗം നല്‍കിയാണ് താരം ഇന്ത്യന്‍ ടോട്ടലിനെ പിടിച്ചുകയറ്റിയത്. ഒരുവേള 21 പന്തില്‍ 21 റണ്‍സ് എന്ന നിലയിലായിരുന്നു താരം ബാറ്റിങ് തുടര്‍ന്നത്. എന്നാല്‍ 32ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗെയ്ക്വാദ് 53ാം പന്തില്‍ സെഞ്ച്വറിയും നേടി.
ടി-20 ഫോര്‍മാറ്റില്‍ ഒരു ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ സെഞ്ച്വറി നേട്ടമാണിത്.
ഇതിന് പുറമെ മറ്റൊരു നേട്ടവും ഗെയ്ക്വാദിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ടീം പരാജയപ്പെട്ട മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം എന്ന നിര്‍ഭാഗ്യ റെക്കോഡാണ് ഗെയ്ക്വാദിനെ തേടിയെത്തിയത്.
2022ല്‍ ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ നേടിയ 117 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ് നേട്ടം.
ടി-20യില്‍ പരാജയപ്പെട്ട മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടി ഇന്ത്യന്‍ താരം
(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)
ഋതുരാജ് ഗെയ്ക്വാദ് – 123* – ഓസ്‌ട്രേലിയ – 2023 – ഗുവാഹത്തി
സൂര്യകുമാര്‍ യാദവ് – 117 – ഇംഗ്ലണ്ട് – 2022 – ട്രെന്റ് ബ്രിഡ്ജ്
കെ.എല്‍. രാഹുല്‍ – 110* – വെസ്റ്റ് ഇന്‍ഡീസ് – ഫ്‌ളോറിഡ – 2016
രോഹിത് ശര്‍മ – 106 – സൗത്ത് ആഫ്രിക്ക – 2015
പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ഋതുരാജ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ യശസ്വി ജെയ്‌സ്വാളിന്റെ പിഴവില്‍ ഡയമണ്ട് ഡക്കായി പുറത്താകേണ്ടി വന്നെങ്കിലും രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഗെയ്ക്വാദ് തിരിച്ചടിച്ചത്.
മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായ ഗെയ്ക്വാദ് വരും മത്സരത്തിലും ഇതേ ഫോം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Ruturaj Gaikwad’s unfortunate record in T20