ഐ.പി.എല്ലിന് ശേഷം മഹാരാഷ്ട്ര പ്രീമിയര്‍ ലീഗിലും കൊടുങ്കാറ്റായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദ്. പൂണേരി ബപ്പാ – കോലാപ്പൂര്‍ ടസ്‌കേഴ്‌സ് മത്സരത്തിലാണ് ഗെയ്ക്വാദ് വീണ്ടും തന്റെ ക്ലാസ് തെളിയിച്ചത്. എം.പി.എല്‍ 2023 സീസണിലെ ആദ്യ മത്സരമാണിത്.
മത്സരത്തില്‍ ടോസ് നേടിയ പൂണേരി ബപ്പാ ടസ്‌കേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ അങ്കിത് ഭാവ്‌നെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തിലാണ് ടസ്‌കേഴ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്.
ഭാവ്‌നെ 57 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 72 റണ്‍സാണ് നേടിയത്. അങ്കിത്തിന് പുറമെ ഓപ്പണര്‍ കേദാര്‍ ജാദവും വണ്‍ ഡൗണ്‍ ബാറ്റര്‍ നൗഷാദ് ഷെയ്ഖും മാത്രമാണ് ഇരട്ടയക്കം കണ്ടത്.
ജാദവ് 22 പന്തില്‍ നിന്നും 25 റണ്‍സ് നേടിയപ്പോള്‍ ഷെയ്ഖ് 24 പന്തില്‍ നിന്നും 20 റണ്‍സും നേടി പുറത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന മോശമല്ലാത്ത സ്‌കോര്‍ ടസ്‌കേഴ്‌സ് പടുത്തുയര്‍ത്തി.
പൂണേരിക്കായി സച്ചിന്‍ ഭോസ്‌ലെ, പീയൂഷ് സാല്‍വി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തയപ്പോള്‍ രോഹന്‍ ധാമ്‌ലെ ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂണേരിക്കായി ആക്രമിച്ച് കളിക്കാന്‍ തന്നെയായിരുന്നു ഓപ്പണര്‍മാര്‍ രണ്ട് പേരുടെയും തീരുമാനം. ഋതുരാജ് ഗെയ്ക്വാദിന് പുറമെ പവന്‍ ഷായും കളമറിഞ്ഞ് കളിച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി നേടി.
പവന്‍ ഷാ 24 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും കരുത്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ ഋതുരാജ് 27 പന്തില്‍ നിന്നും അഞ്ച് വീതം സിക്‌സറിന്റെയും ബൗണ്ടറിയുടെയും അകമ്പടിയോടെ 64 റണ്‍സ് നേടി.
ടീം സ്‌കോര്‍ 110ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി ഗെയ്ക്വാദ് മടങ്ങിയിരുന്നു. ശ്രേയാഷ് ചവാന്‍ എറിഞ്ഞ പത്താം ഓവറിലെ അവസാന പന്തില്‍ അങ്കിത് ഭാവ്‌നെക്ക് ക്യാച്ച് നല്‍കി താരം മടങ്ങിയത്.
ഒടുവില്‍ 35 പന്ത് ബാക്കി നില്‍ക്കവെ പൂണേരി വിജയം പിടിച്ചടക്കുകയായിരുന്നു.
ജൂണ്‍ 18നാണ് പൂണേരി ബപ്പായുടെ അടുത്ത മത്സരം. ഛത്രപതി സംബാജി കിങ്‌സാണ് എതിരാളികള്‍.
Content Highlight: Ruturaj Gaikwad’s brilliant knock in Maharashtra Premier League