| Friday, 31st March 2023, 9:09 pm

ഇതൊക്കെ ഇത്രക്ക് സിംപിളാണോ... 2023ലെ 'ഫസ്റ്റ്' നേട്ടങ്ങളെല്ലാം ഇവന്റെ വക; ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരാടേയ്, ആ ബഹുമാനം കൊട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം. 13 ഓവര്‍ പിന്നിടുമ്പോള്‍ 121 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ചെന്നെ.

ഓപ്പണറായ ഋതുരാജ് ഗെയ്ക്വാദിന്റെ വണ്‍ മാന്‍ ഷോയാണ് മത്സരത്തിന്റെ ഫസ്റ്റ് ഹാഫില്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം കണ്ടത്. മുമ്പില്‍ കിട്ടിയ ബൗളര്‍മാരെയെല്ലാം തച്ചുതകര്‍ത്താണ് ഗെയ്ക്വാദ് മുന്നേറുന്നത്.

37 പന്തില്‍ നിന്നും നാല് ബൗണ്ടറിയും എട്ട് സിക്‌സറുമടക്കം പുറത്താകാതെ 76 റണ്‍സാണ് താരം നേടിയത്.

ഐ.പി.എല്‍ 2023ലെ ആദ്യ ബൗണ്ടറി, ആദ്യ സിക്‌സര്‍, ആദ്യ ഫിഫ്റ്റി തുടങ്ങിയ നേട്ടങ്ങളെല്ലാം തന്റെ പേരിലാക്കിയ ഗെയ്ക്വാദ് ഐ.പി.എല്‍ 2023ലെ ആദ്യ സെഞ്ച്വറി എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്.

അതേസമയം, ഐ.പി.എല്‍ 2023ലെ ആദ്യ വിക്കറ്റ് എന്ന നേട്ടം ടൈറ്റന്‍സ് സൂപ്പര്‍ താരം മുഹമ്മദ് ഷമി സ്വന്തമാക്കി. ഐ.പി.എല്ലിലെ താരത്തിന്റെ നൂറാം വിക്കറ്റ് നേട്ടമാണിത്.

മത്സരത്തിന്റെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണറായ ഡെവോണ്‍ കോണ്‍വേയെ ഒറ്റ റണ്‍സിന് നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ മോയിന്‍ അലിയെ കൂട്ടുപിടിച്ച് ഗെയ്ക്വാദ് സ്‌കോര്‍ ഉയര്‍ത്തി. 17 പന്തില്‍ നിന്നും 23 റണ്‍സുമായി അലി പുറത്തായെങ്കിലും ഗെയ്ക്വാദ് തന്റെ വെടിക്കെട്ടിന് കുറവ് വരുത്തിയില്ല.

സഹതാരത്തെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ കാഴ്ചക്കാരനാക്കി നിര്‍ത്തി ഗെയ്ക്വാദ് റണ്‍ റേറ്റ് കുറയാതെ നോക്കി. ഇതോടെ ‘സ്പാര്‍ക്കിന്റെ’ പേരില്‍ തന്നെ കളിയാക്കിയ വിമര്‍ശകരുടെ വായടപ്പിക്കാനും ഗെയ്ക്വാദിനായി.

2021ലെ ഓറഞ്ച് ക്യാപ്പ് തന്നെയാണ് താന്‍ ഈ വര്‍ഷവും ലക്ഷ്യം വെക്കുന്നതെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ബാറ്റിങ്ങാണ് താരം പുറത്തെടുക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്സ് ഇലവന്‍:

ഋതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വേ, ബെന്‍ സ്റ്റോക്സ്, അംബാട്ടി റായിഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മിച്ചല്‍ സാന്റ്നര്‍, രാജ്വര്‍ധന്‍ ഹാംഗാര്‍ക്കര്‍

ഗുജറാത്ത് ടൈറ്റന്‍സ് ഇലവന്‍:

ശുഭ്മന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസലണ്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യാഷ് ദയാല്‍, അല്‍സാരി ജോസഫ്.

Content Highlight: Ruturaj Gaikwad’s incredible performance in GT vs CSK match

We use cookies to give you the best possible experience. Learn more